രാജസ്ഥാൻ റാഞ്ചിയ മലയാളി താരം അബ്ദുൽ ബാസിത്ത്; അനായാസം സിക്സടിക്കുന്ന താരം

ഐപിഎൽ മിനി ലേലത്തിൽ ഏവരെയും അതിശയിപ്പിച്ച ഒരു പേരാണ് അബ്ദുൽ ബാസിത്ത്. കേരള താരമായ 24കാരനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപ മുടക്കി രാജസ്ഥാൻ റോയൽസാണ് ടീമിലെടുത്തത്. ആഭ്യന്തര ക്രിക്കറ്റിൽ ഫിനിഷർ റോളിൽ കളിക്കുന്ന ബാസിത്ത് ഒരു ഓൾറൗണ്ടറാണ്. മികച്ച ഫീൽഡർ കൂടിയാണ് അബ്ദുൽ ബാസിത്ത്.
ആന്ദ്രേ റസൽ സ്വഭാവത്തിലുള്ള താരമാണ് അബ്ദുൽ ബാസിത്തെന്നാണ് കേരളത്തിൻ്റെ മുൻ താരവും ബാസിത്തിൻ്റെ മെൻ്ററുമായ റെയ്ഫി വിൻസൻ്റ് ഗോമസ് പറയുന്നത്. വയനാട് വച്ച് കഴിഞ്ഞ വർഷമാണ് ബാസിത്തിനെ കാണുന്നത്. അപ്പോൾ തന്നെ ബാറ്റിംഗ് ശ്രദ്ധിച്ചു. സ്റ്റാൻസിലെ ചില പ്രശ്നങ്ങളും ചില ടെക്നിക്കൽ പ്രശ്നങ്ങളും പറഞ്ഞ് മനസിലാക്കി. എല്ലാ മത്സരത്തിനു മുൻപും ബാസിത്ത് വിളിക്കാറുണ്ട്. നല്ല പ്രതീക്ഷയുള്ള താരമാണ് ബാസിത്ത് എന്നും റെയ്ഫി ട്വൻ്റിഫോർ വെബിനോട് പ്രതികരിച്ചു.
എറണാകുളം സ്വദേശിയായ അബ്ദുൽ ബാസിത്ത് കെഎസ്ആർടിസി ഡ്രൈവറുടെ മകനാണ്. ലേലം നടക്കുന്ന അന്ന് ബാസിത്ത് സമ്മർദ്ദം കാരണം പുറത്തേക്ക് പോയി. തിരികെവന്നപ്പോൾ വീട്ടുകാർ കേക്കുമായി ബാസിത്തിനെ കാത്തിരിക്കുകയായിരുന്നു.
തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിലാണ് കളി പഠിച്ചത് എന്ന് അബ്ദുൽ ബാസിത്ത് 24നോട് പ്രതികരിച്ചു. പിന്നീട് കെസിഎയുടെ തേവര ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ ലഭിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിലാണ് കളിശൈലി ഇങ്ങനെ ആക്കിയത്. കെസിഎ സംഘടിപ്പിച്ച പ്രസിഡൻ്റ്സ് കപ്പ് ടി-20യിൽ കെസിഎ ടൈഗേഴ്സിനായി നടത്തിയ പ്രകടനങ്ങൾ തലവര മാറ്റി. ആദ്യ സീസണിൽ ടൂർണമെൻ്റിലെ താരമായിരുന്നു. മുൻ താരങ്ങളായ വിഎ ജഗദീഷനെയും റെയ്ഫി വിൻസൻ്റ് ഗോമസിനെയും ബന്ധപ്പെട്ട് പ്രത്യേക പരിശീലനം നടത്തി. രാജസ്ഥാൻ റോയൽസിലെ രാജ്യാന്തര താരങ്ങളുമായി കളിക്കാൻ പറ്റുക എന്നത് വലിയ കാര്യമാണ്. സഞ്ജുവുമായി സംസാരിക്കുമ്പോൾ തന്നെ ഒരുപാട് കാര്യങ്ങൾ മനസിലാക്കാം എന്നും ബാസിത്ത് പ്രതികരിച്ചു.
ഈ വർഷത്തെ സയ്യിദ് മുഷ്താഖ് അലി, വിജയ് ഹസാരെ ടൂർണമെൻ്റുകളിലാണ് ബാസിത്ത് ആഭ്യന്തര കരിയർ ആരംഭിക്കുന്നത്. 7 ലിസ്റ്റ് എ മത്സരങ്ങളുടെയും 8 ടി-20കളുടെയും അനുഭവസമ്പത്ത് മാത്രമാണ് താരത്തിനുള്ളത്. ലിസ്റ്റ് എയിൽ 97 സ്ട്രൈക്ക് റേറ്റും 21 ശരാശരിയും സഹിതം 64 റൺസുള്ള താരത്തിന് ടി-20യിൽ 149 സ്ട്രൈക്ക് റേറ്റും 36 ശരാശരിയും സഹിതം 109 റൺസും ഉണ്ട്. ടി-20യിൽ ഒരു വിക്കറ്റും ബാസിത്ത് സ്വന്തമാക്കി. ലോവർ ഓർഡറിൽ ബാറ്റ് ചെയ്യുന്ന ബാസിത്ത് അനായാസം സിക്സർ നേടാൻ കഴിവുള്ള താരമാണ്.
Story Highlights: abdul bazith ipl auction kerala