ബഫർ സോണിൽ എരുമേലി എഞ്ചൽവാലിയിലുണ്ടായ സംഘർഷം; പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ 98 പേർക്കെതിരെ കേസ്

ബഫർ സോൺ വിഷയത്തിൽ എരുമേലി ഏഞ്ചൽവാലിയിലുണ്ടായ സംഘർഷത്തിൽ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ 98 പേർക്കെതിരെ കേസ്.
പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ സണ്ണി, മാത്യു ജോസ്ഥ് എന്നിവർ ഒന്നും രണ്ടും പ്രതികളാണ്. പാമ്പാ ഫോറസ്റ്റ് റേഞ്ച് ഓഫീസിൻ്റ വകയായുള്ള ബോർഡ് തകർത്തിട്ടുണ്ട്. ഫോറസ്റ്റ് ഓഫീസിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. അന്യായമായ സംഘം ചേരൽ, കലാപം സൃഷ്ടിക്കാൻ ശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് 98 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ( buffer zone issue Case against 98 people ).
എരുമേലിയിലെ ഏയ്ഞ്ചൽ വാലി വനംവകുപ്പ് ഓഫീസ് പടിക്കലാണ് നാട്ടുകാർ സംഘടിച്ചത്. ജനവാസ മേഖലകൾ ബഫർ സോണിൽ ഉൾപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണമായത്. ബഫർ സോൺ വിഷയത്തിൽ ജനരോഷം തണുപ്പിക്കാൻ സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ ഭൂപടമാണ് പ്രതിഷേധത്തിനു കാരണമായത്. എരുമേലിക്ക് സമീപം പമ്പാവാലി, എയ്ഞ്ചൽ വാലി എന്നിവിടങ്ങളിലെ ജനവാസ മേഖലയും മാപ്പിൽ വനഭൂമിയായതോടെയാണ് ആയിരക്കണക്കിന് ജനങ്ങൾ പ്രദേശത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചത്.
പുതിയ ഭൂപടത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ വനഭൂമിയാണ്. ഈ പ്രദേശത്ത് അയ്യായിരത്തിലധികം പേരാണ് താമസിക്കുന്നത്. വനംവകുപ്പിന്റെ ബോർഡുകൾ പിഴുതെറിഞ്ഞ് പ്രതിഷേധിച്ച നാട്ടുകാർ വനം റെയ്ഞ്ച് ഓഫീസിന് മുന്നിൽ ഇളക്കിയ ബോർഡുമായി എത്തിയാണ് പ്രതിഷേധിച്ചത്.
വനത്തോട് ചേർന്ന് ബഫർ സോൺ രേഖപ്പെടുത്തിയതിന്റെ ആശങ്ക ജനങ്ങൾക്കുളളതിനാലാണ് സർക്കാർ ഭൂപടം പുറത്തുവിട്ടത്. എന്നാൽ എയ്ഞ്ചൽ വാലിയിലെ ജനവാസ മേഖല ബഫർ സോൺ എന്നല്ല വനഭൂമി തന്നെയാണെന്നാണ് മാപ്പിലുളളത്. എന്നാലിത് രേഖപ്പെടുത്തിയതിലെ പിഴവ് മാത്രമാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പ്രദേശവാസികൾ ഇക്കാര്യത്തിൽ മന്ത്രിയെ നേരിൽ കണ്ട് പരാതിപ്പെട്ടിട്ടുണ്ട്.
Story Highlights: buffer zone issue Case against 98 people
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here