ബഫർ സോൺ ആശങ്ക അകലാതെ മലോയര മേഖല; മലപ്പുറം ജില്ലയിൽ 6 പഞ്ചായത്തുകളിലെ പ്രദേശങ്ങൾ ബഫർ സോണിൽ ഉൾപ്പെടുമെന്ന് സൂചന

ബഫർ സോൺ ആശങ്ക അകലാതെ മലോയര മേഖല. വനം വകുപ്പ് പുറത്ത് വിട്ട പുതിയ ഭൂപട പ്രകാരം മലപ്പുറം ജില്ലയിൽ ആറ് പഞ്ചായത്തുകളിലെ പ്രദേശങ്ങൾ ബഫർ സോണിൽ ഉൾപ്പെടുമെന്നാണ് സൂചന. ജനങ്ങളുടെ ആശങ്ക അകറ്റാൻ സർക്കാർ കർഷകരുമായി ചർച്ച നടത്തണമെന്നാണ് കർഷക സംഘടനകളുടെയും, പ്രതിപക്ഷത്തിൻ്റെയും ആവശ്യം. ( Concerns about buffer zone kerala ).
വനം വകുപ്പ് പുറത്ത് വിട്ട ഭൂപടപ്രകാരം ചോക്കാട്, കരുവാരകുണ്ട്, കരുളായി, വഴിക്കടവ്, അമരമ്പലം, കാളികാവ് പഞ്ചായത്തുകളിലെ പ്രദേശങ്ങളാണ് പരിസ്ഥിതി ലോല മേഖലയിൽ വരുന്നത്. ഇതിൽ കരുളായി ,അമരമ്പലം, വഴിക്കടവ് പഞ്ചായത്തുകൾക്കു കീഴിൽ വരുന്ന പ്രദേശങ്ങൾ പൂർണമായി വനമേഖലയാണെന്നാണ് ഭൂപടം സൂചിപ്പിക്കുന്നത്. മറ്റ് മൂന്ന് പഞ്ചായത്തുകൾ ലോല മേഖലയിൽ ഉൾപ്പെടുമെന്നാണ് നിഗമനം. ഇക്കാര്യത്തിൽ വ്യക്ത വരണമെങ്കിൽ സർവേ നമ്പറുകൾ പ്രസിദ്ധപ്പെടുത്തണം. ഒരാഴ്ച്ചയ്ക്കകം ഇതു പ്രസിദ്ധീകരിക്കുമെന്നാണ് സൂചന.
Read Also: ബഫർ സോൺ വിഷയത്തിൽ എരുമേലിയിൽ പ്രതിഷേധം; വനം ഓഫിസിന്റെ ബോർഡ് നാട്ടുകാർ പിഴുതു മാറ്റി
നേരത്തെ പ്രസിദ്ധീകരിച്ച പരിസ്ഥിതി ലോല മേഖലയുടെ ആകാശ ഭൂപടം വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിൽ 98 സർവേ നമ്പറുകൾ ഉൾപ്പെട്ടിരുന്നു. ഇതു പ്രകാരം ഏകദേശം 400 മുതൽ 500 വീടുകൾ നഷ്ടപ്പെടുമെന്നാണ് കണ്ടെത്തിയ കണക്ക്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റി സർക്കാർ കർഷകരുമായി ചർച്ച നടത്തണമെന്നും, കൂടുതൽ വിദഗ്ധ പഠനം നടത്തണമെന്നാണ് കർഷകരും പ്രതിപക്ഷ സംഘടനകളും ആവശ്യപ്പെടുന്നത്.
Story Highlights: Concerns about buffer zone kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here