സാഹിബ് പറഞ്ഞ കഥ | രാഷ്ട്രീയ കൗതുകം – 06

”നമ്പി ആരെന്ന് ചോദിച്ചു;
നമ്പിയാരെന്ന് ചൊല്ലിനേൻ…
നമ്പി കേട്ടഥ: കോപിച്ചു;
തമ്പുരാനേ പൊറുക്കണം…”
കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞതാണിത്. ജയരാജന്മാരുടെ ദ്വന്ദയുദ്ധത്തിൽ ലീഗിൽ അഭിപ്രായ ഭിന്നതയുണ്ടോ എന്ന ചോദ്യത്തിനാണ്, അന്യാപദേശരീതിയിൽ കുഞ്ചൻ നമ്പ്യാരെ ഉദ്ധരിച്ച് സാഹിബ് മറുപടി കാച്ചിയത്.
ഇ.പി.ജയരാജന് എതിരെ ഉയർന്ന ആക്ഷേപങ്ങൾ സി.പി.ഐ.എമ്മിന്റെ ആഭ്യന്തര വിഷയമാണെന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ആദ്യ പ്രതികരണം വിവാദമായിരുന്നു. അതോടെ അദ്ദേഹം നമ്പ്യാരെ കൂട്ടുപിടിച്ച് മലക്കം മറിഞ്ഞു. കുഞ്ഞാലിക്കുട്ടി ഉദ്ദേശിച്ച കഥ ഏതാണ്ട് ഇങ്ങനെയാണ്:
Read Also: വേദിക് റിസോർട്ട് 2.0 | രാഷ്ട്രീയ കൗതുകം-05
കുഞ്ചൻ നമ്പ്യാർ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ആശ്രിതനായി കഴിയുന്ന കാലം. ഒരു ദിവസം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നമ്പ്യാർ ദർശനത്തിനായി ചെന്നു. ക്ഷേത്രത്തിലെ നമ്പി അഥവാ പൂജാരി, കുഞ്ചൻ നമ്പ്യാരെക്കണ്ട് അദ്ദേഹം ആരാണെന്ന് ചോദിച്ചു. അത്ര പോപ്പുലറായ തന്നെ കണ്ടിട്ട് മനസ്സിലാകാത്ത നമ്പിയോട് നമ്പ്യാർ കൗണ്ടറടിച്ചു:
“നമ്പിയാര്”
നമ്പ്യാർ എന്നാണ് വ്യാച്യാർത്ഥമെങ്കിലും, തന്നോട് പേര് ചോദിക്കാൻ “നമ്പി ആര്?” എന്ന വ്യംഗ്യാർത്ഥവും അതിൽ ഉൾച്ചേർന്നിരുന്നു. നമ്പി മനസ്സിലാക്കിയതും വ്യംഗാർത്ഥം. അദ്ദേഹം കുഞ്ചൻ നമ്പ്യാർക്കെതിരെ മഹാരാജാവിനോട് പരാതി പറഞ്ഞു. മഹാരാജാവ് നമ്പ്യാരെ വിളിച്ച് കാര്യം അന്വേഷിച്ചു. നമ്പ്യാർ കാവ്യാത്മകമായി ദാ ഇങ്ങനെ മറുപടി നൽകി:
”നമ്പി ആരെന്ന് ചോദിച്ചു;
നമ്പിയാരെന്ന് ചൊല്ലിനേൻ…
നമ്പി കേട്ടഥ: കോപിച്ചു;
തമ്പുരാനേ പൊറുക്കണം…”
നമ്പി എന്നോട് ഞാൻ ആരാണെന്ന് ചോദിച്ചു. ഞാൻ നമ്പ്യാരാണ് എന്ന് മറുപടിയും നൽകി. പക്ഷേ, “നമ്പി ആര്” എന്ന് തെറ്റായി കേട്ട നമ്പിക്ക് കോപം വന്നിരിക്കാം. മന:പൂർവ്വമല്ലാത്ത തെറ്റിന് തമ്പുരാൻ എന്നോട് ക്ഷമിക്കണം.
നമ്പ്യാർ നമ്പിയെ ഒന്ന് ട്രോളിയതാണെന്ന് മനസ്സിലായ മഹാരാജാവ് ആ തമാശ ആസ്വദിച്ചെന്നാണ് കഥ.
എന്നാൽ സാഹിബ് ഉദ്ദേശിച്ചത് വേറെ ലെവലിലാണെന്ന് ചില കുബുദ്ധികൾ പറഞ്ഞു പരത്തുന്നുണ്ട്.
“നമ്പി ആരെന്ന് ചോദിച്ചു;”
എന്നുവെച്ചാൽ, വൈദേകം റിസോർട്ടിൽ വിശ്വാസം അർപ്പിച്ചത് ആര് എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചു.
(നമ്പുക = വിശ്വസിക്കുക.)
“നമ്പിയാരെന്ന് ചൊല്ലിനേൻ…”
അപ്പോൾ, പാവം സാഹിബ്, നിങ്ങൾ ചോദിച്ച ആള് ഒരു ‘നമ്പ്യാർ’ സമുദായാംഗമാണെന്ന് പറയാതെ പറഞ്ഞു. (ബി.എം. കൃഷ്ണൻ നമ്പ്യാരുടെ മകനാണ് ഇ.പി.ജയരാജൻ)
“നമ്പി കേട്ടഥ: കോപിച്ചു;”
മുൻപ് എന്നെ നമ്പി നിന്നിരുന്ന പിള്ളേർക്ക് കഥയറിയാതെ കോപം വന്നു.
“തമ്പുരാനേ ക്ഷമിക്കണേ…”
ആയതിനാൽ തങ്ങൾ ഇതങ്ങ് ക്ഷമിക്കണം.
നമ്പ്യാർ പറഞ്ഞ ശ്ലോകത്തിന് രണ്ട് അർത്ഥമാണെങ്കിൽ, അത് കുഞ്ഞാലിക്കുട്ടി ഏതു പറഞ്ഞപ്പോൾ അർത്ഥം നാലായി.
പക്ഷേ, കുഞ്ഞാലിക്കുട്ടി സാഹിബിനെ നമുക്കറിയാം. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്റെ രീതിയാണ്, തന്റെ മറുപടി വിവാദമാക്കിയത് എന്നുതന്നെയാണ് അദ്ദേഹം ‘നമ്പിക്കഥ’യിലൂടെ ഉദ്ദേശിച്ചത്.
വാൽക്കഷ്ണം: ശീലാവതീചരിതത്തിൽ കുഞ്ചൻ നമ്പ്യാർ ഇങ്ങനെ ദീർഘവീക്ഷണം നടത്തിയിട്ടുണ്ട്. “അമരക്കാരന് തലതെറ്റുമ്പോൾ-
അണിയക്കാരുടെ തണ്ടുകൾ തെറ്റും…”
Story Highlights: pk kunhalikutty controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here