സ്കൂൾ കലോത്സവത്തിന് മൂന്നുനാൾ; പൂവണിയാൻ അതിരാണിപ്പാടം

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിയാൻ ഇനി മൂന്നുനാൾ. ജനുവരി മൂന്നിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനംചെയ്യും. 11.30നാണ് മുഖ്യവേദിയായ അതിരാണിപ്പാടത്ത് മത്സരം ആരംഭിക്കുക. സ്കൂൾ കലോത്സവത്തിൽ വിക്രം മൈതാനിയിലെ മുഖ്യവേദിയിൽ ഒന്നാമതായി അരങ്ങേറുക ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം. വൈകിട്ട് അഞ്ചരയ്ക്ക് ഈ വേദിയിൽ ഹയർസെക്കൻഡറിയുടെ സംഘനൃത്തം ആരംഭിക്കും. സമാപനദിവസമായ ഏഴിന് ഒഴികെ എല്ലാദിവസവും രണ്ടിനങ്ങളിലാണ് മുഖ്യവേദിയിലെ മത്സരം. സമാപനസമ്മേളനവും ഈ വേദിയിലാണ് ( Three days for school kalolsavam ).
കടത്തനാടൻ പാരമ്പര്യം അടയാളപ്പെടുത്തുന്ന കളരിപ്പയറ്റും കുട്ടികളുടെ ശിങ്കാരിമേളവും ഫാൻ നൃത്തവും ചേർന്ന ദൃശ്യവിസ്മയമാണ് ഉദ്ഘാടന ചടങ്ങിലെ വർണപ്പൊലിമയുള്ള കാഴ്ച. പുതുക്കിയ കലോത്സവ മാന്വൽ പ്രകാരം സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഘോഷയാത്ര ഒഴിവാക്കിയിട്ടുണ്ട്.
വയനാട്ടിൽനിന്നുള്ള വിദ്യാർഥികളുടെ സംഘമാണ് കളരിപ്പയറ്റ് അവതരിപ്പിക്കുക. സംസ്ഥാനത്തെ ആദ്യ സ്കൂൾ ശിങ്കാരിമേള സംഘമായ കുറ്റിക്കാട്ടൂർ ഹയർസെക്കൻഡറിയാണ് മേളവുമായി ഉദ്ഘാടനവേദിയെ ഉണർത്തുക. ഏഴ് പെൺകുട്ടികൾ ഉൾപ്പെടെ 24 പേരടങ്ങുന്ന സംഘമാണ് ശിങ്കാരിമേളമൊരുക്കുക.
ആറുമുതൽ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാർഥികൾ ഉൾപ്പെടുന്ന സംഘത്തെ നയിക്കുക യദുകൃഷ്ണനാണ്. സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറിയിലെ സംഘമാണ് ചൈനീസ് മാതൃകയിലുള്ള ഫാൻ നൃത്തം ഒരുക്കുക. 8.30ന് മുഖ്യവേദിയായ വിക്രം മൈതാനത്ത് പതാക ഉയർത്തിയതിന് തൊട്ടുപിന്നാലെയാണ് ദൃശ്യവിസ്മയം.
തളി സാമൂതിരി സ്കൂളാണ് നാടകമത്സരവദി. തളി മൈതാനത്താണ് ഭരതനാട്യം, മാർഗംകളി, മോഹിനിയാട്ടം, പൂരക്കളി, കേരളനടനം, തിരുവാതിര, നാടോടിനൃത്തം മത്സരങ്ങൾ. നടക്കാവ് പ്രൊവിഡൻസിൽ കുച്ചിപ്പുടിയും വട്ടപ്പാട്ടും ഭരതനാട്യവും ചവിട്ടുനാടകവുമാണ് മുഖ്യഇനങ്ങൾ. ബീച്ചിലെ ഗുജറാത്തി ഹാളിൽ മാപ്പിളകലകളും കുച്ചിപ്പുടിയുമാണ് പ്രധാന ഇനങ്ങൾ. സെന്റ് ജോസഫ്സ് ബോയ്സിൽ മോണോ ആക്ട്, പഞ്ചവാദ്യം, ചെണ്ടമേളം, സ്കിറ്റ് മത്സരങ്ങൾ അരങ്ങേറും. ചാക്യാർകൂത്തും നങ്ങ്യാർകൂത്തും തുള്ളലും ഉൾപ്പെടെയുള്ള പൈതൃകകലകളും കേരളനടനവുമാണ് ആംഗ്ലോ ഇന്ത്യൻ ഗേൾസിലെ മത്സരങ്ങൾ.
ചാലപ്പുറം ഗണപത് ബോയ്സിൽ മിമിക്രിയും വൃന്ദവാദ്യവും തായമ്പകയും കഥകളി സംഗീതവുമാണ്. അശോകപുരം സെന്റ് വിൻസെന്റ് കോളനി സ്കൂളിൽ കേരളീയ കലകളാണ്. പുതിയറയിലെ എസ് കെ ഹാളാണ് ഉപകരണസംഗീത മത്സരങ്ങളുടെ വേദി. സെന്റ് ആന്റണീസ് യുപിയിൽ തബലയും മദ്ദളവും മൃദംഗവുമാണ് ആദ്യരണ്ട് നാളിൽ. കാരപ്പറമ്പ് ഗവ. ഹയർസെക്കൻഡറിയിൽ പദ്യംചൊല്ലലും പ്രസംഗവും കഥാപ്രസംഗവും ദേശഭക്തിഗാനവുമാണ് പ്രധാന ഇനങ്ങൾ.
വെസ്റ്റ്ഹില്ലിലെ സെന്റ് മൈക്കിൾസിൽ പദ്യം ചൊല്ലലും സംഘഗാനവും ലളിതഗാനവും ശാസ്ത്രീയസംഗീതവുമാണ് ഇനങ്ങൾ. ഫിസിക്കൽ എഡ്യുക്കേഷൻ മൈതാനത്ത് ബാൻഡ് മത്സരം. എരഞ്ഞിപ്പാലം മർകസ് സ്കൂളിൽ ദേശഭക്തിഗാനവും നാടൻപാട്ടുമാണ് ഗ്ലാമർ ഇനങ്ങൾ. ടൗൺഹാളിൽ നാടൻപാട്ട്, ഗസൽ, വന്ദേമാതരം, സംഘഗാനം, മൂകാഭിനയം, മാപ്പിളപ്പാട്ട് തുടങ്ങിയവ അരങ്ങേറും.
രചനാമത്സരം നടക്കാവിലെ നാലുവേദിയിൽ നടക്കും. പരപ്പിൽ എംഎം സ്കൂളിലെ രണ്ട് വേദികളിൽ അറബി സാഹിത്യോത്സവവും ചാലപ്പുറം അച്യുതൻ ഗേൾസ് എൽപിയിൽ സംസ്കൃതോത്സവവും നടക്കും. നടക്കാവ് ജിവിഎച്ച്എസ്എസിൽ നാലു വേദികളിലായാണ് ചിത്രകലാ, രചനാമത്സരങ്ങൾ.
Story Highlights: Three days for school kalolsavam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here