Advertisement

കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

January 1, 2023
2 minutes Read

കേരളത്തിന്റെ സാംസ്‌കാരികതുടിപ്പിന് ആക്കം കൂട്ടുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട് സ്‌കൂൾ കലോത്സവങ്ങൾ. കേരളത്തിന്റെ സാംസ്‌കാരിക വളർച്ചയ്‌ക്കൊപ്പം അതേ വേഗത്തിൽ കലോത്സവങ്ങളും വളർച്ച പ്രാപിച്ചിട്ടുണ്ട്, അല്ലെങ്കിൽ മാറിയിട്ടുണ്ട്. കലാ സാംസ്‌കാരിക രംഗത്ത് കേരളത്തിന്റെ സമ്പന്നതയ്ക്ക് തിളക്കം കൂട്ടാൻ വലിയൊരു പങ്കു വഹിച്ചിട്ടുള്ള ഒരു പ്രസ്ഥാനമാണ് സ്‌കൂൾ കലോത്സവങ്ങൾ. കൗമാര പ്രതിഭകളുടെ കലാവൈഭങ്ങൾ പ്രകടമാക്കുന്ന ഉജ്ജ്വലവേദി എന്നതിനപ്പുറം നാടിന്റെ തനതായ പല കലാരൂപങ്ങളും കാലഹരണപ്പെട്ടുപോകാതെ തലമുറകളിലേക്ക് പകർന്നു കൊടുത്ത് സ്‌കൂൾ കലോത്സവങ്ങൾ മലയാളികളുടെ സംസ്‌കൃതിക്ക് നെടും തൂണുകളാകുന്നു ( state school kalolsavam history ).

ബാലകാലമേള എന്ന ചെറിയൊരു ആശയം 66 വർഷം കൊണ്ട് വളർന്ന് ഇന്ന് നാം കാണുന്ന മഹോത്സവത്തലെത്തുമ്പോൾ അതിനു പുറകിൽ ഒരുപാട് പേരുടെ കഠിനാദ്ധ്വാനത്തിന്റെ അർപ്പണബോധത്തിന്റെയും കലോപാസനയുടെയും ആയിരമായിരം ഉപകഥകളും നിറഞ്ഞു നിൽക്കുന്നുണ്ട്. വളർച്ച എന്നു പറയുമ്പോൾ നമുക്ക് ചിന്തിക്കാൻ പറ്റുന്നതിനും അപ്പുറത്തായിരിക്കും. അതിനാൽ തന്നെയാണ് ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കൗമാരമേളയായി ഈ കൊച്ചു കലോത്സവങ്ങൾ മാറിയതും.

സ്‌കൂൾ, ഉപജില്ല, ജില്ല, സംസ്ഥാനം എന്നീ നാല് തലങ്ങളിലായി നടക്കുന്ന കലോത്സവങ്ങളിൽ ലക്ഷക്കണക്കിന് കുട്ടികളാണ് ഓരോ വർഷവും തങ്ങളുടെ പ്രതിഭ മാറ്റുരച്ച് നോക്കുന്നത്. കലാരംഗത്ത് നാളെയുടെ പ്രതീക്ഷകളെ നമുക്ക് പരിചയപ്പെടുത്തുന്ന ഈ മഹാമേള കേരളത്തിന്റെ അഭിമാനം തന്നെയാണ്. ഇത്ര വിപുലവും ജനകീയവുമായ രീതിയിൽ വിദ്യാർത്ഥികൾക്കിടയിൽ സംഘടിപ്പിക്കുന്ന ഒരുത്സവം ലോകത്ത് മറ്റെവിടെയും ഉണ്ടുകുമോ എന്നതും സംശയമാണ്. ഐക്യകേരളത്തിനോളം തന്നെ പ്രായമുണ്ട്, സ്‌കൂൾ കലോത്സവത്തിന് അതിന്റെ ചരിത്രവഴികളിലൂടെ നമുക്ക് കണ്ണോടിക്കാം.

ആദ്യ കലോത്സവം എറണാകുളത്ത്

1957 ജനുവരി 26ന് എറണാകുളം ഗേൾസ് ഹൈസ്‌കൂളിൽ ആദ്യ കലോത്സവത്തിന് തിരിതെളിഞ്ഞു. തിരുവനന്തപുരത്തെ മോഡൽ സ്‌കൂളിൽവെച്ച് നടത്താനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും ചില പ്രത്യേക സാഹചര്യങ്ങൾ കാരണം അവസാനനിമിഷം മേള എറണാകുളത്തേക്ക് മാറ്റുകയാണുണ്ടായത്. വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടറും പിന്നീട് ഡയറക്ടറുമായിരുന്ന ശ്രീ രാമവർമ്മ അപ്പൻ തമ്പുരനായിരുന്നു മേള നടത്തിപ്പിന്റെ ചുമതല. ഗേൾസ് സ്‌കൂളിലെ ഏതാനും ഹാളുകളും മുറികളിലും വച്ചാണ് മത്സരങ്ങൾ നടന്നത്. സമീപത്തെ എസ്ആർവി സ്‌കൂളിലായിരുന്നു വിദ്യാർഥികളും അധ്യാപകരും രണ്ടു ദിവസത്തെ കലോത്സവത്തിനായി ക്യാംപ് ചെയ്തത്. 60 പെൺകുട്ടികളുൾപ്പെടെ നാന്നൂറോളം ഹൈസ്‌കൂൾ വിദ്യാർത്ഥികൾ പങ്കെടുത്ത ആദ്യ കലോത്സവത്തിൽ ആകെ 13 ഇനങ്ങളിൽ മത്സരങ്ങൾ ഉണ്ടായിരുന്നതയാണ് രേഖകൾ സൂചിപ്പിക്കുന്നത്.

പ്രസംഗം, പദ്യപാരായാണം, ഉപകരണ സംഗീതം, ഏകാംഗ നൃത്തം, വായ്പാട്ട്, കരകൗശല പ്രദർശനം, ചിത്രകല, സംഘഗാനം, കലാപ്രദർശനം, നാടകം, സംഘനൃത്തം, ടാബ്ലോ ഷാഡോപ്ലേ എന്നിവയായിരുന്നു ഇനങ്ങൾ, ഇവയിൽ പ്രസംഗം പദ്യപാരായണം ഉപകരണ സംഗീതം, വായിപ്പാട്ട്, ഏകാംഗ നൃത്തം എന്നീ ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ വിഭാഗങ്ങളയാണ് നടത്തിയത്.

കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റ് എട്ടുമാസങ്ങൾക്കു ശേഷമായിരുന്നു രണ്ടാമത്തെ കലോത്സവം നടന്നത്. 1958 ജനുവരിയിൽ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മോഡൽ ഹൈസ്‌കൂളിൽ വെച്ച് മൂന്നു ദിവസമായാണ് അരങ്ങേറിയത്. എറണാകുളത്തും തിരുവനന്തപുരത്തിനും ശേഷം മൂന്നാമത്തെ കലോത്സവം മലബാറിലെ ഏതെങ്കിലുമൊരു സ്ഥലത്ത് നടത്താമെന്ന ധാരണയിലെത്തിയിരുന്നു. പിന്നീട് വേദി പാലക്കാടായിരിക്കുമെന്ന പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ പാലക്കാട് നഗരത്തിൽ അക്കാലത്ത് വസൂരി രോഗം പടർന്നു പിടിച്ചതിനാൽ അവസാനം മേള ചിറ്റൂരിലേക്ക് മാറ്റുകായായിരുന്നു.

നാലാം കലോത്സവം കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളിൽ നടന്നു. മാതൃഭൂമി പത്രാധിപർ കെ.പി കേശവമേനോൻ ഉദ്ഘാടനം നിർവഹിച്ച ഈ മേളയിൽ 800 ഓളം കുട്ടികൾ പങ്കെടുത്തു.

അഞ്ചാം സ്‌കൂൾ കലോത്സവത്തിന് ആതിഥ്യമരുളാൻ വീണ്ടും തിരുവനന്തപുരത്തിന് അവസരം ലഭിച്ചു. കോട്ടൺഹിൽ ഗേൾസ് ഹൈസ്‌കൂളിൽ വെച്ച് ഗവർണർ വി.വി.ഗിരിയാണ് മേള ഉദ്ഘാടനം ചെയ്തത്. ആറാം കലോത്സവം ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. വിഭവ സമൃദ്ധമായ സദ്യ മൂന്നു ദിവസം ഏർപ്പെടത്തിയിരുന്നു.

ഏഴാമത് കലോത്സവം തൃശൂർ മോഡൽ ഗേൾസ് സ്‌കൂളിൽ നടന്നു. 1962 നവംബർ 29, 30 ഡിസംബർ, ഒന്ന് തീയതികളിലായിരുന്നു. അങ്ങനെ 1962 കലണ്ടർ വർഷത്തിൽ രണ്ട് കലോത്സവങ്ങൾ 1963 ൽ നടക്കാതെ വരികയും ചെയ്തു.

Read Also: പ്രധാനമന്ത്രിയുടെ അമ്മ അന്തരിച്ചു

എട്ടാമത് കലോത്സവമത്സരങ്ങൾക്കായി തിരുവല്ല എസ്.സി.എസ് ഗ്രൗണ്ടിൽ പ്രത്യേക സ്റ്റേജും പന്തലും ഒരുക്കിയിരുന്നു. ഗ്രൂപ്പിനങ്ങളിൽ ഒരു ജില്ലയിൽ നിന്നും ഒരു ഗ്രൂപ്പ് മാത്രം എന്ന തീരുമാനമായി. ഭരനാട്യം, നാടോടി നൃത്തവുമൊഴിച്ചുള്ള മറ്റെല്ലാ ഇനങ്ങൾക്കും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു. പ്രസംഗമത്സരത്തിൽ ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും നൽകിയിരുന്നു. ഷൊർണൂർ ഹൈസ്‌കൂൾ ഗ്രൗണ്ടിലെ കമനീയമായ പന്തലിൽ വെച്ചായിരുന്നു ഒമ്പതാമത് കലോത്സവം. 10250 രൂപയുടെ ബജറ്റുണ്ടായിരുന്ന കലോത്സവം പങ്കാളിത്തംകൊണ്ടും ക്രമീകരണങ്ങൾകൊണ്ടും ഏറെ പ്രശംസപിടിച്ചു പറ്റി.

1966,67,72,73 എന്നീ വർഷങ്ങളിൽ രാജ്യത്ത് നിലനിന്നിരുന്ന പ്രത്യേക കാരണങ്ങൾ കൊണ്ട് കലോത്സവങ്ങൾ നടന്നില്ല. ആദ്യം കാശ്മീരിനെ ചൊല്ലിയും രണ്ടാം തവണ ബംഗ്ലാദേശ് വിമോചനത്തിന്റെ പേരിലുള്ള ഇന്ത്യാ-പാക് യുദ്ധങ്ങളുമാണ് കലോത്സവചരിത്രത്തിൽ വിടവുകൾ വീഴ്ത്തിയത്.

കലോത്സവത്തിന്റെ വിജയത്തിന് വിദ്യാഭ്യാസമന്ത്രിമാർ

1960 കളുടെ അവസാനത്തോടെ വിദ്യാഭ്യാസമന്ത്രിമാർ കലോത്സവത്തിന്റെ വിജയത്തിനായി രംഗത്തിറങ്ങി തുടങ്ങി. 1968ൽ തൃശൂരിൽ നടന്ന പത്താമത് സംസ്ഥാനകലോത്സവം ഉദ്ഘാടനം ചെയ്തത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ ആയിരുന്നു. സമാപനദിവസം മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂരിപ്പാടായിരുന്നു സമ്മാനദാനം നിർവഹിച്ചത്. പിന്നീടങ്ങോട്ട് നടന്ന കലോത്സവങ്ങളിലെല്ലാം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സംബന്ധിച്ചു പോന്നു. കലോത്സവങ്ങളിൽ കൂടൂതൽ മാധ്യമ ശ്രദ്ധയും പൊതുജനപങ്കാളിത്തവും ഉണ്ടാകാൻ അത് കാരണമായി.

1970 ആയപ്പോഴേക്കും കലോത്സവത്തിൽ വലിയ പന്തലുകളും ഉയർന്ന സ്റ്റേജും ഒക്കെ സജ്ജീകരിക്കാൻ തുടങ്ങി. 1971 ആലപ്പുഴയിൽ നടന്ന മേളയിൽ പ്രത്യേകം ചിട്ടപ്പെടുത്തി അവതരിപ്പിച്ച യുവജനോത്സവഗാനം എല്ലാവരേയും ആകർഷിച്ചു. എല്ലാ ജില്ലാകളുടെയും പതാകകൾ ഉയർത്തുന്ന ചടങ്ങ് ഏർപ്പെടുത്തി. സമ്മാനർഹമായ ഇനങ്ങൾ ആകാശവാണി പ്രക്ഷേപണം ചെയ്യാൻ തുടങ്ങി.

1967ൽ കോഴിക്കോട്ടെത്തിയപ്പോഴേക്കും കലോത്സവം വളരെ വിപുലവും പ്രൊഫഷണലും ആയി സംഘടിപ്പിക്കപ്പെട്ടു തുടങ്ങി. കേരളത്തിന്റെ തനതു കലാരൂപങ്ങൾക്കെല്ലാം പ്രാധിനിത്യം നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ആർ.രാമചന്ദ്രൻ നായരുടെ കലാഘട്ടം കലോത്സവത്തിലെ ഒരു നാഴികക്കല്ലാണ്. കാവ്യകേളി, അക്ഷരശ്ലോകം, തിരുവാതിരക്കളി, പഞ്ചവാദ്യം ചെണ്ടമേളം തുടങ്ങി കലാരൂപങ്ങൾ കാലഹരണപ്പെട്ടു പോകാതിരിക്കാൻ എടുത്ത നടപടി സാസ്‌കാരിക കേരളം ഓർത്തുവെക്കും.

കലോത്സവ വേദികളിലെ വാർത്തകളും മറ്റു കലാസൃഷ്ടികളും ഉൾപ്പെടുത്തികൊണ്ട് സ്മരണിക പുറത്തിറക്കുന്ന സമ്പ്രദായത്തിന് 1968ൽ തൃശൂരിൽ തുടക്കമായി വിജയികളുടെയും വിധികർത്താക്കളുടെയുമെല്ലാം പേരുവിവിരങ്ങളുമായി ഇറങ്ങിയ സ്മരണികകൾ ഓരോ കലോത്സവങ്ങളുടെയും ചരിത്രശേഷിപ്പികളായി.
കലോത്സവത്തിനു മുന്നോടിയായി വർണശബളമായി ഘോഷയാത്ര ഒരുക്കുന്ന പതിവ് 1976ൽകോഴിക്കോടാണ് തുടങ്ങിയത്. മാനാഞ്ചിറ മൈതാനത്തു നിന്നും തുടക്കം കുറിച്ച് സാമൂതിരി ഹൈസ്‌കൂളിലെ നഗരിയിലേക്ക് ഘോഷയാത്ര നീങ്ങിയത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കെ.കരുണാകരന്റെ നേതൃത്വത്തിലായിരുന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും വിവിധ ജില്ലകളെ പ്രതിനിധീകരിച്ചെത്തിയ വിദ്യാർത്ഥി സംഘങ്ങളും ബാന്റ് വാദ്യക്കാരും കോൽക്കളി സംഘങ്ങളും അലങ്കരിച്ച വാഹനങ്ങളിൽ ഒരുക്കിയ നിശ്ചല ദൃശ്യങ്ങളുമെല്ലാം അന്ന് കാണികളെ ആവേശഭരിതരാക്കി.

Read Also:

കലാതിലകം കലാപ്രതിഭ

തൃശൂരിൽ 1968ൽ നടന്ന മേളയിൽ ആദ്യമായി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യഥാക്രമം കലാപ്രതിഭ, കലാതിലകം എന്നീ പട്ടങ്ങൾ ഏർപ്പെടുത്തി. കവി ചെമ്മനം ചാക്കോ ആയിരുന്നു പേര് നിർദേശിച്ചത്.

നൃത്ത- നൃത്തേതര ഇനങ്ങളിൽ ഒരു പോലെ തിളങ്ങുന്നവർക്ക് മാത്രം കലാപ്രതിഭാ- കലാതിലകം പട്ടങ്ങൾ നൽകിയാൽ മതി എന്ന പരിഷ്‌കാരം 1999ൽ വന്നു. ആ വർഷമടക്കം പിന്നീട് പലപ്പോഴും കലാപ്രതിഭാ പട്ടങ്ങൾക്ക് അവകാശികളില്ലാതെ വന്നു. അനാരോഗ്യകരമായ മത്സരം ഒഴിവാക്കുന്നതിന്റെ ഭാഗമായി പിന്നീട് പട്ടങ്ങൾ നൽകുന്നത് നിർത്തലാക്കി. 2005 ൽ ആതിര ആർ.നാഥായിരുന്നു അവസാനമായി പട്ടം നേടിയത്.

state school kalolsavam history

വൈലോപ്പിള്ളിയുടെ സ്വർണ്ണക്കപ്പ്

കലോത്സവത്തിന് സ്വർണ്ണക്കപ്പ് എന്ന ആശയം ആദ്യമായി അവതരിപ്പച്ചത് വൈലോപ്പിള്ളിയാണ്. 1985ൽ എറണാകുളത്ത് വച്ച് നടന്ന 25-മത് യുവജനോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാഭ്യാസ ജില്ലയ്ക്ക് 101 പവന്റെ സ്വർണ്ണക്കപ്പ് നൽകാമെന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം.ജേക്കബ് പ്രഖ്യാപിച്ചു. 1987ൽ കോഴിക്കോട് വെച്ച നടന്ന 27-ാമത് യുവജനോത്സവത്തിൽ വെച്ച് 107 പവൻ തൂക്കത്തിൽ ആർട്ടിസ്റ്റ് ചിറയൻകീഴ് ശ്രീകണ്ഠൻനായർ രൂപകൽപന ചെയ്ത സ്വർണ്ണക്കപ്പ് നൽകി. തിരുവനന്തപുരം ജില്ലയിലാണ് ആദ്യ സ്വർണ്ണക്കപ്പ് ഏറ്റുവാങ്ങിയത്.

1992ൽ പൊതുവിദ്യാഭ്യാസ വകുപ്പ് കലോത്സവ മാനുവൽ പുറത്തിറക്കിയിരുന്നു. മത്സരങ്ങൾക്കും നടത്തിപ്പിനും ഏകതാനമായ ഒരു രൂപം കൈവരുത്താനായിരുന്നു അത്. പ്രൈമറിതലത്തിൽ മാത്രമായിരുന്ന ബാലകലോത്സവം യുപി തലം വരെയാക്കിയതും അതിന് റവന്യൂ ജില്ലാതലം വരെ പിരിധി നിശ്ചയിച്ചതും 1992ലാണ്. സംസ്ഥന തല മത്സരങ്ങൾ ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് വേണ്ടി മാത്രമാക്കുകയും ചെയ്തു.

യുവജനോത്സവവും സംസ്‌കൃതോത്സവവും സമന്വയിപ്പിച്ച് ഒരു മേളയാക്കിയത് 1992ൽ തന്നെ. പിന്നീട് 1995ൽ കണ്ണൂരിൽ വെച്ച് ടി.ടി.ഐ കലോത്സവവും ഈ മഹാമേളയുടെ ഭാഗമായി. ഒടുവിൽ 2009ൽ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി, സംസ്‌കൃതോത്സവം, അറബിക്ക് കലോത്സവം എന്നിവയെല്ലാം ചേർത്ത് ഒരു മഹാമേളയായി നടത്താൻ തീരുമാനമായി. ടി.ടി.ഐ കലോത്സവങ്ങൾ വേർപെടുത്തുകയും ചെയ്തു.

നൂറുകണക്കിന് ഇനങ്ങളും ആയിരക്കണക്കിന് മത്സരാർഥികളുമായി അരങ്ങേറുന്ന കലോത്സവത്തിന്റെ രജിസ്ട്രേഷൻ നടപടികൾ അങ്ങേയറ്റം സങ്കീർണമായ ഒന്നായിരുന്നു. ഒരുപാട് അധ്യാപകർ ആഴ്ചകളോളം ഇരുന്നായിരുന്നു ഇതിന്റെ പേപ്പർ വർക്കുകൾ ചെയ്തത്. രജിസ്ട്രേഷൻ നടപടികളും ഫലപ്രഖ്യാപനങ്ങളുമെല്ലാം വേഗത്തിലും എളുപ്പത്തിലുമാക്കാനായി 2001ൽ 100% കമ്പ്യൂട്ടർ വത്ക്കരണം കൊണ്ടു വന്നു.

അനാരോഗ്യകരമായ മത്സരബുദ്ധിക്ക് കടിഞ്ഞാണിടാൻ 2006ൽ ഗ്രേഡിങ് സംവിധാനവും കൊണ്ടു വന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ പ്രഖ്യാപിക്കുന്ന പതിവ് ഉപേക്ഷിച്ചു. മത്സരമല്ല, ഉത്സവമാണ് നമുക്ക് വേണ്ടത് എന്ന കുഞ്ഞുണ്ണി മാഷിന്റെ ഉപദേശത്തെ അനുസരിച്ചുകൊണ്ടുള്ള നിയമാവലിക്കും നടത്തിപ്പിനുമാണ് പൊതുവിദ്യാഭ്യാസ വകുപ്പും സംഘാടകരും ഇന്നും പ്രാധാന്യം നൽകുന്നത്.

കേവലം 400 കുട്ടികൾ മാത്രം പങ്കെടുത്ത തുടങ്ങി കാലമേള ഇന്ന് പതിനായിരക്കണക്കിന് കുട്ടികളുടെ മഹോത്സവമായി മാറി കഴിഞ്ഞിരിക്കുന്നു. ഓരോ വർഷം പിന്നിടുമ്പോഴും കലോത്സവ വേദകളിലെത്താനുള്ള കുട്ടികളുടെ കഠിനാദ്ധ്വാനവും ഇരട്ടിയ്ക്കുകയാണ്. അന്യം നിന്നു പോകുമെന്ന കരുതിയ പല കലാരൂപങ്ങൾക്കും കലോത്സവ വേദികൾ ജീവൻ നൽകുമ്പോൾ കേരളത്തിന്റെ സാംസ്‌കാരിക മഹിമക്ക് തിലകക്കുറിയാകുകയാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമേള. മാറ്റങ്ങളും പരിഷ്‌കാരങ്ങളും ഏറെയുണ്ടെങ്കിലും മേളയുടെ അകകാമ്പ് നഷ്ടപ്പെടാതെ മുമ്പോട്ട് പോകുന്നുണ്ട്.

Story Highlights: state school kalolsavam history

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement