Advertisement

ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ പിടികൂടിയ ‘ഓപറേഷന് റെഡ് ഡോൺ’; അന്ന് എന്താണ് സംഭവിച്ചത് ?

January 2, 2023
3 minutes Read
saddam Hussein capture details

ഇരുപത് വർഷങ്ങൾക്ക് മുൻപുള്ള ഡിസംബർ മാസം. കൃത്യമായി പറഞ്ഞാൽ 2003 ഡിസംബർ 13. ഇറാഖിലെ കാർഷിക ഗ്രാമമായ അദ്-ദാവറിലെ ഒരു ഭൂഗർഭ അറയിൽ ഒളിവ് ജീവിതം നയിച്ചിരുന്ന ഇറാഖ് മുൻ പ്രസിഡന്റ് സദ്ദാം ഹുസൈൻ, അമേരിക്കൻ സൈന്യത്തിന്റെ പിടിയലാകുന്നത് അന്നായിരുന്നു. അടുത്ത വൃത്തങ്ങൾക്ക് പോലും അറിയാതെ മാസങ്ങളോളം കാറ്റും വെളിച്ചവും കടക്കാത്ത ‘സ്‌പൈഡർ ഹോൾ’ എന്ന അറയിൽ ജീവിച്ച സദ്ദാം ഹുസൈനെന്ന ഏകാധിപതിയെ, ഓപറേഷൻ റെഡ് ഡോൺ എന്ന അതീവരഹസ്യ ദൗത്യത്തിലൂടെയാണ് യു.എസ് സേന പിടിച്ചടക്കിയത്. ദൗത്യം പിന്നിട്ട് രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറവും ഓപറേഷൻ റെഡ് ഡോണിനെ കുറിച്ചുള്ള ലോകത്തിന്റെ അറിവ് പരിമിതമാണ്. എന്തായിരുന്നു അന്ന് യഥാർത്ഥത്തിൽ അവിടെ സംഭവിച്ചത് ? ഓപറേഷൻ റെഡ് ഡോൺ ദൗത്യസംഘത്തിൽ ഉൾപ്പെട്ട റിട്ട. ആർമി മാസ്റ്റർ ജനറൽ സർജന്റ് കെവിൻ ഹോളണ്ടാണ് അന്ന് നടന്ന സംഭവങ്ങൾ ഒരു പോഡ്കാസ്റ്റിലൂടെ വിശദീകരിച്ചത്. ( saddam Hussein capture details )

1984 ൽ പുറത്തിറങ്ങിയ ഒരു സിനിമയുണ്ട്- പേര് റെഡ് ഡോൺ. അമേരിക്കൻ മണ്ണിൽ നടത്തുന്ന അധിനിവേശത്തിന്റെ കഥ പറയുന്ന ചിത്രം. കൗമാരക്കാരായ ഗൊറില്ല പോരാളികളുടെ കഥ. 2003 ൽ സദ്ദാം ഹുസൈനെ പിടികൂടാൻ ഒരു ദൗത്യ സേന രൂപികരിച്ചപ്പോൾ ഈ സിനിമയിൽ നിന്ന് പ്രചോദനമുൾകൊണ്ടാണ് 600 പേരടങ്ങുന്ന ദൗത്യ സംഘത്തിന് പേര് ‘ഓപറേഷൻ റെഡ് ഡോൺ’ എന്ന് നൽകിയത്. അന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ബുഷിന്റെ ബദ്ധശത്രു സദ്ദാം ഹുസൈനെ പിടികൂടാൻ ഏറ്റവും മികച്ച സൈനികരെ തന്നെ ദൗത്യസംഘത്തിൽ ഉൾപ്പെടുത്തി.

നീണ്ട നാളത്തെ വിവരശേഖരണത്തിനൊടുവിലാണ് ഇറാനിലെ അധികമാരും ശ്രദ്ധിക്കാത്ത കാർഷിക ഗ്രാമമായ അദ്-ദാവറിൽ സദ്ദാം ഒളിവിൽ കഴിയുകയാണെന്ന വിവരം രഹസ്യദൗത്യ സംഘത്തിന് ലഭിക്കുന്നത്. അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സദ്ദാം ഒളിച്ചിരുന്ന ‘സ്‌പൈഡർ ഹോൾ’ എന്ന ഭൂഗർഭ അറയുടെ മുകളിൽ അവരെത്തി. മണ്ണും ഇലകളും കൊണ്ട് മൂടപ്പെട്ട നിലയിലായിരുന്നു അറ. ലൊക്കേഷൻ പുറത്തറിയാതിരിക്കാൻ സ്റ്റൈറോഫോമും ഉപയോഗിച്ചിരുന്നു. അറയിലേക്ക് ഓക്‌സിജനെത്താൻ ഒരു ചെറിയ കുഴൽ മാത്രം പുറത്തേക്ക് നീണ്ട് നിന്നിരുന്നു.

Read Also: Iran Anti Hijab Protest Explained | മുടിനാര് കൊണ്ട് പടപൊരുതിയവർ

ഓപറേഷൻ റെഡ് ഡോൺ ദൗത്യ സംഘം ഈ കുഴിക്ക് മുകളിലെ ഇലകളും മണ്ണും മറ്റും നീക്കം ചെയ്തു. അപ്പോഴാണ് ഇഷ്ടിക കൊണ്ട് തീർത്ത നിലം അവർ കാണുന്നത്. അകത്താരോ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഇതോടെ തീർച്ചയായി. പിന്നെ മടിച്ചില്ല…അറയെ ലക്ഷ്യമാക്കി ഒരു ഗ്രനേഡ് പൊട്ടിച്ചു. വലിയ ശബ്ദത്തോടെയുള്ള പൊട്ടലിനും അത് തീർത്ത പൊടി പടലങ്ങളും കെട്ടടങ്ങിയപ്പോൾ ദൗത്യസംഘം മുന്നിൽ കണ്ടത് ഒരു മനുഷ്യന് വളരെ കഷ്ടിച്ച് മാത്രം നിൽക്കാൻ കഴിയുന്ന ഒരു അറയാണ്. ഒരു മനുഷ്യൻ അറബിയിൽ സംസാരിക്കുന്നത് ദൗത്യ സംഘം കേട്ടു. പിന്നെ പതിയെ കുഴിക്ക് പുറത്തേക്ക് കൈകൾ വന്നു. ദൗത്യസംഘത്തിലുള്ളവർ ഈ മനുഷ്യനെ പിടിച്ച് ഉയർത്തി പുറത്ത് എത്തിച്ചു. മുഖം ഉയർത്തി നോക്കിയപ്പോൾ കണ്ട കാഴ്ച അവിശ്വസനീയമായിരുന്നു…!

പ്രാകൃത മനുഷ്യനെന്ന് തോന്നിക്കും വിധം വിളറി വെളുത്ത തൊലിയും, ജഡ പിടിച്ച താടിയും മുടിയുമായി നിൽക്കുന്നു, സാക്ഷാൽ സദ്ദാം ഹുസൈൻ. ‘പ്രസിഡന്റ് ബുഷ് നിങ്ങളോട് അന്വേഷണം പറഞ്ഞിട്ടുണ്ട്’- സദ്ദാമിനെ കണ്ട ദൗത്യസേന ആദ്യം പറഞ്ഞ വാചകങ്ങളാണ് ഇത്.

കൈയിൽ ഒരു ഹാൻഡ് ഗണുമായിട്ടായിരുന്നു സദ്ദാം ഹുസൈൻ പുറത്തെത്തിയത്. ഫുള്ളി ഓട്ടോമാറ്റിക് ഗ്ലോക്ക്-15 തോക്കായിരുന്നു കൈയിൽ. അപകടം മണത്ത ദൗത്യസേനയിൽ ഒരാൾ ഉടൻ തന്നെ തന്റെ കൈവശമുണ്ടായിരുന്ന എം4 കാർബൈൻ തോക്ക് ഉപയോഗിച്ച് സദ്ദാം ഹുസൈനെ ഇടിച്ച് വീഴ്ത്തി, ഗ്ലോക്ക് 18സി കൈക്കലാക്കി. അമേരിക്കൻ ദൗത്യസംഘവുമായി സദ്ദാം ഒരു വിലപേശലിന് ഒരുങ്ങിയെങ്കിലും ആ സമയമെല്ലാം കഴിഞ്ഞുപോയെന്നായിരുന്നു സൈന്യത്തിന്റെ ഉത്തരം.

എംഎച്ച് 16 ലിറ്റിൽ ബേർഡ് എന്ന സൈനിക ഹെലികോപ്റ്ററിൽ തിക്രിത് മിഷൻ സപ്പോർ സൈറ്റിലേക്കും, അവിടെ നിന്ന് എംഎ്ച്ച് 60കെ ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററിൽ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും എത്തിച്ചു. ഒടുവിൽ നീണ്ട നാളത്തെ വിചാരണകൾക്കൊടുവിൽ 2006 ഡിസംബർ 30ന് സദ്ദാം ഹുസൈനെ അമേരിക്ക തൂക്കിലേറ്റി.

Story Highlights: saddam Hussein capture details

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top