മുഖലക്ഷണം മുഖ്യം…| രാഷ്ട്രീയ കൗതുകം – 09

ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിൽ ഒരുക്കിയ പാപ്പാഞ്ഞിയുടെ മോടി കൂട്ടുന്നതിനിടയിൽ അതിന് പ്രധാനമന്ത്രി മോഡിയുടെ ഛായ വന്നുവെന്ന ആക്ഷേപം വാർത്തയായിരുന്നല്ലോ. പപ്പാഞ്ഞിയുടെ മുഖത്തിന്റെ ഷേപ്പ് മാറ്റിയില്ലെങ്കിൽ, പപ്പാഞ്ഞിയെ ഉണ്ടാക്കിയവരുടെ മുഖത്തിന്റെ ഷേപ്പ് മാറ്റുമെന്ന തരത്തിൽ പ്രതിഷേധം മുറുകി. കട്ടിപ്പുരികവും നീളൻതാടിയും ചേർത്ത് സംഘാടകർ പാപ്പാഞ്ഞിയിൽ നടത്തിയ ഭേദഗതി പ്രതിഷേധക്കാർ അംഗീകരിച്ചതോടെ വിവാദം കെട്ടടങ്ങി.
ഇപ്പോൾ ഇതാ പുതിയ വിവാദം. രാമനാട്ടത്തിന്റെ സ്രഷ്ടാവായ കൊട്ടാരക്കരത്തമ്പുരാന്റെ അർദ്ധകായ പ്രതിമയുടെ നിർമ്മാണം കഴിഞ്ഞ ദിവസം ആരംഭിച്ചു. എന്നാൽ ആ പ്രതിമയ്ക്കെതിരെയും പരാതി ഉയർന്നു. ക്രിസ്തുവർഷം 1694ൽ മരണമടഞ്ഞ കൊട്ടാരക്കരത്തമ്പുരാന്റെ യഥാർത്ഥ ചിത്രം ലഭ്യമല്ലെന്നിരിക്കെ ആ പേരിൽ ആരുടെ പ്രതിമയാണ് ഇപ്പോൾ ഉണ്ടാക്കുന്നത് എന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. കൊട്ടാരക്കര നഗരസഭ സ്ഥാപിക്കുന്ന പ്രതിമ ആയതിനാൽ വിഷയത്തിനിപ്പോൾ രാഷ്ട്രീയമാനമുണ്ട്.
കലാസൃഷ്ടികളിൽ മുഖം മാറുന്നതും അത് രാഷ്ട്രീയ ചർച്ചയ്ക്ക് കാരണമാകുന്നതും ഇതാദ്യമല്ല. ഇതിനേക്കാൾ രസികൻ വിവാദങ്ങൾ പലത് നടന്നിട്ടുണ്ട് കേരളത്തിൽ. അവയിൽ ചിലത് ഇതാ:
മതം മാറ്റുന്ന ബെയ്ലി
ഒരു പതിറ്റാണ്ട് മുൻപുള്ള കേരളം. പ്രജാക്ഷേമതല്പരനായ ഉമ്മൻ ചാണ്ടി സാറാണ് അന്ന് മുഖ്യമന്ത്രി. സംസ്കാര ചടങ്ങുകൾ മുടക്കാത്ത കെ.സി.ജോസഫ് സാംസ്കാരിക മന്ത്രി. സാംസ്കാരിക വകുപ്പ് അനന്തപുരിയിൽ ഒരു ‘വിശ്വമലയാള മഹോത്സവം’ സംഘടിപ്പിക്കാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലുടനീളം മലയാളത്തെ പരിപോഷിപ്പിച്ച മഹാരഥന്മാരുടെ പ്രതിമകൾ സ്ഥാപിച്ചു. അതിൽ, ബെഞ്ചമിൻ ബെയ്ലിയുടെ പ്രതിമയ്ക്കുതാഴെ വിശദീകരണഫലകം ഇങ്ങനെ: “കേരളത്തിൽ ആളുകളെ മതം മാറ്റുന്നതിന് നേതൃത്വം കൊടുത്ത ബഞ്ചമിൻ ബെയ്ലി.” ഇംഗ്ലണ്ടിൽ നിന്ന് കേരളത്തിലെത്തി നീണ്ട ഇരുപത് വർഷത്തെ അധ്വാനത്തിലൂടെ മലയാളത്തിന് ഒരു നിഘണ്ടു തയ്യാറാക്കിയ, മലയാളം അച്ചടിയുടെ പിതാവായ ബെയ്ലി ‘അർഹിക്കുന്ന’ ആദരം!
ചങ്ങമ്പുഴ @ 70
വിശ്വമലയാള മഹോത്സവത്തിലെ മറ്റൊരു പ്രതിമ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടേതായിരുന്നു. ജീവൻ തുടിക്കുന്ന ഒന്നാന്തരം ഒരു പ്രതിമ. ചെറിയൊരു പ്രശ്നം. ചങ്ങമ്പുഴ മരിക്കുമ്പോൾ പ്രായം 36. പക്ഷേ, പ്രതിമയിലെ ചങ്ങമ്പുഴ, 70 പിന്നിട്ട ഒരു കാരണവർ. ചങ്ങമ്പുഴ അകാലത്തിൽ അന്തരിച്ചുവെന്ന് അറിയാത്ത അണിയറക്കാർക്ക് പിണഞ്ഞ ഒരു അമളി. അങ്ങനെ ആ ആദരത്തിനും നാട്ടുകാർ ആദരാഞ്ജലി നേർന്നു.
ഇത് എന്റെ ചങ്ങമ്പുഴ
മറ്റൊരു ചങ്ങമ്പുഴ പ്രതിമയുടെ കഥയുണ്ട്.
2003 ജനുവരി 5 ന്, കൊച്ചി ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിച്ചു. പ്രതിമയ്ക്ക് കവിയുടെ വിദൂരഛായപോലുമില്ല. ചങ്ങമ്പുഴയുടെ ഐഡന്റിറ്റിയായ കണ്ണടയും മീശയും ഇല്ലാത്ത ഒരു മുഖം. പലരും വിമർശനവുമായി രംഗത്തെത്തി. ഒടുവിൽ ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ, പ്രതിമയും ചങ്ങമ്പുഴയുമായി ഒരു സാമ്യവുമില്ലെന്ന് വ്യക്തമാക്കി. വിവാദം ഉയർന്നപ്പോൾ പ്രതിമയുടെ ശില്പി എം.വി.ദേവൻ നൽകിയ മറുപടി ഇതാണ്:
“എന്റെ മനസ്സിലെ ചങ്ങമ്പുഴ ഇങ്ങനെയാണ്.” ങാ, പിന്നല്ല!.
രാമൻ ഇഫക്ട്
തിരുവനന്തപുരം നഗരത്തിൽ നിരന്ന വിശ്വമലയാള മഹോത്സവ പ്രതിമകളിൽ, ഏറ്റവും വലിയ കോമഡി ആയത് ആദ്യകാല മലയാള നോവലിസ്റ്റ് സി.വി.രാമൻപിള്ളയുടേതാണ്. സ്റ്റാച്യു ജംഗ്ഷനിൽ സ്ഥാപിച്ച പ്രതിമയിൽ സി.വി.രാമൻപിള്ളയുടെ ഐഡന്റിറ്റിയായ കപ്പടാമീശ കാണാനില്ല. പകരം ക്ലീൻഷേവ് ചെയ്ത ഒരു തലേക്കെട്ടുകാരൻ. ആളെ സംഘാടകർക്ക് അറിയില്ലെങ്കിലും നാട്ടുകാർക്ക് അറിയാം. പ്രമുഖ ശാസ്ത്രജ്ഞൻ സി.വി.രാമൻ. ചുരുക്കിപ്പറഞ്ഞാൽ സി.വി.രാമൻപിള്ളയുടെ സ്ഥാനത്ത് സി.വി.രാമന്റെ പ്രതിമ. അണിയറ പ്രവർത്തകരെ ഇത്തവണ ചതിച്ചത് ഗൂഗിളാണത്രേ.
അതോടെ കൂടുതൽ പ്രതിമകൾ സ്ഥാപിക്കാൻ സംഘാടകർ മിനക്കെട്ടില്ല. അല്ലെങ്കിൽ ഒ.വി.വിജയന് പകരം പിണറായി വിജയന്റെയും വൈക്കം മുഹമ്മദ് ബഷീറെന്ന് കേട്ടാൽ വൈക്കം വിശ്വന്റെയും പ്രതിമ ഉണ്ടാക്കാൻ അഭിനവ മൈക്കലാഞ്ചലോമാർ മടിക്കില്ലായിരുന്നു.
ഈ സംഭവങ്ങളെ ത്തുടർന്ന് മന്ത്രി കെ.സി.ജോസഫ് വാർത്താസമ്മേളനം വിളിച്ച് മാപ്പുപറയുകയും പ്രതിമകൾ എടുത്ത് മാറ്റുകയും ചെയ്തു.
ഇത് ലീഡറല്ല!
2013ലാണ് തിരുവനന്തപുരത്ത് കനകക്കുന്ന് വളപ്പിൽ കെ.കരുണാകരന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിച്ചത്. പ്രതിമ അനാച്ഛാദനം ചെയ്തത്, അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി. ആ പ്രതിമയ്ക്ക് കെ.കരുണാകരൻ ഒഴികെ ബാക്കി ഏതാണ്ട് എല്ലാവരുടെയും ഛായയുണ്ടെന്ന് പറയാം. അങ്ങനെയൊരു നിർമ്മിതി. കരുണാകരന്റെ മക്കളായ മുരളീധരനും പത്മജയും പരാതിയുമായി രംഗത്തെത്തി. അതോടെ ശില്‌പി പ്ലേറ്റ് മറിച്ചു. പ്രതിമയുടെ കഥ ഫിനിഷിങ് കഴിഞ്ഞിട്ടില്ല എന്നു പറഞ്ഞു. പ്രതിമയുടെ മുഖം മൊത്തത്തിൽ അഴിച്ച് പണിയാമെന്നും ഏറ്റു. അങ്ങനെയാണ് ആ വിവാദം അവസാനിച്ചത്.
പ്രീണന പ്രതിമ
1939ൽ സി.പി.രാമസ്വാമി അയ്യരുടെ ഷഷ്ഠിപൂർത്തി ആഘോഷവേള. അദ്ദേഹം അന്ന് തിരുവിതാംകൂർ ദിവാനാണ്. തിരുവനന്തപുരം നഗരത്തിലെ പഴയ തമ്പാന്നൂർ സത്രത്തിന്റെ മുന്നിൽ പെട്ടെന്നൊരു നാൾ സി.പിയുടെ മാർബിൾ പ്രതിമ ഉയർന്നു. സംഗതി കണ്ട് സി.പി പോലും ഞെട്ടി. എൻ.എസ്.എസ് ആണ് ആ പ്രതിമ സ്ഥാപിച്ചത്. അതോടെ എസ്.എൻ.ഡി.പി ആശയക്കുഴപ്പത്തിലായി. എൻ.എസ്.എസ് ഈ പ്രതിമയിലൂടെ ദിവാൻ സി.പിയെ പോക്കറ്റിലാക്കിയാലോ? കാശിത്തിരി പോയാലും വേണ്ടില്ല; സി.പിയെ സന്തോഷിപ്പിക്കണം എന്ന തീരുമാനത്തിൽ അവർ എത്തി. വൈകാതെ നഗരത്തിൽ മറ്റൊരിടത്ത്, ദിവാൻ സി.പിയുടെ പുത്തൻ പ്രതിമ വന്നു. അത് എസ്.എൻ.ഡി.പി വക. അങ്ങനെ സി.പിയുടെ മനസ്സിൽ ഇരു സംഘടനകളും ഓഫീസ് തുറന്ന് പ്രവർത്തനമാരംഭിച്ചു.
ചിന്തോദ്ദീപക പ്രതിമ
ഉത്തരാധുനിക കവിതപോലെ, സർറിയലിസ്റ്റിക് പെയിന്റിംഗ് പോലെ സാധാരണക്കാർക്ക് ഒന്നും മനസ്സിലാകാത്ത ഒരു സ്മാരകം തിരുവനന്തപുരത്തുണ്ട്. കെ.സി.എസ് മണി, സർ സി.പിയെ വെട്ടിയ സംഗീത കോളജിന് മുന്നിലാണ് ഈ വിചിത്ര ശില്പം. ചന്ദ്രനിൽനിന്ന് കൊണ്ടുവന്ന കല്ലുപോലെ ഒരു ‘ഉരുണ്ട പാറ’ സ്തൂപത്തിൽ സ്ഥാപിച്ചിരിക്കുന്നു. എന്താണ് ഇതിന്റെ അർത്ഥം?
സി.പിയെ വെട്ടിയ കെ.സി.എസ് മണിയുടെ മനോധൈര്യത്തിന്റെ ഇൻസ്റ്റലേഷനാണ് ഈ കല്ല് എന്ന് ചില ചിന്തകർ പറയുന്നു. എന്നാൽ ഒരു വിഭാഗം പണ്ഡിതർ പറയുന്നു, ഇത് വെട്ട് കിട്ടിയ സി.പിയുടെ മുഖത്തിന്റെ പ്രതീകമാണെന്ന്. തർക്കം തുടരുകയാണ്. എന്തായാലും അതൊരു കല്ലാണ് എന്ന കാര്യത്തിൽ ഇരുപക്ഷവും യോജിക്കുന്നു.
വാൽക്കഷ്ണം: 1990ൽ, ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യകശില്പം ശംഖുമുഖത്ത് കാനായി ഒരുക്കുമ്പോൾ തടസവാദവുമായി എത്തിയത് ജില്ലാ ഭരണകൂടം. ശില്പത്തിൽ അശ്ലീലം ഉള്ളതാണ് പ്രശ്നം. മത്സകന്യക സെറ്റും മുണ്ടും ധരിച്ചതായി കേട്ടുകേൾവി ഇല്ലാത്തതിനാൽ, അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്റെയടക്കം പിന്തുണയിൽ ശില്പം പൂർത്തിയായെന്നാണ് കഥ.
Story Highlights: the face matters , pappanji, pappanji face, changampuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here