31 ദിവസം നീണ്ടുനിൽക്കുന്ന അഗസ്ത്യാർകൂടം തീർത്ഥാടനം; ഇന്ന് രാവിലെ 11 മുതൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം

31ദിവസം നീണ്ടുനിൽക്കുന്ന അഗസ്ത്യാർകൂടം തീർത്ഥാടനത്തിന് 16ന് തുടക്കമാകും. ഫെബ്രുവരി 15നാണ് ട്രക്കിംഗ് സമാപിക്കുന്നത്. തീർത്ഥാടനത്തിനായുള്ള പ്രാരംഭപ്രവർത്തനങ്ങൾ പൂർത്തിയായി. ഒരു ദിവസം പരമാവധി 75 പേർക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ബോണക്കാട്, അതിരുമല എന്നിവിടങ്ങളിൽ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ കാന്റീനുകൾ ലഭ്യമാണ്. നെയ്യാർ, കോട്ടൂർ, പേപ്പാറ എന്നിവിടങ്ങളിലെ കാട്ടുവഴികളിലും വനംവകുപ്പിന്റെ കർശനപരിശോധനകൾ ഉണ്ടാകും.
വനംവകുപ്പിന്റെ www.forest.kerala.gov.in, serviceonline.gov.in/trekking എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് ഇന്ന് രാവിലെ 11മുതൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. പൂജാദ്രവ്യങ്ങൾ, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിപദാർത്ഥങ്ങൾ എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്. വാർത്താവിനിമയ സംവിധാനത്തിനായി ബോണക്കാട്, പേപ്പാറ, അതിരുമല, നെയ്യാർ, കോട്ടൂർ എന്നിവിടങ്ങളിൽ വയർലസ് സ്റ്റേഷനുകളുമുണ്ടാകും. വനംവകുപ്പിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഗൈഡുകൾക്കൊപ്പമാണ് യാത്ര ചെയ്യേണ്ടത്. പാസില്ലാതെ അതിക്രമിച്ച് ട്രക്കിംഗ് നടത്താനെത്തുന്നവരെ പിടികൂടാൻ പ്രത്യേക ടീമിനെയും നിയോഗിച്ചിട്ടുണ്ട്.
വനത്തിനുള്ളിൽ പാചകം ചെയ്യാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം അനവധി പേർ അഗസ്ത്യാർകൂടത്തേക്ക് പാസില്ലാതെ അതിക്രമിച്ച് കയറാൻ ശ്രമിച്ചിരുന്നു. ഇവരെ വനപാലകർ പിടികൂടിയിരുന്നു. അഗസ്ത്യാർകൂട സന്ദർശന ദിനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് അഗസ്ത്യാർകൂട സംരക്ഷണസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കുറി 31ദിവസമാണ് സന്ദർശനത്തിന് അനുവദിച്ചത്. രണ്ടായിരത്തിൽപരം പേർക്ക് മാത്രമാണ് സന്ദശനാനുമതി.
Story Highlights: Agasthyarkoodam Trekking online booking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here