രഞ്ജി ട്രോഫി: നിരാശപ്പെടുത്തി ബാറ്റർമാർ; ഗോവയ്ക്കെതിരെ കേരളത്തിന് തോൽവി

രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സിയിൽ കേരളത്തിന് ആദ്യ പരാജയം. ഗോവയ്ക്കെതിരെ 7 വിക്കറ്റിനാണ് കേരളത്തിൻ്റെ തോൽവി. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയുമായി ഗ്രൂപ്പിൽ ഒന്നാമതായിരുന്നു കേരളം. എന്നാൽ, ഇന്ന് പരാജയപ്പെട്ടതോടെ ഗ്രൂപ്പിൽ നടന്നുകൊണ്ടിരിക്കുന്ന ഛത്തീസ്ഗഡ് – കർണാടക മത്സരത്തിലെ വിജയികൾ കേരളത്തെ മറികടന്ന് ഒന്നാമതെത്തും. കളി സമനിലയായാൽ കേരളം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.
ബാറ്റർമാരാണ് കേരളത്തെ നിരാശപ്പെടുത്തിയത്. സഞ്ജു സാംസൺ ശ്രീലങ്കക്കെതിരായ ടി-20 ടീമിൽ ഉൾപ്പെട്ടിരുന്നതിനാൽ താരം കളിച്ചില്ല. സിജോമോൻ ജോസഫിൻ്റെ നേതൃത്വത്തിലാണ് കേരളം ഇറങ്ങിയത്. ആദ്യ ഇന്നിംഗ്സിൽ രോഹൻ പ്രേം (112), സച്ചിൻ ബേബി (46) എന്നിവർ തിളങ്ങിയപ്പോൾ കേരളം 265 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ഇഷാൻ ഗഡേകർ (105), ദർശൻ മിസൽ (43), മോഹിത് റെഡ്കർ (37) എന്നിവരുടെ മികവിൽ ഗോവ 311 റൺസിനു പുറത്തായി. ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം രോഹൻ പ്രേം (70), രോഹൻ കുന്നുമ്മൽ (34), ജലജ് സക്സേന (34) എന്നിവരുടെ മികവിൽ 200 റൺസ് നേടി. 157 റൺസിൻ്റെ വിജയലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തിൽ ഗോവ മറികടന്നു. ഇഷാൻ ഗഡേകർ (67) വീണ്ടും ഗോവയുടെ ടോപ്പ് സ്കോററായി.
ജനുവരി 10ന് സർവീസസ്, 17ന് കർണാടക, 24ന് പുതുച്ചേരി എന്നിവരാണ് കേരളത്തിൻ്റെ എതിരാളികൾ. കാൽമുട്ടിനു പരുക്കേറ്റ സഞ്ജു സർവീസസിനെതിരെ കളിക്കുമോ എന്നത് സംശയമാണ്.
Story Highlights: ranji trophy goa won kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here