ഒരു വർഷമായി 5, 7, 8 വയസ്സുള്ള സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ച ബന്ധുവിന് 70 വർഷം കഠിന തടവ്

ഒരു വർഷമായി മൂന്ന് സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരുന്ന പ്രതിക്ക് 70 വർഷം കഠിന തടവും 1,70000 രൂപ പിഴയും. വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശി അപ്പുക്കുട്ടനാണ് (കുട്ടൻ) നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി കടുത്ത ശിക്ഷ വിധിച്ചത്. പെൺകുട്ടിയുടെ ബന്ധുവും അയൽവാസിയുമാണ് അപ്പുക്കുട്ടൻ. 5, 7, 8 വയസ്സുള്ള പെൺകുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. ( POCSO case accused gets 70 years rigorous imprisonment ).
പ്രതി ഒരേ വീട്ടിലെ സഹോദരന്മാരായ രണ്ടുപേരുടെ മൂന്ന് പെൺമക്കളെ ഒരു വർഷത്തിലധികമായി തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.പി. സുനിൽ ആണ് സുപ്രധാന വിധി പ്രഖ്യാപിച്ചത്. എല്ലാദിവസവും വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ വച്ച് പ്രതി കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. കുട്ടികളോട് കളിക്കാൻ എന്ന വ്യാജേനെയാണ് ഇയാൾ എന്നും വീട്ടിൽ വരാറുണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ഷൗക്കത്തലി ഹാജരായി.
അതേസമയം പോക്സോ കേസിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരനും ഇന്നലെ അറസ്റ്റിലായി. തിരുവനന്തപുരം ജില്ലയിലെ വർക്കലയിലാണ് സംഭവം. 14 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് വർക്കല അയിരൂർ സ്വദേശി പ്രകാശി(55)നെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കെ.എസ്.ആർ.ടി.സി പാറശാല ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസറാണ് പ്രകാശ്.
പെൺകുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വ്യത്യാസം കണ്ടതോടെ അദ്ധ്യാപകർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡനത്തിന് ഇരയായ വിവരം വെളിപ്പെടുത്തുന്നത്. തുടർന്ന് രക്ഷകർത്താക്കളുടെ പരാതിയുടെയും കുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് അയിരൂർ പൊലീസ് പോക്സോ നിയമപ്രകാരം പ്രകാശിനെതിരെ കേസെടുത്തത്.
Story Highlights: POCSO case accused gets 70 years rigorous imprisonment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here