കരുനാഗപ്പള്ളിയിൽ സവാള കയറ്റി വന്ന ലോറിയിൽ 80 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നം; ഒരാൾ പിടിയിൽ, രണ്ടുപേർ ഓടി രക്ഷപ്പെട്ടു

കൊല്ലം കരുനാഗപ്പള്ളിയിൽ വൻ ലഹരി വേട്ടയുമായി പൊലീസ്. രണ്ട് ലോറികളിലായി കടത്തിക്കൊണ്ടുവന്ന ഒരു ലക്ഷത്തി ഇരുപത്തിയേഴായിരത്തി നാനൂറ്റി പത്ത് പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. 80 ലക്ഷത്തോളം രൂപ വില വരുന്ന ലഹരി ഉത്പന്നങ്ങളാണ് കണ്ടെടുത്തത്. സവാളയും ഉള്ളിയും കയറ്റി വന്ന ലോറിയിൽ കടത്തുകയായിരുന്നി നിരോധിത പുകയില ഉൽപ്പന്നങ്ങൾ. ( Prohibited tobacco products worth Rs 80 lakh seized Karunagappalli ).
കരുനാഗപ്പള്ളി എസിപിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇത്രയധികം പുകയില ഉൽപ്പന്നം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വേങ്ങര സ്വദേശി തൗഫീക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
സംസ്ഥാനത്തൊട്ടാകെ ലഹരിക്കേസുകളുടെ എണ്ണം വർധിക്കുകയാണ്. ഇന്നലെ പാലക്കാട് ജംഗ്ഷനിലെ റെയിൽവേ സ്റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിൽ 12 കിലോയിൽ അധികം കഞ്ചാവ് പിടികൂടിയിരുന്നു. എക്സൈസും റെയിൽവേ കുറ്റാന്വേഷണ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിലാണ് റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായി കാണപ്പെട്ട ഒഡിഷ സ്വദേശി അഖില നായകിൽ (22) നിന്ന് എട്ടുകിലോ കഞ്ചാവ് പിടികൂടിയത്. ഇതിന് പുറമേ ഷാലിമാർ - തിരുവനന്തപുരം എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഉടമസ്ഥനില്ലാത്ത ബാഗിൽ നിന്ന് നാലുകിലോ കഞ്ചാവും കണ്ടെത്തി.
എക്സൈസും റെയിൽവേ സംരക്ഷണ സേനയും കഴിഞ്ഞ വർഷം നടത്തിയ പരിശോധനകളിൽ 400 കിലോയിലധികം കഞ്ചാവും അരക്കിലോ എം.ഡി.എം.എയും മൂന്നര കിലോ ഹാഷിഷും ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഹെറോയിനും, 1200 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 50ഓളം പേരാണ് വിവിധ കേസുകളിലായി അറസ്റ്റിലായത്.
Story Highlights: Prohibited tobacco products worth Rs 80 lakh seized Karunagappalli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here