ചന്ദ കൊച്ചാറിന്റെയും ഭർത്താവിന്റെയും ജാമ്യഹർജിയിൽ വിധി ഇന്ന്

വായ്പ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഐസിഐസിഐ മുൻ മേധാവി ചന്ദ കൊച്ചാറിന്റെയും ഭർത്താവിന്റെയും ജാമ്യഹർജിയിൽ ബോംബെ ഹൈക്കോടതി ഇന്ന് വിധി പറയും. ഐസിഐസിഐ വീഡിയോകോൺ തട്ടിപ്പ് കേസിലാണ് ഇരുവരെയും സിബിഐ അറസ്റ്റ് ചെയ്തത്. ഐസിഐസിഐ ബാങ്കിന്റെ സിഇഒ ആയിരിക്കെ ചന്ദ കൊച്ചാർ വീഡിയോകോണിന് ക്രമരഹിതമായി 3250 കോടി രൂപ വായ്പ അനുവദിച്ചുവെന്നാണ് കേസ്. ( chanda kochhar and husband bail verdict today )
2018 മാർച്ചിലാണ് ചന്ദയ്‌ക്കെതിരെ അഴിമതി ആരോപണം ഉയർന്നത്. ഈ ഇടപാടിൽ ക്രിമിനൽ ഗൂഢാലോചന നടന്നതായും, അഴിമതിയുടെ സാമ്പത്തിക പ്രയോജനം ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക്കിനും ബന്ധുക്കൾക്കും ലഭിച്ചതായും ആരോപണം ഉയർന്നിരുന്നു. തുടർന്ന് അതേ വർഷം ഒക്ടോബറിൽ അവർ ഐസിഐസിഐ ബാങ്ക് മേധാവി സ്ഥാനത്ത് നിന്ന് രാജി വെയ്ക്കുകയായിരുന്നു. വീഡിയോകോൺ ഗ്രൂപ്പിന് ബാങ്ക് വായ്പ അനുവദിച്ച് മാസങ്ങൾക്ക് ശേഷം കൊച്ചാർ സ്ഥാപിച്ച ന്യൂപവർ റിന്യൂവബിൾസ് എന്ന കമ്പനിയിൽ മുൻ വീഡിയോകോൺ ചെയർമാൻ വേണുഗോപാൽ ധൂത് കോടിക്കണക്കിന് രൂപ നിക്ഷേപിച്ചെന്നായിരുന്നു സിബിഐ കണ്ടെത്തൽ.
വേണുഗോപാൽ ധൂതും തന്റെ ഭർത്താവായ ദീപക് കൊച്ചാറും തമ്മിലുള്ള ബന്ധം ചന്ദ കൊച്ചാർ മറച്ച് വയ്ക്കുകയായിരുന്നുവെന്നും അവർ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നുമാണ് സി ബി ഐ ആരോപണം. വീഡിയോകോണിന് ഐസിഐസിഐ ബാങ്ക് അനുവദിച്ച വായ്പ കിട്ടാക്കടമായിരുന്നു. ജസ്റ്റിസ് രേവതിയും പി.കെ ചവാനും അടങ്ങുന്ന ഡിവിഷൻ ബഞ്ചാകും വിധി പ്രസ്താവിക്കുക.
Story Highlights: chanda kochhar and husband bail verdict today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here