Advertisement

നേപ്പാൾ ടി-20 ലീഗ്: പ്രതിഫലം നൽകാതെ സംഘാടകർ മുങ്ങി; വ്യാപക വാതുവെപ്പുമായി താരങ്ങൾ

January 9, 2023
1 minute Read

നേപ്പാൾ ടി-20 ലീഗിൽ അടിമുടി പ്രതിസന്ധി. കളിക്കാർക്ക് പ്രതിഫലം നൽകാതെ സംഘാടകർ മുങ്ങിയതോടെ താരങ്ങൾ വ്യാപകമായി വാതുവെക്കാൻ തുടങ്ങി. വിഷയത്തിൽ ഐസിസി ഇടപെടുമെന്നാണ് സൂചന. ലീഗ് ഉടൻ നിർത്തിവെക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഡിസംബർ 24നാണ് ലീഗ് ആരംഭിച്ചത്. ഒരാഴ്ചയ്ക്ക് ശേഷവും താരങ്ങൾക്ക് പണം നൽകിയില്ല. തുടർന്ന് കളത്തിൽ ഇറങ്ങാൻ തയ്യാറാവാതെ താരങ്ങൾ പണിമുടക്കി. ഇതിനിടെ സംഘാടകരായ സെവൻ 3 സ്പോർട്സ് നേപ്പാൾ അസോസിയേഷനുമായുള്ള കരാർ നിർത്തലാക്കി ഇന്ത്യയിലേക്ക് കടന്നു. ഇന്ത്യൻ കമ്പനിയാണ് സെവൻ 3 സ്പോർട്സ്. വ്യവസായിയായ ജതിൻ അഹ്‌ലുവാലിയ ആണ് കമ്പനി ഉടമ. ഈ മാസം 2 വരെ ലീഗിൽ മത്സരങ്ങൾ നടന്നിരുന്നു. സെവൻ 3 സ്പോർട്സ് മുങ്ങിയതോടെ കളി മുടങ്ങി. ഇതിനിടെ ഒരു മത്സരം രണ്ട് മണിക്കൂർ വൈകി 9 ഓവർ വീതമാക്കുകയും ചെയ്തു. ഈ മത്സരത്തിൽ പല വിദേശ താരങ്ങളും കളിക്കാനിറങ്ങിയില്ല. സിംബാബ്വെ താരം സിക്കന്ദർ റാസ അടക്കമുള്ള താരങ്ങൾ രാജ്യം വിടുകയും ചെയ്തു. റാസ ബംഗ്ലാദേശ് പ്രീമിയർ ലീഗിനു മുന്നോടിയായി പരിശീലനം ആരംഭിച്ചുകഴിഞ്ഞു.

ഇതോടൊപ്പം കളത്തിൽ പരസ്യമായ വാതുവെപ്പ് നടക്കുന്നുണ്ടെന്നാണ് മറ്റൊരു ആരോപണം. കമൻ്റേറ്റർ സച്ചിൻ ടിമൽസേന ഇക്കാരണം ചൂണ്ടിക്കാട്ടി ടൂർണമെൻ്റിൽ നിന്ന് പിന്മാറി. വിവിധ താരങ്ങൾ വാതുവെപ്പിൽ ഏർപ്പെടുന്നത് താൻ കണ്ടു എന്ന് ഇദ്ദേഹം പറയുന്നു. സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ പ്രാഥമികാന്വേഷണത്തിൽ മൂന്ന് നേപ്പാളി താരങ്ങളും നാല് വിദേശ താരങ്ങളും വാതുവെപ്പിൽ പങ്കാളികളായെന്ന് കണ്ടെത്തി. സെവൻ 3 സ്പോർട്സും വാതുവെപ്പിൽ പങ്കാളികളായിരുന്നു എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

Story Highlights: nepal t20 league spot fixing salary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top