കലോത്സവത്തിലെ സ്വാഗതഗാന വിവാദം: നടപടി വേണമെന്ന ആവശ്യവുമായി സിപിഐഎം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തില്‍ നടപടി വേണമെന്ന ആവശ്യവുമായി സിപിഐഎം. ദൃശ്യാവിഷ്‌കാരം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്ന് സിപിഐഎം പ്രസ്താവിച്ചു. സംഭവം വിശദമായി പരിശോധിച്ച് നടപടിയെടുക്കണമെന്നും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. (cpim statement in school kalotsavam welcome song)
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ മുസ്ലിം വിരുദ്ധതയുണ്ടെന്ന ആരോപണം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നിരുന്നു. ഒരു മുസ്ലിം വേഷധാരിയെ ഇതില്‍ തീവ്രവാദിയായി ചിത്രീകരിച്ചിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങള്‍. ഇത് മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയും ചെയ്തതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും ഈ വിഷയത്തില്‍ അന്വേഷണം വേണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സിപിഐഎം വിഷയത്തില്‍ നിലപാട് അറിയിച്ചിരിക്കുന്നത്.
Read Also: മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും
സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രസ്താവന ഇങ്ങനെ:
കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്‌ക്കാരം ഇതിനിടയില്‍ വിമര്‍ശനത്തിനിടയാക്കിയത് സി.പി.ഐ (എം) ഗൗരവത്തോടെ കാണുന്നു.
ദൃശ്യാവിഷ്‌ക്കാരത്തില്‍ ഒരു ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരും, കേരളീയ സമൂഹവും ഉയര്‍ത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണ്. തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.
ഇത്തരമൊരു ചിത്രീകരണം ഉണ്ടായതെങ്ങനെയെന്ന് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് സി.പി.ഐ (എം) ജില്ലാസെക്രട്ടറിയേറ്റ് അവശ്യപ്പെടുന്നു.
Story Highlights: cpim statement in school kalotsavam welcome song
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here