കാര്യവട്ടത്തെ ക്രിക്കറ്റ് മത്സരം, വിനോദ നികുതി 12 ശതമാനത്തിൽ നിന്ന് കുറയ്ക്കാൻ കെസിഎ ആവശ്യപെട്ടിട്ടില്ല; മന്ത്രി എം.ബി രാജേഷ്

കാര്യവട്ടം ഗ്രീൻഫീൽഡിലെ ക്രിക്കറ്റ് മത്സരത്തിന് വിനോദ നികുതി കൂട്ടിയിട്ടില്ലെന്ന് ആവർത്തിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്.
കോർപ്പറേഷനും കെസിഎ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് നിരക്ക് നിശ്ചയിച്ചത്. നേരത്തെ വിനോദ നികുതി 5 ശതമാനമാക്കിയത് പേത്യേക സാഹചര്യം പരിഗണിച്ചാണ്. കെസിഎയുമായി സർക്കാരിന് ശത്രുതാ സമീപനം ഇല്ലെന്നും മന്ത്രി പറഞ്ഞു. ( Greenfield Stadium entertainment tax MB Rajesh responds ).
വിനോദ നികുതി സർക്കാർ കുറയ്ക്കുകയാണ് ചെയ്തത്. നികുതി 12 ശതമാനത്തിൽ നിന്ന് കുറയ്ക്കാൻ കെസിഎ ആവശ്യപെട്ടിട്ടില്ല. കോർപ്പറേഷനും വരുമാനം ഉണ്ടാകണം. 24 മുതൽ 50 ശതമാനം വരെ വിനോദ നികുതി പിരിക്കാം. എന്നാൽ കെസിഎയുടെ ആവശ്യപ്രകാരമാണ് 12 ശതമാനമായി കുറച്ചതെന്നും മന്ത്രി വ്യക്തമാക്കി.
Read Also: കാര്യവട്ടം അന്താരാഷ്ട്ര ഏകദിന മത്സരത്തിന് വിനോദ നികുതി കൂട്ടിയെന്ന വാര്‍ത്ത വാസ്തവവിരുദ്ധം: മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം കോർപ്പറേഷനോടും സംഘാടകരായ കേരളാ ക്രിക്കറ്റ് അസോസിയേഷനോടും ചർച്ച ചെയ്ത്, ഇരുകൂട്ടരുടെയും സമ്മതപ്രകാരമാണ് നികുതി നിരക്ക് നിശ്ചയിച്ചതെന്നും മന്ത്രി പറയുന്നു. കാര്യവട്ടത്ത് നടന്ന കഴിഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് 24%ത്തിൽ നിന്ന് 5%മായി വിനോദനികുതി കുറച്ചിരുന്നു. ദീർഘകാലം സ്റ്റേഡിയത്തിൽ മത്സരമില്ലാതിരുന്നതും സംഘാടകർക്ക് സ്റ്റേഡിയം മത്സരത്തിനായി ഒരുക്കുക ദുഷ്കരമാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അന്ന് വലിയ തോതിൽ ഇളവ് അനുവദിച്ചത്. സാഹചര്യം മാറിയതിനാൽ, ഇപ്പോഴും അതേ തോതിലുള്ള ഇളവ് നൽകേണ്ട സ്ഥിതിയില്ല.
ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസരിക്കവേ കായിക മന്ത്രി നടത്തിയ പരാമർശം വിവാദമായിരുന്നു. പട്ടിണി കിടക്കുന്നവർ കളി കാണേണ്ടതില്ലെന്ന വിവാദ പ്രസ്താവനയാണ് മന്ത്രി വി. അബ്ദുറഹ്മാൻ നടത്തിയത്.
Story Highlights: Greenfield Stadium entertainment tax MB Rajesh responds
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here