മദീന മേഖലയിൽ സ്വദേശിവത്കരണ നടപടികൾ ഊർജ്ജിമാക്കുന്നു

മദീന മേഖലയിൽ സ്വദേശിവത്കരണ നടപടികൾ ഊർജ്ജിമാക്കുന്നു. മേഖലയിയെ തൊഴിൽ വിപണിയിൽ 40 മുതൽ 100 ശതമാനം വരെ സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനം. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുകയാണ് അധികൃതർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിവിധ തൊഴിൽ മേഖലകൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനത്തിന്‍റെ നടപടിക്രമ മാർഗരേഖ മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കി. നിരവധി ചെറുകിട സ്ഥാപനങ്ങൾ സ്വദേശിവത്കരിക്കുന്നതിലുൾപ്പെടും. റെസ്റ്റോറൻറുകൾ, ഫാസ്റ്റ് ഫുഡ് കടകൾ, ജൂസ് കടകൾ, മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരിൽ 40 ശതമാനം സ്വദേശിവത്കരിക്കും. ഒരു ഷിഫ്റ്റിൽ നാല് തൊഴിലാളികളോ അതിൽ കൂടുതൽ ആളുകളോ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് ഈ തീരുമാനം ബാധകമാകുക.
സ്വതന്ത്രമായ കെട്ടിടത്തിലോ അല്ലാത്തതോ, മാളുകൾ, കച്ചവട കോപ്ലക്സുകൾ എന്നിവക്കുള്ളിൽ പ്രവർത്തിക്കുന്ന കഫേകൾ, ഐസ്ക്രീം പാർലറുകൾ എന്നിവിടങ്ങളിലെ ജീവനക്കാരിൽ 50 ശതമാനം സ്വദേശിവത്കരിക്കും. ഒരു ഷിഫ്റ്റിൽ രണ്ടോ അതിലധികമോ തൊഴിലാളികൾ ഉണ്ടെങ്കിലാണ് ഈ ശതമാനം ബാധകമാകുക. കൂടാതെ ഭക്ഷണ പാനീയങ്ങളുടെ മൊത്തവ്യാപാരം നടത്തുന്ന സ്ഥാപനങ്ങളും 50 ശതമാനം സ്വദേശിവത്കരിക്കും. ശുചീകരണം, ചരക്ക് കയറ്റിറക്ക് ജോലികളിലേർപ്പെട്ടവരെ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ്, സെയിൽസ് റെപ്രസൻററീവ് ജോലികളിൽ 40 ശതമാനവും അക്കൗണ്ടിങ് ജോലികളിൽ 100 ശതമാനവുമായിരിക്കും സ്വദേശിവത്കരണമെന്ന് ഗൈഡ്ലൈനിൽ ചൂണ്ടിക്കാട്ടുന്നു.
Story Highlights: saudization medina jobs saudi arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here