ഒളിവിൽ കഴിഞ്ഞത് സ്വാമി വേഷത്തിൽ ഏറുമാടം കെട്ടി; കാവലിന് അംഗരക്ഷകർ, പൊലീസ് എത്തിയതും പട്ടികളെ അഴിച്ചുവിട്ടു; പ്രവീൺ റാണയെ കുരുക്കിയത് സാഹസികമായി

സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണ പിടികൂടിയത് സാഹസികമായി. സിനിമയെ വെല്ലുന്ന സാഹസിക രംഗങ്ങൾക്കൊടിവിലാണ് പൊലീസ് റാണയെ കീഴ്പ്പെടുത്തിയത്. ( praveen rana police custody story ).
കോയമ്പത്തൂരിനും പൊള്ളാച്ചിക്കും ഇടയിലെ ദേവരായപുരത്തായിരുന്നു പ്രവീൺ റാണയുടെ താമസം. ഏറുമാടം കെട്ടി അംഗരക്ഷകർക്കൊപ്പം സ്വാമി വേഷത്തിൽ കഴിയുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ പട്ടികളെ അഴിച്ചുവിട്ടു. തുടർന്ന് പൊലീസ് ഇയാളെ അതി സാഹസികമായി പിടികൂടുകയായിരുന്നു. മൂന്ന് അംഗരക്ഷകരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതര സംസ്ഥാനത്തും പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് പ്രവീൺ ഇന്ന് വൈകുന്നേരത്തോടെ ദേവരായപുരത്തു നിന്ന് കസ്റ്റഡിയിലാകുന്നത്. കഴിഞ്ഞ ആറിനാണ് ഇയാൾ സംസ്ഥാനം വിട്ടത്.
കഴിഞ്ഞ ദിവസം പൊലീസ് റാണയെ പിടികൂടുന്നതിനായി ചെലവന്നൂർ കായലോരത്തെ ഫ്ലാറ്റിലെത്തിയെങ്കിലും സാഹസികമായി രക്ഷപെട്ടിരുന്നു. തൃശൂർ പൊലീസെത്തുമ്പോൾ റാണ ഫ്ലാറ്റിലുണ്ടായിരുന്നു. പരിശോധനകൾക്കായി പൊലീസ് മുകളിലേക്ക് കയറിയപ്പോഴാണ് റാണ മറ്റൊരു ലിഫ്റ്റിൽ രക്ഷപ്പെട്ടത്. പൊലീസ് എത്തുന്നതിന് മുമ്പ് ഇയാൾ ബി.എം.ഡബ്ല്യൂ കാറിൽ രക്ഷപ്പെടുകയായിരുന്നു. ഇതറിഞ്ഞ പൊലീസ് ചാലക്കുടിയിൽ വാഹനം തടഞ്ഞപ്പോൾ റാണ അതിൽ ഇല്ലായിരുന്നു.
ഫ്ലാറ്റിൽനിന്ന് ഇയാൾ പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കലൂരിൽ വെച്ച് ഇയാൾ മറ്റൊരു വാഹനത്തിൽ ഇതര സംസ്ഥാനത്തേയ്ക്ക് മുങ്ങുകയായിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം ആരംഭിക്കുകയായിരുന്നു.
തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോങ്ങ് മാർക്കറ്റിംഗ് കൺസൾട്ടൻസിയിലൂടെയാണ് പ്രവീണ് റാണ തട്ടിപ്പ് നടത്തിയത്. നിക്ഷേപകരോട് 48% വരെ റിട്ടേൺ ലഭിക്കുമെന്ന് പറഞ്ഞ് പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. ഇത്തരത്തിൽ നൂറ് കോടി രൂപയുടെ തട്ടിപ്പാണ് പ്രവീൺ റാണ നടത്തിയിരിക്കുന്നത്. വാർത്ത പുറത്ത് വന്നതോടെ കൂടുതൽ പരാതികൾ വരുന്നുണ്ട്. ഇതോടെ തട്ടിയ പണത്തിന്റെ മൂല്യം 150 കോടി കടക്കുമെന്നാണ് റിപ്പോർട്ട്.
കള്ളപ്പണം ഒളിപ്പിക്കാനായി സിനിമയിലും പണം മുടക്കിയെന്നാണ് വിവരം. 2020 ൽ അനൻ എന്ന ചിത്രം നിർമിക്കുകയും ഇതിൽ കേന്ദ്രകഥാപാത്രമായി എത്തുകയും ചെയ്തിട്ടുണ്ട് പ്രവീൺ റാണ. 2022 ലെ ചോരൻ എന്ന സിനിമയും നിർമിച്ച് അതിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പ്രവീൺ റാണയായിരുന്നു.
Story Highlights: praveen rana police custody story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here