പാക്ക് കരസേനാ മേധാവിയുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പാകിസ്താൻ കരസേനാ മേധാവി ജനറൽ അസിം മുനീറുമായി കൂടിക്കാഴ്ച നടത്തി. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ സാബീൽ കൊട്ടാരത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
പ്രതിരോധ, സൈനിക കാര്യങ്ങളിൽ യുഎഇയും പാകിസ്താനും തമ്മിലുള്ള ശക്തമായ സഹകരണം യോഗം ചർച്ച ചെയ്തു. ഇരു രാജ്യങ്ങളുടെയും പൊതുതാൽപ്പര്യങ്ങൾ നിറവേറ്റുന്ന വിധത്തിൽ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനവും കൈകൊണ്ടു. കൂടാതെ പാകിസ്താന്റെ കരസേനാ മേധാവിയായി നിയമിതനായ ജനറൽ അസിം മുനീറിനെ ഷെയ്ഖ് മുഹമ്മദ് അഭിനന്ദിക്കുകയും പുതിയ ചുമതലയിൽ അദ്ദേഹത്തിന് ആശംസകൾ നേരുകയും ചെയ്തു.
തന്റെ ആശംസകൾക്ക് ജനറൽ അസിം മുനീർ ദുബായ് ഭരണാധികാരിയോട് നന്ദി അറിയിച്ചു. യോഗത്തിൽ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പിന്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം, ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ഹിസ് ഹൈനസ് ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ പങ്കെടുത്തു.
Story Highlights: Sheikh Mohammed meets with Pakistan’s Chief of Army Staff
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here