പ്രവീൺ റാണ ഒളിച്ച് കഴിഞ്ഞത് ക്വാറിയോട് ചേർന്ന വിശ്രമമുറിയിൽ; ഒളിത്താവളത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന്

150 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസിൽ അറസ്റ്റിലായ സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനി ഉടമ പ്രവീൺ റാണയുടെ (37) ഒളിത്താവളത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന്. കോയമ്പത്തൂരിനും പൊള്ളാച്ചിക്കുമിടയിൽ ദേവരായപുരത്ത് ക്വാറിയോട് ചേർന്ന വിശ്രമമുറിയിലാണ് റാണ ഒളിച്ച് കഴിഞ്ഞത്. ആ സ്ഥലത്തിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വേഷം മാറി സഹായികൾക്കൊപ്പം കഴിയുകയായിരുന്നു റാണ.
ഈ മാസം ഏഴിന് പുലർച്ചെ 2 മണിക്കാണ് കൊച്ചിയിൽ നിന്ന് പ്രവീൺ റാണ ബൊലോറോ വാഹനത്തിൽ രക്ഷപ്പെട്ടത്. റാണയടക്കം 4 പേർ വാഹനത്തിൽ ഉണ്ടായിരുന്നു. വാളയാർ വഴി രക്ഷപ്പെടാൻ സഹായിച്ചത് കണ്ണൂർ സ്വദേശിയായ ബിസിനസ് പങ്കാളിയായിരുന്നു. തുടർന്ന് പെരുമ്പാവൂർ സ്വദേശി ജോയി പാട്ടത്തിനെടുത്ത ക്വാറിയിൽ അഭയം പ്രാപിക്കുകയാണുണ്ടായത്.
ഇവിടെയെത്തിയ റാണ വേഷം മാറി കാഷായ വേഷത്തിലായിരുന്നു ഒളിവ് ജീവിതം നയിച്ചത്. ഒളിവിൽ കഴിഞ്ഞ ക്വാറി പരിസരത്തേക്ക് 3 വഴികളാണുണ്ടായിരുന്നത്. ഈ വഴികൾ നിരീക്ഷിക്കുന്നതിനും ആളുകളെ നിയോഗിച്ചിരുന്നു. ഇതിനിടയിൽ ക്വാറിയിൽ ജോലിക്കെത്തിയ തൊഴിലാളികളുടെ ഫോണിൽ നിന്ന് പ്രവീൺ വീട്ടിലേക്ക് വിളിച്ചതോടെ പൊലീസിന്റെ പിടി വീഴുകയായിരുന്നു. തുടർന്ന് ദേവരായപുരത്തെത്തിയ പൊലീസ് ക്വാറിയിലേക്കുള്ള മൂന്നു വഴികളും വളഞ്ഞു. തുടർന്ന് പ്രവീണിനെ കീഴ്പ്പെടുത്തുകയായിരുന്നു.
ആദ്യം റാണയുടെ കൂട്ടാളി നവാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നവാസ് തന്നെ റാണ അകത്തുണ്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു. വീടിനകത്തെത്തിയപ്പോൾ കട്ടിലിൽ കിടക്കുകയായിരുന്നു പ്രവീൺ റാണ. കേസിൽ പ്രവീൺ റാണയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
Story Highlights: Praveen Rana was hiding in the rest room next to the quarry; Footage of the hideout for Twentyfour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here