രഞ്ജി ട്രോഫി: ഗുജറാത്തിനെതിരെ 73 പ്രതിരോധിച്ച് വിദർഭ; റെക്കോർഡ്

രഞ്ജി ട്രോഫിയിൽ പുതിയ റെക്കോർഡുമായി വിദർഭ. ഗുജറാത്തിനെതിരെ രണ്ടാം ഇന്നിംഗ്സിൽ 73 റൺസ് പ്രതിരോധിച്ച് വിജയിച്ചതോടെയാണ് വിദർഭ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. രണ്ടാം ഇന്നിംഗ്സിൽ 54 റൺസിന് ഗുജറാത്തിനെ ഓളൗട്ടാക്കിയ വിദർഭ 18 റൺസിന് വിജയിച്ചു. രഞ്ജി ചരിത്രത്തിൽ തന്നെ പ്രതിരോധിക്കപ്പെടുന്ന ഏറ്റവും കുറഞ്ഞ സ്കോർ ആണിത്.
ബീഹാറിൻ്റെ റെക്കോർഡാണ് വിദർഭ തകർത്തത്. 1948/49 സീസണിൽ ഡൽഹിക്കെതിരെ 78 റൺസ് പ്രതിരോധിച്ചാണ് ബീഹാർ റെക്കോർഡിട്ടത്. ഡൽഹിയെ അന്ന് 48 റൺസിന് ബീഹാർ ഓളൗട്ടാക്കിയിരുന്നു.
വിദർഭയ്ക്കായി സ്പിന്നർ ആദിത്യ സർവടെയാണ് തിളങ്ങിയത്. താരം 17 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ വിദർഭ 74 റൺസിന് ഓളൗട്ടായി. മറുപടിയായി ഗുജറാത്ത് 256 റൺസ് നേടി. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ വിദർഭ രണ്ട് റൺസിനിപ്പുറം ഓളൗട്ടായി. ഇതോടെ ഗുജറാത്തിൻ്റെ വിജയലക്ഷ്യം 73 ആയി. കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്ത് 54 റൺസിന് ഓളൗട്ടാവുകയായിരുന്നു. ആദിത്യ സർവടെയ്ക്കൊപ്പം ഹർഷ് ദുബെ മൂന്ന് വിക്കറ്റ് വീഴ്ത്തി. 18 റൺസെടുത്ത സിദ്ധാർത്ഥ് ദേശായി മാത്രമേ ഗുജറാത്ത് നിരയിൽ ഇരട്ടയക്കം കടന്നുള്ളൂ.
Story Highlights: ranji vidarbha record gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here