കാട്ടുകൊമ്പന്‍ പി.ടി സെവന്‍ എങ്ങനെ പാലക്കാടിന്റെ പേടിസ്വപ്‌നമായി മാറി…?

പാലക്കാട്ടുകാരെ അടിമുടി വിറപ്പിച്ച കാട്ടുകൊമ്പനാണ് പി.ടി സെവന്‍ എന്ന പാലക്കാട് ടസ്‌കര്‍ 7. മറ്റ് ആനകളോട് അധികകാലം കൂട്ടുകൂടാത്ത, തന്നിഷ്ടക്കാരനായ ആനയായാണ് വനംവകുപ്പ് പി ടി സെവനെ വേര്‍തിരിച്ചിട്ടുള്ളത്. ശൗര്യമേറെയുള്ള, നാട്ടുകാര്‍ക്ക് ശല്യക്കാരനായ പി ടി സെവന്റെ കഥ ഇങ്ങനെ…
മാങ്ങയും ചക്കയുമാണ് പാലക്കാട് ടസ്‌കറിന്റെ ഇഷ്ടവിഭവങ്ങള്‍. വിളയുന്ന നെല്ലിന്റെയും പൈനാപ്പിളിന്റെയും മണം പിടിച്ച് അവയെ തേടി കിലോമീറ്ററുകളോളം ഏകനായി സഞ്ചരിക്കുന്ന തന്നിഷ്ടക്കാരന്‍. ഭക്ഷണം തേടിയുള്ള യാത്രയ്ക്കിടെ മുന്നില്‍ കാണുന്ന തടസങ്ങളൊക്കെ തകര്‍ക്കും. നാല് വര്‍ഷമായി ധോണിയിലും മുണ്ടൂരിലും കറങ്ങിനടന്ന ജനങ്ങളെ വട്ടംചുറ്റിക്കുകയായിരുന്നു പി ടി സെവന്‍.
പാലക്കാട് വനം ഡിവിഷനില്‍ ആക്രമണകാരികളായ കാട്ടാനകളുടെ പട്ടികയില്‍ മുന്‍നിരയിലുണ്ട് പി ടി സെവന്‍. ധോണി, മുണ്ടൂര്‍ വനമേഖലയില്‍ തന്നെ പാലക്കാട് ടസ്‌കര്‍ 2, പാലക്കാട് ടസ്‌കര്‍ 15 എന്നീ ആനകളുണ്ടെങ്കിലും ഇവയത്ര ആക്രമണ സ്വഭാവമുള്ളവയല്ല എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുന്‍പ് പി ടി രണ്ടാമനുമായി കൂട്ടുചേര്‍ന്നാണ് പി ടി സെവന്‍ നാട്ടിലിറങ്ങിയിരുന്നത്. പിന്നീട് ഈ കൂട്ടുപിരിഞ്ഞ് ഒറ്റക്കായി സഞ്ചാരം.
Read Also: ബത്തേരി ടൗണിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ കുങ്കിയാനകളായ സുരേന്ദ്രനും സൂര്യയും എത്തി
2019 മുതല്‍ പി ടി സെവന്‍ നാട്ടിലെ കൃഷിയിടങ്ങളിലേക്ക് എത്താറുണ്ടെങ്കിലും കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയാണ് ഇത്ര അക്രമകാരിയായി മാറിയത്. വനപാലകരും നാട്ടുകാരും ചേര്‍ന്ന് കാട്ടിനകത്തേക്ക് ഓടിച്ചുവിടുന്ന ആന തൊട്ടടുത്ത ദിവസങ്ങളില്‍ വീണ്ടും കാടിറങ്ങിവരും. രാത്രിയില്‍ ഇരുട്ടിന്റെ മറപറ്റിയിറങ്ങുന്ന ഒറ്റയാന് ധോണിയിലും മുണ്ടൂരിലുമുള്ള ഇടവഴികള്‍ പോലും പരിചിതം. കൃഷിയിടങ്ങള്‍ തേടിച്ചെന്ന് നശിപ്പിക്കും. മതിലുകളും വേലികളും ഉള്‍പ്പെടെ മുന്നിലുള്ള തടസങ്ങളെല്ലാം തകര്‍ത്ത് മുന്നേറും. ഇതിനിടെ കാട്ടാനകളുടെ ആക്രമണത്തില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പി ടി സെവനെ പിടിക്കണമെന്നാവശ്യപ്പെട്ട് ഒരു നാട് തന്നെ രംഗത്തിറങ്ങുകയായിരുന്നു.
Story Highlights: How PT Seven elephant became Palakkad’s nightmare
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here