തീയറ്ററിൽ ആവേശത്തിരയിളക്കി പത്താൻ; ഷാരൂഖിൻ്റെ തിരിച്ചുവരവെന്ന് നിരൂപകർ

തീയറ്ററിൽ ആവേശത്തിരയിളക്കി ഷാരൂഖ് ഖാൻ ചിത്രം പത്താൻ. ചിത്രം ബ്ലോക്ക്ബസ്റ്ററാവുമെന്നാണ് സിനിമാ നിരൂപകരുടെ അഭിപ്രായം. ചിത്രത്തിൻ്റെ സംഘട്ടന രംഗങ്ങൾ അതിഗംഭീരമാണെന്നും തരൺ ആദർശ് അടക്കമുള്ള ബോളിവുഡ് നിരൂപകർ അഭിപ്രായപ്പെടുന്നു. ഇൻഡോറിലും ബീഹാറിലും ചിത്രത്തിനെതിരെ പ്രതിഷേധം ഉയർന്നു.
പതിവുപോലെ ഷാരൂഖ് കലക്കിയെന്നാണ് ആരാധകരുടെ അഭിപ്രായം. സൽമാൻ ഖാൻ്റെ കാമിയോ റോൾ ചിത്രത്തിൻ്റെ സംഘട്ടനങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയർത്തുകയാണ്. ജോൺ എബ്രഹാം, ദീപിക പദുക്കോൺ എന്നിവരും ചിത്രത്തിൽ നടത്തുന്നത് അസാമാന്യ പ്രകടനങ്ങളാണ്. ഒരു എൻ്റർടൈനർ സിനിമയ്ക്ക് വേണ്ട എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ സിനിമയാണ് പത്താൻ എന്നും ആദ്യ പ്രതികരണങ്ങൾ തെളിയിക്കുന്നു.
വമ്പൻ ഹൈപ്പിലാണ് സിനിമ പുറത്തിറങ്ങിയത്. ഹിറ്റ് ജോഡികളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന ചിത്രത്തിൻ്റെ പ്രീബുക്കിംഗ് 50 കോടിയ്ക്ക് മുകളിലായിരുന്നു. ഹിന്ദു സംഘടനകൾ നടത്തിയ ബഹിഷ്കരണാഹ്വാനവും മറികടന്നാണ് ചിത്രത്തിൻ്റെ കുതിപ്പ്. എന്നാൽ, പത്താൻ റിലീസ് തടയില്ലെന്ന് ബജ്റംഗ്ദൾ അടക്കമുള്ള ഹിന്ദു സംഘടനകൾ നിലപാടെടുത്തു.
സിദ്ധാർത്ഥ് ആനന്ദാണ് സിനിമയുടെ സംവിധായകൻ. 2018ൽ പുറത്തിറങ്ങിയ ‘സീറോ’യ്ക്ക് ശേഷം ഷാരൂഖിൻ്റേതായി പുറത്തിറങ്ങുന്ന സിനിമ കൂടിയാണ് പത്താൻ.
Story Highlights: sharukh khan pathaan response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here