ബംഗളൂരുവിലെ ഫ്ളൈ ഓവറിൽ നിന്ന് നോട്ടുകൾ വാരിയെറിഞ്ഞ് ട്രാഫിക് തടസ്സമുണ്ടാക്കി; യൂ ട്യൂബർ പിടിയിൽ

ഫ്ളൈ ഓവറിൽ നിന്ന് നോട്ടുകൾ വാരിയെറിഞ്ഞ് ട്രാഫിക് തടസ്സമുണ്ടാക്കിയ ഇവന്റ് മാനേജരും യൂ ട്യൂബറുമായ യുവാവ് അറസ്റ്റിലായി. ബംഗളൂരുവിലെ മൈസൂർ റോഡിലെ കെ.ആർ മാർക്കറ്റ് അവന്യൂ റോഡിന് സമീപമാണ് സംഭവം. നഗരബാവി സ്വദേശി അരുൺകുമാറിനെയാണ് (30) പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവന്റ് മാനേജരെന്ന നിലയിൽ പബ്ളിസിറ്റിക്ക് വേണ്ടിയാണ് നോട്ട് വിതറിയതെന്നാണ് ഇയാളുടെ വിചിത്രമായ വിശദീകരണം.
Read Also: “രക്ഷയില്ലാത്ത ട്രാഫിക്”; വിവാഹസ്ഥലത്തേക്ക് മെട്രോയിൽ പോകുന്ന വധു- വിഡിയോ
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. നൂറിന്റെയും ഇരുന്നൂറിന്റെയും പത്തിന്റെയും ഉൾപ്പടെ നോട്ടുകൾ റോഡിലേക്ക് പറത്തി വിടുകയായിരുന്നു. നോട്ടുകൾ പെറുക്കിയെടുക്കാനായി വഴിയാത്രക്കാരും വാഹന യാത്രക്കാരും കച്ചവടക്കാരും തിരക്കുകൂട്ടിയതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു. സോഷ്യൽ മീഡിയയിൽ ‘നോട്ടുമഴ”യുടെ വീഡിയോകൾ പ്രചരിക്കുന്നുണ്ട്. രണ്ടു വീഡിയോ അരുണിന്റെ സുഹൃത്തുക്കളും മറ്റ് വീഡിയോ കാഴ്ചക്കാരായവരും എടുത്തതാണെന്ന് പാെലീസ് അറിയിച്ചു.
റോഡ് ബ്ളോക്കായപ്പോഴും യുവാവ് ഫ്ളൈ ഓവറിൽ നിന്ന് തന്റെ ബാഗിൽ കൈയിട്ട് നോട്ടുകൾ വാരിയെടുത്ത് വിതറുകയായിരുന്നു. പതിനഞ്ച് മിനിട്ടോളം യുവാവ് നോട്ടുകൾ താഴേക്കിട്ടുകൊണ്ടിരുന്നതിനിടെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഒച്ചവച്ചിട്ടും അയാൾ പ്രവൃത്തി തുടർന്നു. റോഡിൽ കൂട്ടക്കുരുക്കായതോടെ സിറ്റി മാർക്കറ്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് ഒരു കോൺസ്റ്റബിളെത്തിയത് കണ്ട യുവാവ് സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യുവാവിനെ കണ്ടെത്താൻ നടപടി സ്വീകരിക്കുകയായിരുന്നു.
Story Highlights: Blogger arrested for throwing currency notes from flyover
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here