വധുവിന് 18 വയസ് ആയില്ലെങ്കിലും ഹിന്ദു വിവാഹനിയമപ്രകാരം വിവാഹം അസാധുവല്ലെന്ന് കർണാടക ഹൈക്കോടതി

വിവാഹ സമയത്ത് വധുവിന് 18 വയസ് പൂർത്തിയായില്ലെങ്കിലും ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം അസാധുവാണെന്നു പറയാനാവില്ലെന്ന് കർണാടക ഹൈക്കോടതി. വധുവിന് 18 വയസ് പൂർത്തിയാവാത്ത വിവാഹം അസാധുവാണെന്ന കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ വിധി. ജസ്റ്റിസുമാരായ അലോക് ആരാധെ, എസ് വിശ്വജിത് ഷെട്ടി എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹിന്ദു വിവാഹ നിയമത്തിലെ 11ആം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് വിവാഹം അസാധുവാണെന്ന് കുടുംബ കോടതി വിധിച്ചത്. എന്നാൽ ഇത് ഹൈക്കോടതി തള്ളി. 11ആം വകുപ്പിൽ അസാധു വിവാഹങ്ങളുടെ പരിധിയിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് വിലയിരുത്തുന്നതിൽ കുടുംബ കോടതിക്ക് തെറ്റു പറ്റിയെന്നും ഹൈക്കോടതി പറഞ്ഞു.
കുടുംബ കോടതി വിധിക്കെതിരെ ഷീല എന്ന യുവതി നൽകിയ പരാതിയിലാണ് ഹൈക്കോടതി ഉത്തരവ്. 2012ലാണ് ഷീലയുടെ വിവാഹം നടന്നത്. മഞ്ജുനാഥ് ആയിരുന്നു ഭർത്താവ്. എന്നാൽ, വിവാഹ ദിവസം ഷീലയ്ക്ക് 18 വയസ് പൂർത്തിയായില്ലെന്ന് മഞ്ജുനാഥ് പിന്നീട് മനസ്സിലാക്കി. തുടർന്നാണ് വിവാഹം അസാധുവാക്കാൻ മഞ്ജുനാഥ് കുടുംബ കോടതിയെ സമീപിച്ചത്.
1995 സെപ്തംബർ ആറിനാണ് ഷീല ജനിച്ചത്. ഇത് പ്രകാരം, ഷീലയ്ക്ക് വിവാഹ ദിവസം 16 വർഷവും 11 മാസവും 8 ദിവസവുമാണ് പ്രായമെന്ന് കുടുംബ കോടതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്ലാണ് കുടുംബ കോടതി വിവാഹം അസാധുവാണെന്നു വിധിച്ചത്.
Story Highlights: karnataka high courthindu marriage act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here