ട്രംപിനെ വധിക്കാൻ വിഷം കലർത്തിയ കത്ത്: യുവതി കുറ്റം സമ്മതിച്ചു, ശിക്ഷാവിധി ഏപ്രിലിൽ

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാന്‍ മാരക വിഷം പുരട്ടിയ കത്ത് അയച്ച കേസിൽ ഫ്രഞ്ച്-കനേഡിയൻ യുവതി കുറ്റം സമ്മതിച്ചു. ക്യൂബെക്കിലെ തന്റെ വസതിയിൽ വച്ച് വിഷം ഉണ്ടാക്കിയതായി 55 കാരിയായ പാസ്കൽ ഫെറിയർ സമ്മതിച്ചതായി യുഎസ് നീതിന്യായ വകുപ്പ്. പതിക്ക് 22 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് 2020 സെപ്റ്റംബറിലാണ് ജൈവവിഷമായ റൈസിന്‍ പൊടി പുരട്ടിയ കത്ത് പാസ്കൽ ഫെറിയർ വൈറ്റ് ഹൗസിലേക്ക് അയച്ചത്. ജൈവായുധ പ്രയോഗം കൊണ്ട് ട്രംപിനേയും മറ്റു ചില അമേരിക്കന്‍ ഉദ്യോഗസ്ഥരേയും വധിക്കുക എന്നതായിരുന്നു ലക്ഷ്യം. റൈസിനെന്ന വിഷപ്പൊടി പുരട്ടിയ 6 കത്തുകളാണ് അയച്ചത്. ഒന്ന് വൈറ്റ് ഹൗസിലേക്കും 5 എണ്ണം ടെക്‌സാസ് നിയമ വകുപ്പ് ഓഫീസുകളിലേക്കും.
എന്നാല്‍ കത്ത് ട്രംപിന്റെ കൈയിലെത്തും മുന്നേതന്നെ നശിപ്പിക്കുകയായിരുന്നു. കത്തിൽ പാസ്കൽ ഫെറിയറുടെ വിരലടയാളം എഫ്ബിഐ കണ്ടെത്തി. ഫ്രാൻസിലെയും കാനഡയിലെയും ഇരട്ട പൗരത്വമുള്ള ഫെറിയർ, 2020 സെപ്റ്റംബറിൽ അതിർത്തി കടന്ന് ന്യൂയോർക്കിലെ ബഫല്ലോയിലേക്ക് പോകുന്നതിനിടെയാണ് അറസ്റ്റിലായത്. അറസ്റ്റിലാകുമ്പോൾ തോക്കും കത്തിയും വെടിയുണ്ടകളും കൈവശം ഉണ്ടായിരുന്നു.
ഫെറിയര്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറാണ്. 2019 ല്‍ നിയമവിരുദ്ധമായി ആയുധം കൈയിൽ വച്ചതിനും വ്യാജ ഡ്രൈവിംഗ് ലൈസണ്‍സ് ഉപയോഗിച്ചതിനും ഫെറിയറിനെ അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ 26 ന് ശിക്ഷാവിധി പ്രഖ്യാപിക്കും. 262 മാസത്തെ തടവ് ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2014 ൽ, പ്രസിഡന്റ് ബരാക് ഒബാമയ്ക്കും മറ്റ് ഉദ്യോഗസ്ഥർക്കും റിസിൻ പുരട്ടിയ കത്തുകൾ അയച്ചതിന് മിസിസിപ്പിയിൽ നിന്നുള്ള ഒരാളെ 25 വർഷം തടവിന് ശിക്ഷിച്ചിരുന്നു.
Story Highlights: Canadian woman pleads guilty to sending Donald Trump ricin poison
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here