പാകിസ്താൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം

പാകിസ്താൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിനിമയനിരക്കിലാണ് ഇപ്പോൾ പാകിസ്താൻ രൂപ. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ, പ്രതിസന്ധി പരിഹരിക്കാൻ ചെലവു ചുരുക്കൽ പദ്ധതികൾ ആവിഷ്കരിക്കുകയാണ് രാജ്യം. ( Pakistani Rupee Plunges to Record Low ).
ഡോളറിനെതിരെ പാക്കിസ്ഥാൻ രൂപയുടെ വിനിമയനിരക്ക് 255 രൂപയായി കുറഞ്ഞു. 24 രൂപയുടെ ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയത്. അന്താരാഷ്ട്രനാണ്യനിധിയുടെ നിർദേശം അനുസരിച്ച് വിപണി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെത്തുടർന്നാണ് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്. ഐഎംഎഫിൽ നിന്ന് അടിയന്തരസഹായം അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് സർക്കാർ നിയന്ത്രണങ്ങൾ പിൻവലിച്ചത്.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
പ്രതിസന്ധി രൂക്ഷമായതിനെതുടർന്ന് സർക്കാർ അടിയന്തരയോഗം ചേർന്നിരുന്നു. എംപിമാരുടെ ശമ്പളം വെട്ടിക്കുറക്കുക, വൈദ്യുതി, പ്രകൃതിവാതകവില വർധിപ്പിക്കുക തുടങ്ങി കടുത്ത ചെലവുചുരുക്കൽ നടപടികളിലേക്ക് കടക്കുകയാണ് രാജ്യം. സൈന്യത്തിനും സർക്കാർ ഉദ്യോഗസ്ഥർക്കും അനുവദിച്ച ഭൂമി തിരിച്ചെടുക്കും. ഇന്റലിജൻസ് ഏജൻസികൾക്ക് ഫണ്ടിംഗിനുള്ള വിവേചനാധികാരം വെട്ടിച്ചുരുക്കും.
വൈദ്യുതിവിതരണശൃംഖലയിലുണ്ടായ തകരാറുമൂലം കഴിഞ്ഞദിവസം രാജ്യത്ത് വൈദ്യുതി മുടങ്ങിയിരുന്നു. 22 കോടിയിലേറെപ്പേരാണ് ദുരിതത്തിലായത്. കടുത്തസാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താൻ, വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ചന്തകളും ഷോപ്പിങ് മാളുകളും എട്ടരയ്ക്ക് അടയ്ക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ കഴിഞ്ഞമാസം നടപ്പാക്കിയിരുന്നു.
Story Highlights: Pakistani Rupee Plunges to Record Low
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here