നവയുഗം സഫിയ അജിത്ത് അവാർഡ് മന്ത്രി കെ രാജന് സമ്മാനിച്ചു

നവയുഗം സാംസ്‌കാരിക വേദിയുടെ സാമൂഹ്യപ്രതിബദ്ധതയ്ക്കുള്ള 2021 ലെ സഫിയ അജിത്ത് മെമ്മോറിയൽ അവാർഡ് കേരളരാഷ്ട്രീയത്തിലെ ശ്രദ്ധേയനായ യുവനേതാവും, കേരള സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയുമായ കെ രാജന് സമ്മാനിച്ചു.
ദമ്മാം ഉമ്മുൽ സാഹിക്കിൽ നവയുഗസന്ധ്യയോടനുബന്ധിച്ചു വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സി.പി.ഐ സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗവും, കേരളസംസ്ഥാന ഹൗസിങ് ബോർഡ് ചെയർമാനുമായ പി. പി സുനീർ, സഫിയ അജിത്ത് അവാർഡ് കെ രാജന് സമ്മാനിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി ഖജാൻജി കെ സാജൻ ക്യാഷ്പ്രൈസ് സമ്മാനിച്ചു. അൻപതിനായിരം രൂപയും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
സൗദിയിലെ പ്രവാസികൾ ഏറെ സ്നേഹത്തോടെ ഓർമ്മിയ്ക്കുന്ന ജീവകാരുണ്യപ്രവർത്തകയായ സഫിയ അജിത്തിന്റെ പേരിലുള്ള അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും, ഇത് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വം വർദ്ധിപ്പിയ്ക്കുന്നുവെന്നും കെ രാജൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നവയുഗം കേന്ദ്രനേതാക്കളായ ഷാജി മതിലകം, എം എ വാഹിദ് കാര്യറ, മഞ്ജു മണിക്കുട്ടൻ, ബിജു വർക്കി, നാസ് വക്കം (സാമൂഹ്യപ്രവർത്തകൻ), നൗഷാദ് അകോലത്തു (നവോദയ), സിദ്ധിക്ക് പാണ്ടികശാല (കെ എം സി സി), ഇ.കെ.സലിം (ഓ.ഐ.സി.സി) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Story Highlights: Nav Yug Safia Ajith award to K Rajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here