‘എല്ലാ പൗരന്മാരുടേയും വോട്ടവകാശം പുനസ്ഥാപിക്കും’; ത്രിപുരയില്‍ ഇടതുമുന്നണി പ്രകടനപത്രിക പുറത്തിറക്കി

ത്രിപുര തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. രണ്ടര ലക്ഷത്തിലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ദരിദ്രരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നും ഉള്‍പ്പെടെയുള്ള ശ്രദ്ധേയമായ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. ഇടത് മുന്നണി കണ്‍വീനര്‍ നാരായന്‍ കര്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗദരി തുടങ്ങിയവരാണ് പ്രകടന പത്രിക പുറത്തിറക്കിയത്. (Tripura election 2023 CPIM releases manifesto)
എല്ലാ പൗരന്‍മാരുടെയും വോട്ടവകാശം പുനസ്ഥാപിക്കുമെന്നും ഭരണഘടന അവകാശങ്ങള്‍ ഉറപ്പുവരുത്തുമെന്നും പത്രികയിലൂടെ സിപിഐഎം വാഗ്ദാനം ചെയ്തിട്ടുണ്ട്. മൗലികാവകാശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. മതസ്വാതന്ത്ര്യം ഉറപ്പാക്കും. അധികാരത്തിലെത്തിയാല്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ കൃത്യസമയങ്ങളില്‍ നടത്തുമെന്നും മാധ്യമസ്വാതന്ത്ര്യം പുനസ്ഥാപിക്കുമെന്നും സിപിഐഎം വാഗ്ദാനം ചെയ്യുന്നു.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്ന നിലപാടാണ് സിപിഐഎം പ്രകടന പത്രികയിലൂടെ അവതരിപ്പിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ രണ്ടുതവണ ഡി എ നല്‍കും. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കും. സര്‍വ്വശിക്ഷ അധ്യാപകരുടെ വേതനം വര്‍ദ്ധിപ്പിക്കും. കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തും. തൊഴിലുറപ്പ് പദ്ധതിയില്‍ 200 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും. അധികാരത്തിലെത്തിയാല്‍ തൊഴിലാളി വിരുദ്ധ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കില്ലെന്നും പത്രികയിലൂടെ സിപിഐഎം ഉറപ്പ് പറയുന്നു.
പത്രികയിലെ മറ്റ് വാഗ്ദാനങ്ങള്‍:
സൗജന്യ ജലസേചനം.
വിത്ത്, വളം കീടനാശിനി എന്നിവ വിതരണം ചെയ്യും.
ധാന്യസംഭരണ കേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിക്കും.
കര്‍ഷക തൊഴിലാളി വേതനം കൂട്ടും.
പഴയ പെന്‍ഷന്‍ പദ്ധതി തിരികെ കൊണ്ട് വരും
2.5 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി
ആശ അംഗന്‍വാടി ജീവനക്കാരുടെ വേദന വര്‍ധിപ്പിക്കും.
പ്രതിമാസം 50 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും
10323 അധ്യാപകരെയും ജോലിയിലേക്ക് തിരിച്ചെടുക്കും
ബിജെപി സര്‍ക്കാര്‍ വെട്ടികുറച്ച ജീവനക്കാര്‍ക്ക് മുഴുവന്‍ തൊഴില്‍ നല്‍കും.
Story Highlights: Tripura election 2023 CPIM releases manifesto
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here