വർത്തമാനകാല ഇന്ത്യയിൽ മാധ്യമ പ്രവർത്തനവും അഭിപ്രായ സ്വാതന്ത്ര്യവും നേരിടുന്ന വെല്ലുവിളിയിൽ ആശങ്ക പങ്കുവെച്ച് ‘ചില്ല’ പ്രതിമാസ വായനാ സദസ്സ്

വർത്തമാനകാല ഇന്ത്യയിൽ മാധ്യമ പ്രവർത്തനവും അഭിപ്രായ സ്വാതന്ത്ര്യവും നേരിടുന്ന വെല്ലുവിളിയിൽ ആശങ്ക പങ്കുവെച്ച് ‘ചില്ല’ പ്രതിമാസ വായനാ സദസ്സ് ശിഫ അൽ ജസീറ ക്ലിനിക് ഹാളിൽ നടന്നു. ബിബിസിയുടെ ‘ഇന്ത്യ ദ മോഡി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി ഇന്ത്യയിലെ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ സർക്കാർ ഉത്തരവിട്ടുവെന്നും ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ച വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തുവെന്നും, ഇത്തരം സാഹചര്യം ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പ് അപകടത്തിലാക്കുന്നുവെും സംവാദത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ( chilla monthly reading program )
സംവാദത്തിന് മുന്നോടിയായി ആനന്ദിന്റെ ആൾക്കൂട്ടം, സാറാ ജോസഫിന്റെ ബുധിനി, അശോകൻ ചരുവിലിന്റെ കാട്ടൂർക്കടവ്, എമിലി ബ്രോണ്ടിയുടെ വതറിംഗ് ഹൈറ്റ്സ്, കെ എൻ പണിക്കരുടെ കലുഷിതമായ കാലം, ഷരീഫ് ചുങ്കത്തറയുടെ ഇന്ത്യ 350 സിസി എന്നീ പുസ്തകങ്ങളുടെ വായനാനുഭവങ്ങൾ അവതരിപ്പിച്ചു.
വതറിംഗ് ഹൈറ്റ്സിന്റെ വായനാനുഭവം സജന മടപ്പള്ളി അവതരിപ്പിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്. ഇംഗ്ലീഷ് വിക്ടോറിയൻ സാമൂഹ്യചട്ടങ്ങളെയും സദാചാരമൂല്യങ്ങളെയും നോവൽ വെല്ലുവിളിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ മികച്ച രചനയായാണിതെന്ന് അവർ അഭിപ്രായപ്പെട്ടു. ഷെരീഫ് ചുങ്കത്തറ എഴുതിയ ഇന്ത്യൻ യാത്രാനുഭവങ്ങളുടെ സമാഹാരമായ ഇന്ത്യ 350 സിസി ഗ്രന്ഥകാരന്റെ ഇന്ത്യൻ യാത്രാനുഭവങ്ങളിലെ വൈവിദ്ധ്യങ്ങളെ വായനക്കാരുമായി പങ്കുവെക്കുന്നു. ഇന്ത്യൻ ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പ് മനസ്സിലാക്കാൻ പുസ്തകം സഹായകമാണെന്ന് അവതാരകൻ ഫൈസൽ കൊണ്ടോട്ടി പറഞ്ഞു.
സീബ കൂവോട് അവതരിപ്പിച്ച ബുധിനി വികസനപദ്ധതികളുടെ പേരിൽ സ്വന്തം മണ്ണിൽ നിന്ന് കുടിയിറക്കപ്പെടുന്ന ഗോത്രജനതയുടെ കഥയാണ് പറയുന്നത്. അത്തരം ഗോത്രങ്ങളിലും ഏറ്റവും അടിച്ചമർത്തപ്പെടുന്നതും ഒറ്റപ്പെടുത്തപ്പെടുന്നതും സ്ത്രീകളാണ് എന്ന വസ്തുത കൂടി നോവൽ പങ്കുവെക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. അശോകൻ ചരുവിലിന്റെ ഏറ്റവും പുതിയ നോവൽ വായന അവതരിപ്പിച്ചത് വിപിൻ കുമാറാണ്. കാട്ടൂർ കടവ് എന്ന ദേശത്തിലൂടെ ഇതിഹാസമാനമുള്ള കഥാപ്രപഞ്ചം തീർക്കുകയാണ് എഴുത്തുകാരൻ. കമ്യൂണിസ്റ്റ് പാർട്ടിയും വിമർശനവും ഇടകലരുന്ന സർഗാത്മകവും ഭാവനാത്മകവുമായ ഉജ്ജ്വല നോവലാണിതെന്നും അദ്ദേഹം പറഞ്ഞു.
സംവാദത്തിൽ ബീന, സഫറുദ്ദീൻ, നജീം കൊച്ചുകലുങ്ക്, ശിഹാബ് കുഞ്ചീസ്, പ്രഭാകരൻ, വിനോദ്, ബിജു തായമ്പത്ത് എന്നിവർ പങ്കെടുത്തു. എം ഫൈസൽ മോഡറേറ്ററായിരുന്നു.
Story Highlights: chilla monthly reading program
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here