സ്റ്റാർ റിസോർട്ടെന്നാൽ വിപ്ലവ റിസോർട്ട്, പെട്രോളിനും ഡീസലിനും ഇനി ‘ചിന്താ സെസ്’ ഏർപ്പെടുത്തോ; വിമർശിച്ച് യൂത്ത് കോൺഗ്രസ്
റിസോർട്ടിൽ താമസിച്ചത് സംബന്ധിച്ച വിവാദത്തിൽ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ. വാടകയിനത്തിലേക്കായി പെട്രോളിനും ഡീസലിനും ഇനി ‘ചിന്താ സെസ്’ കൂടി ഏർപ്പെടുത്തോ എന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ കുറിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ഷാഫി പറമ്പിൽ പ്രതികരിച്ചത്.(youth congress against chintha jerome resort controversy)
എന്നാൽ 4 സ്റ്റാർ ഹോട്ടലിന്റെ ഒന്നര വർഷത്തെ താമസത്തിന്റെ ബില്ലടച്ചതിന് ശേഷം ബാക്കിയുള്ള തുക മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചാൽ കൊഴപ്പണ്ടോ എന്നായിരുന്നു വി ടി ബൽറാം കുറിച്ചത്.
Read Also:മാതാവിന് ആയുർവേദ ചികിത്സയ്ക്കായാണ് റിസോർട്ടിൽ താമസിച്ചത്; ചിന്ത ജെറോം
4 സ്റ്റാറിലെ സ്റ്റാർ അരിവാൾ ചുറ്റിക നക്ഷത്രത്തിലെ സ്റ്റാറാണ്..സ്റ്റാർ വിപ്ലവമാണ്.
അപ്പോൾ സ്റ്റാർ റിസോർട്ടെന്നാൽ വിപ്ലവ റിസോർട്ട് എന്നാണ് അർത്ഥമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം വിഷയത്തിൽ വിശദീകരണവുമായി യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം രംഗത്തെത്തി. മാതാവിന് ആയുർവേദ ചികിത്സയ്ക്കായാണ് റിസോർട്ടിൽ താമസിച്ചതെന്ന് ചിന്ത ജെറോം വ്യകത്മാക്കി. വീടുപണി നടക്കുന്നതിനാൽ സൗകര്യാർഥം താമസിച്ചതാണെന്ന് ചിന്ത പറഞ്ഞു. 20000 രൂപ മാസ വാടകയ്ക്കാണ് താമസിച്ചത്. പലപ്പോഴും വാടക നൽകിയത് മാതാവാണ്. തന്റെ കയ്യിൽ നിന്നും മാതാവിന്റെ പെൻഷനിൽ നിന്നുമാണ് വാടക തുക നൽകിയത്. ദിവസങ്ങളായി തനിക്കെതിരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നെന്നും ചിന്ത ജെറോം വ്യക്തമാക്കി.
അതേസമയം കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ മൂന്ന് മുറികളുള്ള അപാർട്മെൻ്റിൽ ചിന്താ ജെറോം ഒന്നേമുക്കാൽ വർഷം താമസിച്ചെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാർട്മെന്റിന്റെ വാടക. ഇക്കണക്കിൽ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നൽകേണ്ടി വന്നുവെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാമ്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങൾ അന്വഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിലും പരാതി നൽകിയിട്ടുണ്ട്.
Story Highlights: youth congress against chintha jerome resort controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here