വട്ടിയൂര്‍ക്കാവില്‍ ഇനി ഉത്സവ നാളുകള്‍; കാവ് ഫെസ്റ്റിന് ഇന്ന് തുടക്കം

രണ്ടാമത് വട്ടിയൂര്‍ക്കാവ് ഫെസ്റ്റിന് ഇന്ന് തുടക്കമാവും. നെട്ടയം സെന്‍ട്രല്‍ പോളിടെക്നിക് മൈതാനത്താണ് പരിപാടികള്‍ നടക്കുക. മണ്ഡലത്തില്‍ നടപ്പാക്കേണ്ട ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന വികസന സെമിനാര്‍ രാവിലെ 10 ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പു മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. 15 വരെയാണ് ഫെസ്റ്റ്.
പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി പ്രോഗ്രസ് കാര്‍ഡ് പ്രകാശനം ചെയ്യും. മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ആദ്യ രണ്ടു വികസന സെമിനാറുകളില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങളും എംഎല്‍എ എന്ന നിലയില്‍ ഏറ്റെടുത്ത പദ്ധതികളും സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് സെമിനാറിന്റെ ഭാഗമായി പുറത്തിറക്കും. വിവിധ മേഖലകളിലായി സംഘടിപ്പിച്ച വികസന സെമിനാറുകളില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് മണ്ഡലം വികസന സെമിനാറില്‍ അവതരിപ്പിക്കും. സെമിനാറിന്റെ തുടര്‍ച്ചയായാണ് കാവ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
വൈകിട്ട് ആറിന് മന്ത്രി സജി ചെറിയാന്‍ കാവ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. 15 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കാവ് ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആര്‍ അനില്‍ സുവനീര്‍ പ്രകാശനം ചെയ്യും. നടന്‍ ഇന്ദ്രന്‍സിന് പ്രഥമ കാവ് ശ്രീ പുരസ്‌കാരം ചടങ്ങില്‍ സമ്മാനിക്കും. കുടുംബശ്രീ കലാമേള, കുട്ടികളുടെ കലാ-സാംസ്‌കാരിക മല്‍സരങ്ങള്‍, സി.പി.ടി വിദ്യാര്‍ഥികളുടെ കലാമേള, വയലിന്‍ ഫ്യൂഷന്‍, സ്റ്റാര്‍ട്ടപ് മിഷന്‍ ഏകോപിപ്പിക്കുന്ന യുവജന സംഗമം, ജവഹര്‍ ബാലഭവന്‍ ഏകോപിപ്പിക്കുന്ന അംഗന്‍ കലോല്‍സവം, വയോജന സംഗമം എന്നിവയും വിവിധ ദിവസങ്ങളില്‍ നടക്കും. പ്രദര്‍ശനങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, കഫേ കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട് എന്നിവയും ഫെസ്റ്റിന്റെ ഭാഗമാണ്.
Story Highlights: Kav Fest starts today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here