അമ്പയറുടെ അനുവാദമില്ലാതെ കയ്യിൽ ക്രീം പുരട്ടി; ജഡേജയ്ക്ക് ഐസിസിയുടെ പിഴ

അമ്പയറുടെ അനുവാദമില്ലാതെ കയ്യിൽ ക്രീം പുരട്ടിയ ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജയ്ക്ക് പിഴ. ഓസ്ട്രേലിയക്കെതിരായ ബോർഡർ – ഗവാസ്കർ പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് സംഭവം. മാച്ച് തുകയുടെ 25 ശതമാനം പിഴയ്ക്കൊപ്പം ജഡേജയ്ക്ക് ഒരു ഡീമെരിറ്റ് പോയിൻ്റും ചുമത്തി. വിരലിൽ വേദന ആയതിനാലാണ് ജഡേജ കയ്യിൽ ക്രീം പുരട്ടിയതെന്ന് ഇന്ത്യൻ ടീം അറിയിച്ചിരുന്നെങ്കിലും അമ്പയറുടെ അനുവാദം വാങ്ങാതിരുന്നതിനാലാണ് അച്ചടക്ക നടപടി. പന്തിൽ കൃത്രിമം കാണിക്കാനല്ല ക്രീം പുരട്ടിയതെന്ന് മാച്ച് റഫറിക്ക് ബോധ്യമായതായി ഐസിസി പറയുന്നു. (ravindra jadeja icc cream)
ടെസ്റ്റിൻ്റെ ആദ്യ ദിനം 46ആം ഓവറിലായിരുന്നു സംഭവം. ജഡേജ മുഹമ്മദ് സിറാജിൽ നിന്ന് എന്തോ വാങ്ങി തൻ്റെ ചൂണ്ടുവിരലിൽ പുരട്ടുന്നത് ക്യാമറക്കണ്ണുകൾ കണ്ടുപിടിച്ചു. അത് വലിയ ചർച്ചയായി. ഓസ്ട്രേലിയൻ ടീം പരാതിനൽകിയില്ലെങ്കിലും സമൂഹമാധ്യമങ്ങൾ അത് ഏറ്റെടുത്തു. ഇതിനു പിന്നാലെയാണ് ജഡേജയ്ക്കെതിരെ ഐസിസി അച്ചടക്ക നടപടി സ്വീകരിച്ചത്.
Read Also: ഓസ്ട്രേലിയയെ എറിഞ്ഞിട്ട് ഇന്ത്യ; ആദ്യ ടെസ്റ്റിൽ ആധികാരിക ജയം; അശ്വിന് അഞ്ച് വിക്കറ്റ്
ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്‌സ് ജയം സ്വന്തമാക്കി. 223 റൺസിൻറെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയ മൂന്നാംദിനം 91 റൺസിന് എല്ലാവരും പുറത്തായി. ആർ അശ്വിന്റെ 5 വിക്കറ്റ് പ്രകടനമാണ് ഓസീസ് നിരയെ തകർത്തത്.
ആദ്യ ഇന്നിംഗ്‌സിൽ 3 വിക്കറ്റെടുത്ത അശ്വിൻ ആകെ എട്ട് വിക്കറ്റുകൾ സ്വന്തമാക്കി. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുകൾ വീതവും അക്‌സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി. ഓസീസ് നിരയിലെ ഏഴ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. 51 പന്തിൽ 25 റൺസെടുത്ത് പുറത്താവാതെ നിന്ന സ്റ്റീവ് സ്മിത്ത് മാത്രമാണ് ഓസീസ് നിരയിൽ മാന്യമായി ബാറ്റ് ചെയ്തത്.
നേരത്തെ ഏഴു വിക്കറ്റ് നഷ്ടത്തിൽ 321 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ സ്‌കോർ ബോർഡിൽ 79 റൺസ് കൂട്ടിച്ചേർത്തു. മുഹമ്മദ് ഷമിയും അക്‌സർ പട്ടേലും ചേർന്നാണ് സ്‌കോർ 400-ൽ എത്തിച്ചത്. ജയത്തോടെ ഇന്ത്യ നാലുമൽസരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ 1–0ന് മുന്നിലെത്തി.
Story Highlights: ravindra jadeja icc fine cream finger
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here