ഉറ്റവരുടെ മൃതദേഹങ്ങള്‍ക്കരികില്‍ നിന്ന് വിതുമ്പുന്നവരുടെ പൊള്ളുന്ന കാഴ്ചകള്‍; തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരിച്ചത് 24,000ലേറെപ്പേര്‍

ഭൂകമ്പത്തെത്തുടര്‍ന്ന് തുര്‍ക്കിയിലും സിറിയയിലും മരിച്ചവരുടെ എണ്ണം 24,000 കടന്നു. വിമതരുടെ പിടിയിലുള്ള വടക്കു പടിഞ്ഞാറന്‍ സിറിയയിലേക്ക് യുഎന്നിന്റെ കൂടുതല്‍ സഹായമെത്തി. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് തുര്‍ക്കിയിലും സിറിയയിലും നൂറിലേറെ തുടര്‍ചലനങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. 7.5 തീവ്രതയുള്ള തുടര്‍ചലനവും ഇതില്‍ ഉള്‍പ്പെടുന്നു. ഇരു രാജ്യങ്ങളിലുമായി പരുക്കേറ്റവരുടെ എണ്ണം 80,768 ആമെന്നാണ് ഔദ്യോഗിക കണക്ക്. (Turkey-Syria earthquake death toll rises to 24,000)
2011 ല്‍ ജപ്പാനിലെ ഫുകുഷിമ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതല്‍ പേര്‍ക്ക് ഈ ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടമായി. 22000 പേരാണ് അന്ന് കൊല്ലപ്പെട്ടത്. തുര്‍ക്കിയിലും സിറിയയിലും മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. അതിശൈത്യം രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നുവെന്ന റിപ്പോര്‍ട്ടിനിടയിലും പ്രതീക്ഷ നല്‍കുന്ന ചില വാര്‍ത്തകളും തുര്‍ക്കിയില്‍ നിന്ന് പുറത്തുവന്നു. ഭൂകമ്പം ഉണ്ടായി 5 ദിവസത്തിന് ശേഷം ആറംഗ കുടുംബത്തെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തു. നാല് മക്കളേയും അച്ഛനേയും അമ്മയേയും പുറത്തെത്തിക്കുമ്പോള്‍ അവരെ കാത്ത് കണ്ണീരണിഞ്ഞ് മൂത്ത മകന്‍ ദുരന്ത ഭൂമിയില്‍ നിന്നുള്ള പൊള്ളുന്ന കാഴ്ചയായി. ഭൂകമ്പം ഉണ്ടായപ്പോള്‍ അവന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. എല്ലാവരേയും രക്ഷപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ കണ്ണുകളെ കൂടുതല്‍ ഈറനണിയിച്ചത് രക്ഷാപ്രവര്‍ത്തകരുടെ പ്രതികരണമാണ്. പരസ്പരം കെട്ടിപ്പിടിച്ചും അഭിനന്ദിച്ചും ആനന്ദക്കണ്ണീരണിഞ്ഞും ഉള്ള പ്രതികരണം.
തുർക്കി ഭൂകമ്പം; സിറിയയിൽ അടിയന്തര വെടിനിർത്തലിന് യുഎൻ ആഹ്വാനംRead Also:
യുഎന്നിന്റെ രണ്ടാം ഘട്ട സഹായവും വഹിച്ചുള്ള ട്രക്കുകള്‍ വടക്കുപടിഞ്ഞാറന്‍ സിറിയയിലെത്തി. ബാബ് അല്‍ ഹവ ക്രോസിംഗ് പിന്നിട്ടാണ് സഹായം എത്തിച്ചത്. ടെന്റുകളും പുതപ്പുകളും ഭക്ഷണസാധനങ്ങളും ഇതിലുണ്ട്. ആദ്യ സഹായം വ്യാഴാഴ്ച എത്തിയിരുന്നു. കൂടുതല്‍ അടിയന്തര സഹായം സിറിയയിലേക്ക് ലോകരാഷ്ട്രങ്ങള്‍ എത്തിക്കണമെന്ന് വേള്‍ഡ് ഫുഡ് പ്രോഗാം ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധം വിതച്ച ദുരിതവും കോളറയും മോശം കാലാവസ്ഥയും ഇവിടുത്തെ ജനങ്ങള്‍ക്ക് വെല്ലുവിളിയാണ്. അലെപ്പോയില്‍ മാത്രം ഒരുലക്ഷം പേര്‍ക്ക് വീട് നഷ്ടമായെന്നാണ് കണക്ക്. 30000 പേരെ സ്‌കൂളുകളിലും പള്ളികളിലുമായി പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞു. 70000 ഓളം പേര്‍ അതിശൈത്യത്തില്‍ കഴിയുന്നത് വലിയ ആശങ്കയായി മാറുന്നു. വരുംദിവസങ്ങളില്‍ ഇവിടെ താപനില വീണ്ടും കുറഞ്ഞ് മൈനസ് രണ്ടിലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ്. അതിനിടെ ടെന്റുകളില്‍ താമസിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് താമസത്തിന് വാടക നല്‍കുമെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയിബ് എര്‍ദോഗന്‍ അറിയിച്ചു. ഹോട്ടലുകളില്‍ കഴിയുന്നവരുടെ ചെലവും സര്‍ക്കാര്‍ വഹിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കുമെന്നാണ് പ്രസിഡന്റിന്റെ വാഗ്ദാനം.
Story Highlights: Turkey-Syria earthquake death toll rises to 24,000
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here