റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ഡോറിൽ തട്ടി വീണ് സ്കൂട്ടർ യാത്രക്കാരി മരിച്ചു

തൃശൂർ പെരിഞ്ഞനത്ത് കാറിൻ്റെ ഡോറിൽ തട്ടി വീണ സ്കൂട്ടർ യാത്രക്കാരി മരിച്ചു. മതിലകം കാതിക്കോട് സ്വദേശി താളിയാരിൽ അൻവറിൻ്റെ ഭാര്യ ജുബേരിയ ആണ് മരിച്ചത്. 35 വയസായിരുന്നു. ഇന്ന് വൈകിട്ട് നാലരയോടെ പെരിഞ്ഞനം പഞ്ചായത്തോഫീസിന് തെക്ക് കപ്പേളക്കടുത്തായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ഡോർ പെട്ടെന്ന് തുറന്നപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തട്ടിയാണ് അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജുബേരിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also: തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിൽ തീപിടിത്തം, അച്ഛനും മകനും ഉൾപ്പെടെ 3 പേർ മരിച്ചു
ചാവക്കാട് മണത്തലയിൽ നടന്ന മറ്റൊരു അപകടത്തിൽ കടയിലെ ചില്ല് വാതിലിൽ തലയിടിച്ച് വീണ് വയോധികൻ മരിച്ചു. മണത്തല സ്വദേശി ടി.വി. ഉസ്മാൻ (84 ) ആണ് മരിച്ചത്. ഡ്രൈ ഫ്രൂട്ട്സ് കടയിൽ സാധനം വാങ്ങാൻ എത്തിയതായിരുന്നു ഉസ്മാൻ. തിരക്കിനിടയിൽ കടയുടെ ചില്ല് വാതിൽ കണ്ടില്ല. നടക്കുന്നതിനിടെ ചില്ല് വാതിലിൽ തലയിടിച്ച് വീണ് തലയുടെ പിന്നിൽ ആഴത്തിൽ മുറിവേൽക്കുകയായിരുന്നു.
അപകടം നടന്ന് അല്പസമയത്തിനകം തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. നാവികസേനയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനാണ് മരിച്ച ഉസ്മാൻ. ചില്ല് വാതിലിൽ തലയിടിച്ച് സ്റ്റെപ്പിൽ നിന്ന് താഴേയ്ക്ക് ഒരു കാറിന് സമീപത്തേക്കാണ് അദ്ദേഹം വീണത്. തലയുടെ പിൻഭാഗത്തുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. പല കടകളിലെയും ചില്ല് വാതിലുകൾ ആളുകളുടെ ശ്രദ്ധയിൽപ്പെടാത്ത അനുഭവങ്ങൾ മുൻപും നിരവധിയായി ഉണ്ടായിട്ടുണ്ട്.
Story Highlights: Car accident in Thrissur scooter passenger died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here