‘എംഎല്‍എ നാടകം തയാറാക്കി, അതില്‍ നിറഞ്ഞാടി’; കോന്നി താലൂക്ക് ജീവനക്കാരുടെ ഗ്രൂപ്പില്‍ സന്ദേശവുമായി ഡെപ്യൂട്ടി തഹസില്‍ദാര്‍

കോന്നി താലൂക്കിലെ കൂട്ട അവധി വിവാദത്തിനിടെ കെ യു ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ ജീവനക്കാരുടെ ഗ്രൂപ്പില്‍ ഡെപ്യൂട്ടി തഹസീല്‍ദാരുടെ സന്ദേശം. എല്ലാം എംഎല്‍എയുടെ നാടകമാണെന്നും ഭിന്നശേഷിക്കാരനെ താലൂക്ക് ഓഫിസില്‍ കൊണ്ടുവന്നത് എംഎല്‍എ ആണെന്ന് ഉള്‍പ്പെടെ പറഞ്ഞുകൊണ്ടാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം സി രാജേഷ് വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചത്. പത്ത് പേരെങ്കിലും സേവനം കിട്ടാതെ താലൂക്ക് ഓഫിസില്‍ നിന്ന് മടങ്ങിപോയെന്ന് ജനീഷ് കുമാര്‍ പറഞ്ഞത് വാസ്തവമാണെങ്കില്‍ താന്‍ ജോലി രാജിവയ്ക്കാമെന്നും എം സി രാജേഷ് മെസേജിലൂടെ വെല്ലുവിളി ഉയര്‍ത്തിയിട്ടുമുണ്ട്. (deputy tahsildar WhatsApp message in konni taluk office group)
എംഎല്‍എ ജനീഷ് കുമാര്‍ തന്നെ ഒരു നാടകം തയാറാക്കി അതില്‍ എംഎല്‍എ തന്നെ നിറഞ്ഞാടി എന്നും സന്ദേശത്തിലൂടെ എം സി രാജേഷ് ആക്ഷേപിച്ചു. ഒരു ഭിന്നശേഷിക്കാരനെ പണം നല്‍കി താലൂക്ക് ഓഫിസിലെത്തിച്ച് നാടകം നടത്തി. ഈ കസേരയില്‍ കയറിയിരിക്കാന്‍ എംഎല്‍എയ്ക്ക് ആരാണ് അധികാരം കൊടുത്തതെന്ന് ചോദിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ എഡിഎമ്മിന് എല്ലാം മനസിലായിട്ടുണ്ടെന്നും വാട്ട്‌സ്ആപ്പില്‍ കുറിച്ചു.
വിനോദയാത്രയുടെ വിവരങ്ങള്‍ പുറത്തുവന്നതിന് കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാര്‍ ട്വന്റിഫോറിനെ പഴിക്കുകയാണ്. ട്വന്റിഫോര്‍ കാണുന്നത് നിര്‍ത്തുകയാണെന്നും വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം വ്യാപിക്കുകയാണ്.
വിനോദയാത്ര സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ഇവിടുത്തെ ജീവനക്കാര്‍ തന്നെയാണെന്ന് വ്യക്തമാണെന്നും ഈ ജീവനക്കാരോട് സഹതാപം മാത്രമാണ് തോന്നുന്നതെന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ വാട്ട്‌സ്ആപ്പ് സന്ദേശത്തില്‍ പറഞ്ഞു. രേഖകള്‍ പരിശോധിക്കാന്‍ എംഎല്‍എയ്ക്ക് എന്താണ് അവകാശം എന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ എം സി രാജേഷ് ചോദിച്ചു.
Story Highlights: deputy tahsildar’s WhatsApp message in konni taluk office group
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here