ഗ്രേറ്റര്‍ ടിപ്രലാന്‍ഡും ആദിവാസി വോട്ടും; ത്രിപുരയിലെ ഗോത്രരാഷ്ട്രീയം

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ചുവടുവയ്ക്കുകയാണ് ത്രിപുര. സമീപകാലത്ത് കോണ്‍ഗ്രസ് ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കി മത്സരിക്കുന്ന ഏഴാമത്തെ സംസ്ഥാനം. തിപ്ര മോതയുടെ ആവിര്‍ഭാവവും ഇടതുപക്ഷവും കോണ്‍ഗ്രസും ഒന്നിക്കുന്നതും ബിജെപിയുടെ കഠിനമായ ആത്മവിശ്വാസവും ഒത്തുചേര്‍ന്നതാണ് ഈ തെരഞ്ഞെടുപ്പ്. തിപ്ര മോതയുമായി സഖ്യമൊന്നുമില്ലെങ്കിലും പ്രാദേശിക തലത്തില്‍ ചില ധാരണകളുണ്ടാക്കാമെന്നാണ് ഇടത് കണക്കുകൂട്ടല്‍. greater tipraland and tribal politics in tripura
ത്രിപുരയിലെ ഇടതും കോണ്‍ഗ്രസും
മുകളില്‍ സൂചിപ്പിച്ചതുപോലെ, സമീപകാലത്ത് കോണ്‍ഗ്രസ് ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കി മത്സരിക്കുന്ന ഏഴാമത്തെ സംസ്ഥാനമാണ് ത്രിപുര.പശ്ചിമ ബംഗാള്‍(2016, 2021), ബിഹാര്‍(2020), അസം(2021), തമിഴ്‌നാട്(2021), പുതുച്ചേരി(2021), തെലങ്കാന(2018) എന്നിവയാണ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടെ കോണ്‍ഗ്രസും ഇടതുപക്ഷവും തെരഞ്ഞെടുപ്പിന് മുന്‍പ് സഖ്യം ചേര്‍ന്ന് മത്സരിച്ച മറ്റുസംസ്ഥാനങ്ങള്‍. ഇടതുപക്ഷം ആകെ മത്സരിക്കുന്ന 47 സീറ്റുകളില്‍ നിന്ന് തന്നെ സര്‍ക്കാരുണ്ടാക്കാമെന്നുള്ള കണക്കുകൂട്ടലിലും ആത്മവിശ്വാസത്തിലുമാണ് സിപിഐഎം ഉള്ളത്.
ത്രിപുരയില്‍ ബദ്ധവൈരികളായി കണ്ടിരുന്ന രണ്ട് പാര്‍ട്ടികള്‍ സഖ്യം ചേരുമ്പോള്‍, വടക്കുകിഴക്കന്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയ രംഗത്ത് മറ്റൊരു കുലുക്കം കൂടിയാണുണ്ടാകുന്നത്. 25 വര്‍ഷം സംസ്ഥാനം ഭരിച്ച സിപിഐഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിയുടെ പ്രധാന പ്രതിപക്ഷമായിരുന്നു കോണ്‍ഗ്രസെന്നതിനാല്‍, സഖ്യ പ്രഖ്യാപനം തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തേണ്ട മാറ്റമായി മാറി.
ഗ്രേറ്റര്‍ ടിപ്രലാന്‍ഡ്
ത്രിപുരയില്‍ ഇത്തവണ തെരഞ്ഞെടുപ്പ് കിംഗ് മേക്കറായി ഉറ്റുനോക്കുന്നത് തിപ്ര മോത പാര്‍ട്ടിയുടെ തലവന്‍ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബര്‍മ തന്നെയാണ്. തദ്ദേശീയ സമുദായങ്ങള്‍ക്കായി ഗ്രേറ്റര്‍ ടിപ്രലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യമാണ് ടിഎംപി മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 32 ശതമാനത്തോളം വരുന്ന ഗോത്രവര്‍ഗക്കാര്‍ക്കുവേണ്ടിയുള്ള പ്രചാരണമാണ് പ്രദ്യോത് ബിക്രം മാണിക്യ മുന്നോട്ടുവയ്ക്കുന്നത്.
2019ലാണ് കോണ്‍ഗ്രസ് വിട്ട പ്രദ്യോത് ബര്‍മ സംസ്ഥാനത്തെ ആദിവാസി ജനതയുടെ ക്ഷേമത്തിനായി ടിപ്ര( തിപ്രഹ ഇന്‍ഡിജിനസ് പ്രോഗ്രസീവ് റീജിയണല്‍ അലയന്‍സ് ) എന്ന പേരില്‍ ഒരു സാമൂഹിക സംഘടന രൂപീകരിച്ചത്. 2021ല്‍ ഫെബ്രുവരിയില്‍ ഇത് ഒരു പാര്‍ട്ടിയാക്കി മാറ്റി. ഒപ്പം ഗോത്രവര്‍ഗ്ഗക്കാരെ പ്രതിനിധീകരിക്കുന്ന മറ്റ് മൂന്ന് സംഘടനകള്‍ കൂടി ടിപ്രയില്‍ ലയിച്ചു. പുതിയ പാര്‍ട്ടിയെ ആകര്‍ഷിക്കാന്‍ സിപിഐഎമ്മും കോണ്‍ഗ്രസും ബിജെപിയും ശ്രമിച്ചെങ്കിലും ഗ്രേറ്റര്‍ ടിപ്രലാന്‍ഡ് എന്ന ആവശ്യം പരിഗണിക്കണമെന്നതായിരുന്നു തിപ്ര മോതയുടെ മുഖ്യ ആവശ്യം.
ഭൂരിപക്ഷം ബംഗാളി സംസാരിക്കുന്ന ആദിവാസി ഇതര ജനവിഭാഗങ്ങളും, ആദിവാസികള്‍ക്കുമായി പ്രത്യേക സംസ്ഥാനവും അധികാരങ്ങളും വേണമെന്ന ആവശ്യം 1972ല്‍ സംസ്ഥാനം രൂപീകരിച്ചതിന് പിന്നാലെ ആരംഭിച്ചതാണ്. 1947ല്‍ സ്വാതന്ത്ര്യം നേടിയതിനു ശേഷവും 1971ല്‍ ബംഗ്ലാദേശ് രൂപീകൃതമായതിനു ശേഷവും ബംഗ്ലാദേശില്‍ നിന്ന് ത്രിപുരയിലേക്കുള്ള വലിയ തോതിലുണ്ടായ കുടിയേറ്റം സംസ്ഥാനത്തെ ആദിവാസി ജനസംഖ്യയുടെ അനുപാതം ചുരുക്കി. ത്രിപുരയിലെ ഗോത്രവര്‍ഗക്കാരുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി 1979ല്‍ ത്രിപുര ട്രൈബല്‍ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ (ടിടിഎഎഡിസി)രൂപീകരിക്കപ്പെട്ടു. വര്‍ഷങ്ങള്‍ പലതും ഈ ആവശ്യങ്ങള്‍ തെരഞ്ഞെടുപ്പുകളില്‍ ഉന്നയിക്കപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇതോടെ ബിജെപിയും ഐപിഎഫ്ടി (Indigenous Peoples Front of Tripura)യും പടലപ്പിണക്കത്തിലേക്ക്. ഇത്തവണ ബിജെപിയോടൊപ്പം സഖ്യത്തില്‍ മത്സരിക്കുമ്പോള്‍, ടിപ്രലാന്‍ഡ് ആവശ്യം ഉപേക്ഷിച്ചിട്ടില്ലെന്ന് ഐപിഎഫ്ടി ആവര്‍ത്തിക്കുന്നു.
‘ഇത് ഞങ്ങള്‍ക്ക് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പ്രശ്‌നമാണ്. ത്രിപുരയിലെ ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് ബിജെപിയുമായുള്ള സഖ്യം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആദിവാസികളെ ലക്ഷ്യം വച്ചുള്ള നിരവധി വികസനങ്ങള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഇത്തവണ ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ അത് കൂടുതല്‍ നടപ്പിലാക്കും’. ഐപിഎഫ്ടി വര്‍ക്കിംഗ് പ്രസിഡന്റ് പ്രേം കുമാര്‍ റിയാങ് പറഞ്ഞു.സംസ്ഥാനത്ത് അഞ്ച് സീറ്റുകളിലാണ് പാര്‍ട്ടി ഇത്തവണ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകളിലാണ് ഐപിഎഫ്ടി മത്സരിച്ചത്.
Read Also: ഗുലാബ് ചന്ദിൻ്റെ മുഖ്യമന്ത്രി മോഹം വെട്ടി പാർട്ടി, രാജസ്ഥാൻ പ്രതിപക്ഷ നേതാവ് ഇനി അസം ഗവർണർ
60 അംഗ ത്രിപുര നിയമസഭയില്‍ ഭരണകക്ഷിയായ ബിജെപി 55 സീറ്റുകളില്‍ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. സഖ്യകക്ഷിയായ ഐപിഎഫ്ടി അഞ്ച് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും. ഇടതുപാര്‍ട്ടികളില്‍ സിപിഐഎം 43 സീറ്റുകളിലും ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി, സിപിഐ എന്നിവ ഓരോ സീറ്റിലും മത്സരിക്കുന്നു. കോണ്‍ഗ്രസിന് 13 മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളുള്ളത്. പശ്ചിമ ത്രിപുരയിലെ രാംനഗര്‍ മണ്ഡലത്തില്‍ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നു. തിപ്ര മോത 42 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നോമിനേറ്റ് ചെയ്തിട്ടുണ്ട്.
Story Highlights: greater tipraland and tribal politics in tripura
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here