വനിതാ പ്രീമിയർ ലീഗ്; പരിശീലക സംഘത്തെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്

വനിതാ പ്രീമിയർ ലീഗിൽ പരിശീലക സംഘത്തെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്. രണ്ട് തവണ ദി വിമൻസ് ഹണ്ട്രഡ് വിജയിച്ച ജൊനാതൻ ബാറ്റിയാണ് മുഖ്യ പരിശീലകൻ. ഓവൽ ഇൻവിൻസിബിൾസിനെ 2021, 22 സീസണുകളിൽ ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് ബാറ്റി. ഇന്ത്യയുടെ മുൻ താരം ഹേമലത കലയും ഓസീസിൻ്റെ മുൻ താരവും ഇംഗ്ലണ്ട് വനിതാ ടീം മുൻ പരിശീലകയുമായ ലിസ കേയ്റ്റ്ലിയും സഹ പരിശീലകരാണ്. ഡൽഹി ക്യാപിറ്റൽസ് പുരുഷ ടീമിൻ്റെ ഫീൽഡിംഗ് പരിശീലകൻ ബിജു ജോർജ് തന്നെ വനിതാ ടീമിൻ്റെ ഫീൽഡിംഗ് പരിശീലകനാവും. (wpl delhi capitals coaching)
നിലവിൽ വനിതാ ബിഗ് ബാഷിൽ മെൽബൺ സ്റ്റാഴ്സിൻ്റെയും ആഭ്യന്തര ക്രിക്കറ്റിൽ സറേ വനിതാ ടീമിൻ്റെയും പരിശീലകനാണ് ജൊനാതൻ ബാറ്റി. സിഡ്നി തണ്ടർ വനിതാ ടീം മുഖ്യ പരിശീലകയാണ് ലിസ കേയ്റ്റ്ലി. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിലെത്തിയ ഇംഗ്ലണ്ട് ടീമിനെ പരിശീലിപ്പിച്ചത് കേയ്റ്റ്ലി ആയിരുന്നു.
Read Also: വനിതാ പ്രീമിയർ ലീഗ് ലേലം നടത്തുക വനിത; ലേലം ഈ മാസം 13ന്
അതേസമയം, കാപ്രി ഗ്ലോബലിൻ്റെ ഉടമസ്ഥതയുള്ള ടീമിൻ്റെ പേര് ലക്നൗ വാരിയേഴ്സ് എന്നാണ്. ഇംഗ്ലണ്ട് വനിതാ ടീം പരിശീലകൻ ജോൺ ലൂയിസ് ആണ് മുഖ്യ പരിശീലകൻ. അഞ്ജു ജെയിൻ സഹ പരിശീലകയാവും. ആഷ്ലി നോഫ്കെയാണ് ബൗളിംഗ് പരിശീലകൻ. ലിസ സ്തലേക്കർ ആണ് ഉപദേശക.
പ്രീമിയർ ലീഗിൻ്റെ താരലേലം നടത്തുക വനിതാ ഓക്ഷനീയറാണ്. മലിക അദ്വാനിയാണ് ഈ മാസം 13ന് നടക്കാനിരിക്കുന്ന ലേലം നിയന്ത്രിക്കുക. മുംബൈയിലെ ഒരു ആർട്ട് കളക്ടറാണ് മലിക അദ്വാനി. പുരുഷ ഐപിഎൽ താരലേലങ്ങൾ ഇതുവരെ മൂന്ന് പേരാണ് നിയന്ത്രിച്ചിട്ടുള്ളത്. ഈ മൂന്ന് പേരും പുരുഷന്മാരായിരുന്നു.
ലേലപ്പട്ടികയിലുള്ളത് 409 താരങ്ങളാണ്. ഇതിൽ 246 പേർ ഇന്ത്യൻ താരങ്ങളും 163 പേർ വിദേശ താരങ്ങളുമാണ്. ഈ മാസം 13ന് മുംബൈയിലാണ് താരലേലം നടക്കുക. ആകെ 1525 താരങ്ങളാണ് ലേലത്തിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ നിന്നാണ് 409 പേരുടെ അവസാന വട്ട പട്ടിക തയ്യാറാക്കിയത്.
Story Highlights: wpl delhi capitals coaching staff
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here