‘വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചിട്ടില്ല, അദ്ദേഹം തിരിച്ചുവരും’; വെളിപ്പെടുത്തലുമായി തമിഴ് നാഷണലിസ്റ്റ് നേതാവ്

എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തല്‍. തമിഴ് നാഷണലിസ്‌ററ് നേതാവ് പി നെടുമാരന്‍ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. വേലുപ്പിള്ള പ്രഭാകരന്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും തന്റെ വെളിപ്പെടുത്തല്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സമ്മതത്തോടെയാണെന്നും നെടുമാരന്‍ പ്രതികരിച്ചു. തഞ്ചാവൂരില്‍ വച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നെടുമാരന്റെ വെളിപ്പെടുത്തലുകള്‍. ഒരു സമയം വരുമ്പോള്‍ അദ്ദേഹം പുറത്തുവരുമെന്നും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും നെടുമാരന്‍ പറഞ്ഞു.
മഹിന്ദ രജപക്‌സെയ്‌ക്കെതിരായ സിംഹളരുടെ പ്രതിഷേധത്തിന്റെയും അന്താരാഷ്ട്ര സാഹചര്യത്തിന്റെയും പശ്ചാത്തലത്തില്‍ തുറന്നടിക്കേണ്ട സമയമാണിതെന്നും ഉചിതമായ നേരത്ത് വേലുപ്പിള്ള പ്രഭാകരന്‍ പൊതുജനമധ്യത്തില്‍ വരുമെന്നും നെടുമാരന്‍ പറഞ്ഞു. ‘തമിഴ് ദേശിയ തലൈവര്‍’ ആരോഗ്യവാനാണെന്ന് പ്രഖ്യാപിക്കുന്നത് സന്തോഷകരമായ നിമിഷമാണ്. ഈ പ്രഖ്യാപനത്തോടെ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് അറുതി വരുത്തണമെന്നും നെടുമാരന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വേലുപ്പിള്ള പ്രഭാകരനും ഭാര്യയും മകളും സുരക്ഷിതരാണെന്ന വെളിപ്പെടുത്തലുകള്‍ തള്ളി ശ്രീലങ്കന്‍ സൈന്യം രംഗത്തെത്തി. പ്രഭാകരന്‍ കൊല്ലപ്പെട്ടതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ശ്രീലങ്കന്‍ ആര്‍മിയുടെ മാധ്യമ വക്താവ് രവി ഹെറാത്ത് പ്രതികരിച്ചു. 2009 മെയ് 18ന് അദ്ദേഹം കൊല്ലപ്പെട്ടു. ഡിഎന്‍എ തെളിവുകള്‍ അടക്കം ഞങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണ്.
Story Highlights: LTTE leader Velupillai Prabakaran is alive claims Pazha Nedumaran