Valentines’s Day: ‘ഐ ലവ് യൂ’ എന്ന് പറയുന്നതിനേക്കാള്‍ പ്രധാനപ്പെട്ട ചിലത്…

മറ്റൊരാളില്‍ നിന്ന് വല്ലാതെ സ്‌നേഹിക്കപ്പെടാനുള്ള കൊതിയാണ് എല്ലാ പ്രണയങ്ങളുടേയും അടിസ്ഥാനം. എന്തുവന്നാലും, എന്തൊക്കെ നഷ്ടപ്പെട്ടാലും ഞാന്‍ പ്രണയിക്കപ്പെടുന്നുണ്ടല്ലോ എന്ന വിശ്വാസമാണ് പല പ്രണയങ്ങളേയും ചലിപ്പിക്കുന്നത്. പ്രണയിക്കപ്പെടുന്നുണ്ടെന്ന വിശ്വാസം പെട്ടെന്ന് നഷ്ടമായാല്‍ കൊലപാതകത്തെക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ പോലും ചിന്തിച്ചുപോകുന്നവരുണ്ട്. പ്രണയം മനസിന് കൂടുതല്‍ സന്തോഷം നല്‍കുന്നതും കൂടുതല്‍ക്കാലം നിലനില്‍ക്കുന്നതും ഹൃദയം വല്ലാതെ തകര്‍ക്കുന്നത് ആകാതിരിക്കാനും കമിതാക്കള്‍ തമ്മില്‍ ആഴത്തിലുള്ള മനസിലാക്കല്‍ വേണം. ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്ന് പറയുന്നതിനേക്കാള്‍ പ്രധാനപ്പെട്ട ചിലത് നിങ്ങളുടെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്നിരിക്കുന്ന ആളോട് പറയേണ്ടതുണ്ട്.
ഞാന്‍ നിന്നോട് ക്ഷമിക്കുന്നു
നീ ചെയ്‌ത ചില കാര്യങ്ങളൊക്കെ എന്നെ വേദനിപ്പിച്ചിട്ടുണ്ട്. അങ്ങനെ നീ ചെയ്‌തതും ചെയ്യാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും ഞാന്‍ പൊറുക്കുന്നു. നിന്റെ ആ സമയത്തെയൊക്കെ മാനസികാവസ്ഥ എനിക്ക് അറിയാമല്ലോ. ഒരു ദിവസം മുഴുവന്‍ അധ്വാനിച്ച് നീ ക്ഷീണിച്ച് വരുമ്പോള്‍, നല്ലപോലെ വിശന്നും തളര്‍ന്നും നീയിരിക്കുമ്പോള്‍ ഒക്കെ പറഞ്ഞതും ചെയ്‌തതുമായ കാര്യങ്ങള്‍ എനിക്ക് മനസിലാകും. ചിലതൊന്നും എന്നെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നുവെന്ന് അറിയാതെയാകും നീ പറഞ്ഞിട്ടുണ്ടാകുക. നിന്റെ വലിയ തെറ്റുകളും ചെറിയ തെറ്റുകളും എല്ലാം ഞാന്‍ പൊറുക്കുന്നു. കാരണം എനിക്ക് നിന്നെ അറിയാല്ലോ. നമ്മളാരും പെര്‍ഫെക്ട് അല്ലല്ലോ. ഞാന്‍ ചെയ്‌ത തെറ്റുകള്‍ക്ക് നീയും എന്നോട് പൊറുക്കുമെന്ന് ഞാന്‍ കരുതുന്നു.
നിനക്ക് വേണ്ടി ഞാന്‍ എന്ത് വിട്ടുവീഴ്‌ചയും ചെയ്യാം
ഒരു സ്വാര്‍ത്ഥയും ഇല്ലാതെ നിനക്കുവേണ്ടി ഞാന്‍ എന്ത് വിട്ടുവീഴ്‌ചയും ചെയ്യാം. എന്റെ ഉറക്കം പോലും ത്യജിക്കാം. നമ്മുടെ കുഞ്ഞിനെ ഉറക്കാന്‍ നീ ശ്രമിക്കുന്ന നേരത്ത് ഏത് പാതിരാ വരെയും ഞാന്‍ നിന്റെ കൂടെത്തന്നെ ഇരിക്കും. എനിക്ക് പിറ്റേന്ന് രാവിലെ ജോലിക്ക് പോകണമെങ്കിലോ വേണ്ടെങ്കിലോ ഒക്കെ ഞാന്‍ നിന്റെ കൂടെത്തന്നെ ഉണര്‍ന്നിരിക്കും. നിനക്ക് വയ്യാതെ വരുമ്പോള്‍, നീ അരക്ഷിതയാകുമ്പോള്‍ ഞാനുണ്ടാകും നിന്റെ ശക്തിയായി നിന്റെ കൂടെ. വെളുപ്പിന് മൂന്ന് മണിക്ക് നീ എന്നെ വിളിച്ചാലും രാവിലെ 8 മണിക്കെന്ന പോലെ ഞാന്‍ നിന്നെ കേള്‍ക്കും. നിന്റെ കൂടെ ആരുമില്ലെങ്കിലും ഞാന്‍ ഉണ്ടാകും. ഞാന്‍ നിനക്കുവേണ്ടി വിട്ടുവീഴ്‌ചകള്‍ ചെയ്യുന്നത് നീ അത് അര്‍ഹിക്കുന്നുണ്ടെന്ന ഉറച്ച ബോധ്യമുള്ളത് കൊണ്ടാണ്. അത് നീ മനസിലാക്കണം.

ഞാന്‍ നിന്നെ ബഹുമാനിക്കുന്നു
നീ ശരിക്കും എങ്ങനെയാണോ അങ്ങനെതന്നെ ഞാന്‍ നിന്നെ മാനിക്കുന്നു. നീ അത് അര്‍ഹിക്കുന്നുവെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഏത് കാര്യത്തിലും നിന്റെ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു. നിന്റെ വികാരങ്ങള്‍ക്ക് ഞാന്‍ വില കല്‍പ്പിക്കുന്നു. നിന്റെ ചിന്തകളേയും പ്രതീക്ഷകളേയും സ്വപ്‌നങ്ങളേയും ഞാന്‍ ബഹുമാനിക്കുന്നു.
ഞാന്‍ നിന്റെ കൂടെയുണ്ടാകും
നിന്റെ സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമൊപ്പം ഞാനുണ്ടാകും. നിനക്ക് ഏത് സമയത്തും ചായാനായി അടുത്ത് തന്നെ ഞാനുണ്ടാകും. നിന്നെ വളരാന്‍ ഞാന്‍ പ്രോത്സാഹിപ്പിക്കും. നിനക്ക് ഭൗതികമായി, വൈകാരികമായി, ആത്മീയമായി, മാനസികമായി നല്‍കാന്‍ കഴിയുന്ന എല്ലാവിധ പിന്തുണയും ഞാന്‍ തരും.

ഞാന്‍ നിന്നെ സംരക്ഷിക്കും
നിനക്ക് ഒരു കുഴപ്പവും വരാതെ ഞാന്‍ നിന്നെ കാക്കും. നിന്റെ ഹൃദയം വേദനിക്കാതെ ഞാന്‍ നോക്കും. നമ്മളെ സംരക്ഷിക്കാന്‍ ഞാന്‍ എന്തും ചെയ്യും. എല്ലാ ദോഷങ്ങളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും ഞാന്‍ നിന്നെ നിധി പോലെ സംരക്ഷിക്കും. എന്റെ കൈകളിലും ഹൃദയത്തിലും നീ എന്നും സുരക്ഷിതയായിരിക്കും. നിനക്കെന്നെ എന്നും വിശ്വസിക്കാം.

കടപ്പാട്: വീ ആര്‍ ആഫ്രിക്ക ആര്‍ട്‌സ് ആന്‍ഡ് ഹ്യുമാനിറ്റീസ് വെബ്‌സൈറ്റ്
Story Highlights: Five phrases that are more important than “I Love You”.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here