വില കുറഞ്ഞ മരുന്നുകൾ പൂഴ്ത്തി വയ്ക്കുന്നവർക്കെതിരെ നടപടി: മന്ത്രി വീണാ ജോർജ്

ടൈഫോയ്ഡ് വാക്സിന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് സംബന്ധിച്ച് ഡ്രഗ്സ് കൺട്രോളർക്ക് മന്ത്രി നിർദേശം നൽകി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് വില കൂടിയ ടൈഫോയ്ഡ് മരുന്ന് മെഡിക്കൽ സ്റ്റോറുകൾ നൽകുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി.
അതേസമയം ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവർക്കുള്ള ‘ഹെൽത്ത് കാർഡ്’ ഈ മാസം ഒന്ന് മുതൽ നിർബന്ധമാക്കാനായിരുന്നു തീരുമാനം. വ്യാപാരികളുടെ എതിർപ്പിനെത്തുടർന്ന് 16വരെ സമയം നീട്ടിനൽകുകയായിരുന്നു. ജില്ലയിൽ 2205 ലൈസൻസുള്ള സ്ഥാപനങ്ങളും രജിസ്ട്രേഷനുള്ള 26,713 സ്ഥാപനങ്ങളും ഉണ്ടെന്നാണ് കണക്ക്. ഇവിടങ്ങളിൽ ഏകദേശം 50,000 തൊഴിലാളികളുണ്ട്.
ടൈഫോയ്ഡിനുള്ള വാക്സിൻ സർക്കാർ ആശുപത്രികളില്ലാത്തത് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ പുറത്തുനിന്ന് വാങ്ങുന്ന മരുന്നാണ് കുത്തിവെക്കുന്നത്. മെഡിക്കൽ സ്റ്റോറുകളിൽ 220 രൂപയാണ് വില. ഇത് ജീവനക്കാർക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.
Read Also: ഹെൽത്ത് കാർഡിന് രണ്ടാഴ്ച കൂടി സാവകാശം; നടപടി ഫെബ്രുവരി 16 മുതലെന്ന് മന്ത്രി വീണാ ജോർജ്
ഭക്ഷണം പാചകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും വിൽപന നടത്തുന്നതുമായ സ്ഥാപനങ്ങളിലെ എല്ലാജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണം. ഒരുവർഷമാണ് ഇതിന്റെ കാലാവധി. ഹെൽത്ത് കാർഡിനായി ആദ്യഘട്ടത്തിൽ വിവിധ സംഘടനകൾ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. നിശ്ചിത തുക നൽകിയാൽ ജീവനക്കാർക്ക് ലാബ് പരിശോധന റിപ്പോർട്ടും ഡോക്ടറുടെ സർട്ടിഫിക്കറ്റും നൽകി. കാര്യമായ പരിശോധന കൂടാതെയാണിതെന്ന് ആക്ഷേപമുയർന്നതിന് പിന്നാലെയാണ് ഡോക്ടറുടെ സീലും മുദ്രയുമുള്ള സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.
Story Highlights: Veena George about Low Cost Drug