മുപ്പതാമത് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദിയ്ക്ക് സമര്‍പ്പിച്ച് യൂസഫലി; വര്‍ണാഭമായി ഉത്ഘാടന ചടങ്ങുകള്‍

ലുലു ഗ്രൂപ്പിന്റെ സൗദി അറേബ്യയിലെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് കിഴക്കന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ദമ്മാം ചേംബര്‍ വൈസ് ചെയര്‍മാന്‍ ഹമദ് ബിന്‍ മുഹമ്മദ് അലിയാണ് സൗദിയിലെ മുപ്പതാമത്തെതുമായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സാന്നിധ്യത്തില്‍ നിര്‍വ്വഹിച്ചത്. (lulu hypermarket grand inauguration in saudi arabia)
ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വിശാലമായ ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ കോബാറിലെ അല്‍ റക്കയിലാണ് സ്ഥിതി ചെയ്യുന്നത്. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ചുള്ള എല്ലാ ഉല്പന്നങ്ങളും ഇവിടെ ലഭ്യമാണ്. വിപുലമായ സൂപ്പര്‍മാര്‍ക്കറ്റ്, ഫ്രഷ് ഫുഡ്, ഗാര്‍ഹിക ഉത്പന്നങ്ങള്‍, ലുലു കണക്ട്, ഫാഷന്‍ ഉള്‍പ്പെടെ ഏറ്റവും നൂതനമായ സംവിധാനത്തോടെയാണ് ക്രമീകരിച്ചിരിക്കുന്നത്.
സൗദി അറേബ്യയിലെ പ്രാദേശിക കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ച സൗദി കാപ്പിയും അടക്കമുള്ള കാര്‍ഷികോത്പന്നങ്ങളും ഇവിടത്തെ പ്രത്യേകതയാണ്.
സൗദി അറേബ്യയില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു. ലുലു ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ സൗദി അറേബ്യയിലെ വിപണി ഏറെ പ്രധാനപ്പെട്ട ഒരു പങ്കാണ് വഹിക്കുന്നത്.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പുണ്യ നഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഇരുപതിലധികം പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സൗദിയില്‍ ആരംഭിക്കും. ഇതില്‍ അഞ്ചെണ്ണം ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിക്കും.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നേതൃത്വത്തിലുള്ള സൗദി ഭരണകൂടം രാജ്യത്തെ വ്യാപാര വാണിജ്യ രംഗങ്ങളില്‍ ധീരമായ നടപടികളാണ് സ്വീകരിക്കുന്നത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖ സാമ്പത്തിക ശക്തികളിലൊന്നാകാന്‍ സൗദി അറേബ്യയെ സഹായിക്കുമെന്നും യൂസഫലി പറഞ്ഞു.
ലുലു ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സൈഫി രൂപാവാല, ലുലു സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ്, ലുലു കിഴക്കന്‍ പ്രവിശ്യ റീജിയണല്‍ ഡയറക്ടര്‍ മൊയിസ് നൂറുദ്ദീന്‍ എന്നിവരും സംബന്ധിച്ചു.
Story Highlights: lulu hypermarket grand inauguration in saudi arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here