ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 62 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 62 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ഷാനിഫ് (21) ആണ് പിടിയിലായത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിക്കവേയാണ് ഇയാൾ പിടിയിലായത്. നെടുമ്പാശ്ശേരിയിലും ഇന്ന് 407 ഗ്രാം സ്വർണ്ണം പിടികൂടി. ദുബായിൽ നിന്നെത്തിയ നിഷാദ് എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിയിലായത്. 20 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ( Gold smuggling young man arrested in Calicut Airport ).
കഴിഞ്ഞ 21 മാസത്തിനിടെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയത് റെക്കോർഡ് സ്വർണവേട്ടയാണ്. ഇക്കാലയളവിൽ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത് ഒരു ടൺ സ്വർണമാണ്. നെടുമ്പാശേരി വിമാനതാവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് പുറത്തെത്തിക്കും വഴി പിടികൂടിയ സ്വർണമുൾപ്പടെയാണ് ഇത്.
2021 മാർച്ച് മുതൽ 2022 ഡിസംബർ വരെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ച് കടത്താൻ ശ്രമിച്ച 1003 കിലോ സ്വർണമാണ് എറണാകുളം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടത്താൻ ശ്രമിച്ച് പിടികൂടിയ സ്വർണത്തിന്റെ ഉൾപ്പടെയാണ് ഈ ഞെട്ടിക്കുന്ന കണക്ക്. പ്രിവന്റീവ് വിഭാഗത്തിന് ലഭിക്കുന്ന രഹസ്യവിവരത്തെ പിന്തുടർന്ന് പിടികൂടിയതാണ് ഈ ഒരു ടണ്ണിൽ അധികവും. ഇക്കാലയളവിൽ 1197 കേസുകൾ രജിസ്റ്റർ ചെയ്തത്. സ്വർണ്ണക്കടത്തിന് പിടിയിലായത് 641 പേർ. ഈ ഇരുപത്തിയൊന്ന് മാസത്തിനുള്ളിൽ ഈടാക്കിയ പിഴ 1 കോടി 36 ലക്ഷത്തി ആറായിരത്തി എഴുന്നൂറ്റി ഇരുപത്തിനാല് രൂപ.
2021 മാർച്ച് മുതൽ 2022 ഡിസംബർ വരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം, തൃശൂർ യൂണിറ്റ് പിടികൂടിയത് ഇരുപത്തിയഞ്ചേകാൽ കിലോ സ്വർണമാണ്.16 കേസുകൾ രജിസ്റ്റർ ചെയ്തു. സ്വർണകടത്തിന് 17 പേർ പിടിയിലായി. 2022ൽ കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച് പിടികൂടിയത് 72 കിലോ 816 ഗ്രാം സ്വർണം. 33 സ്വർണക്കടത്തുകാർ പിടിയിലായി.അതിൽ ഒരു വനിതയും ഉൾപ്പെടുന്നു. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിലോ, പൊട്ടിക്കലിലോ കഴിഞ്ഞ വർഷം ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും വിവരവകാശ മറുപടി വ്യക്തമാക്കുന്നു.
Story Highlights: Gold smuggling young man arrested in Calicut Airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here