വനിതാ ലോകകപ്പിൽ ഇന്ത്യ ഇന്ന് അയർലൻഡിനെതിരെ; ജയിച്ചാൽ സെമിയിൽ

വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായക മത്സരം. ഗ്രൂപ്പ് ബിയിൽ അയർലൻഡിനെതിരായ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് മത്സരം. 3 മത്സരങ്ങളിൽ രണ്ട് ജയവും ഒരു തോൽവിയും സഹിതം ഇന്ത്യ രണ്ടാം സ്ഥാനത്താണ്.
ബൗളിംഗ് ആണ് ഇന്ത്യയുടെ പ്രധാന തലവേദന. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തിൽ രേണുക സിംഗും ശിഖ പാണ്ഡെയും രാധ യാദവും ഒഴികെ മറ്റ് ബൗളർമാർ നിരാശപ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടി ആയത്. 4.4 ഓവറിൽ 3 വിക്കറ്റിന് 29 റൺസ് എന്ന നിലയിൽ നിന്നും 10.6 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് എന്ന നിലയിൽ നിന്നും കരകയറി ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് എന്ന സ്കോറിലേക്കെത്തിയത് ഇന്ത്യൻ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിൻ്റെ ദൗർബല്യത്തെ സൂചിപ്പിക്കുന്നു.
റിച്ച ഘോഷിൻ്റെ തകർപ്പൻ ഫോമാണ് ഇന്ത്യയുടെ ഏറ്റവും വലിയ പോസിറ്റീവ്. 3 മത്സരങ്ങളിൽ നിന്ന് 141 സ്ട്രൈക്ക് റേറ്റിൽ 122 റൺസ് നേടിയ റിച്ച ഇതുവരെ പുറത്തായിട്ടില്ല. ബാറ്റിംഗ് നിരയിൽ അഞ്ച്, ആറ് സ്ഥാനങ്ങളിൽ ഇറങ്ങിയിട്ടും ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ താരം നാലാമതുണ്ട്. സ്‌മൃതി മന്ദന ഫോമിലേക്കുയർന്നത് ഇന്ത്യക്ക് ആശ്വാസമാണ്.
അയർലൻഡ് അത്ര മോശം ടീമല്ല. ചില മികച്ച യുവതാരങ്ങൾ ടീമിലുണ്ട്. എങ്കിലും അയർലൻഡിനെതിരെ വിജയിച്ച് സെമിയിലെത്തുകയാവും ഇന്ത്യയുടെ ലക്ഷ്യം.
Story Highlights: womens t20 wc india ireland
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here