മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിട്ട് അഞ്ചാണ്ട്

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. മുക്കാലിയിലെ കടകളില്‍ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് മധുവിനെ ഒരു സംഘം പിടികൂടിയത്. മധുവിന്റെ ഉടുമുണ്ട് ഊരി, കൈകള്‍ ചേര്‍ത്തുകെട്ടി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോളും മധുവിന്റെ ഓര്‍മ്മയിലാണ് കുടുംബം.
ചിണ്ടക്കി ആദിവാസി ഊരിലെ കുറുമ്പ സമുദായക്കാരനായിരുന്നു മധു. വീട്ടില്‍ നിന്ന് അകന്ന് കാട്ടിലെ ഗുഹയില്‍ കഴിഞ്ഞു വരികയായിരുന്നു. 2018 ഫെബ്രുവരി 22നാണ് മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ മധുവിനെ തല്ലി കൊന്നത്. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും നീതി തേടി അലയുകയാണ് ഈ ആദിവാസി കുടുംബം. വിചാരണ തുടങ്ങാന്‍ തന്നെ വര്‍ഷങ്ങളെടുത്ത കേസില്‍ അപ്രതീക്ഷിതമായ പല സംഭവങ്ങളും നടന്നു.
കേസില്‍ നിരവധി സാക്ഷികള്‍ കൂറുമാറി. മധുവിന്റെ ബന്ധുക്കള്‍ ഉൾപ്പെടെ 127 സാക്ഷികളില്‍ 24 പേര്‍ കൂറുമാറി. ഒപ്പം കുടുംബത്തിന് നേരെ നിരന്തര ഭീഷണികൾ. എന്നാൽ മകൻ്റെ കൊലയാളികളെ നിയമം കൊണ്ട് നേരിടുമെന്ന് അമ്മ മല്ലിയും സഹോദരി സരസുവും പറയുന്നു. മധു മരിച്ചതിന്റെ അഞ്ചാം വര്‍ഷത്തില്‍ കേസില്‍ കോടതി അന്തിമ വാദത്തിലേക്ക് കടക്കുകയാണ്. അവസാന ഘട്ടത്തിലെ വൈകിയ വേളയിലും കോടതിയിൽ വിശ്വാസം അർപ്പിക്കുകയാണ് മധുവിന്റെ കുടുംബം. കേസിൽ അടുത്ത മാസം വിധി പ്രസ്താവം ഉണ്ടാകാനാണ് സാധ്യത.
Story Highlights: It has been five years since Madhu was beaten to death by a mob
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here