‘അസുഖത്തെ കുറിച്ച് മറ്റുള്ളവർ അറിയുന്നതിൽ സുബിക്ക് താത്പര്യമില്ലായിരുന്നു’; കലാഭവൻ ഷാജോൺ

ഏറെ വർഷങ്ങളായി സ്‌റ്റേജ് ഷോകളിലും പരിപാടികളിലും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള വ്യക്തികളാണ് അന്തരിച്ച ഹാസ്യതാരം സുബി സുരേഷും നടൻ കലാഭവൻ ഷാജോണും. സുബിയുടെ അസുഖത്തെ കുറിച്ച് അറിയുന്ന ചുരുക്കം ചെലരിൽ ഒരാളായിരുന്നു ഷാജോൺ. ( kalabhavan shajon about subi suresh )
‘ഞങ്ങളെല്ലാവരുടേയും കൂടെ ഒരുപാട് വർഷം പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. ബാക്ക് സ്റ്റേജിൽ മേക്ക് അപ്പിന് ഹെൽപ് ചെയ്യാനും മറ്റും കൂടെയുള്ളവരുടെ ഒപ്പം നിൽക്കുന്ന വ്യക്തിയായിരുന്നു സുബി സുരേഷ്. കുറച്ച് അടുത്ത സുഹൃത്തുക്കൾക്ക് സുബിയുടെ ഈ അസുഖത്തെ കുറിച്ച് അറിയാമായിരുന്നു. ഒരപാട് ആളുകൾ ഇതറിയുന്നത് അവൾക്ക് താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അത് സ്‌പ്രെഡ് ചെയ്യാതിരുന്നത്. എത്രയും പെട്ടെന്ന് തന്നെ സുബി സുഖപ്പെട്ട് വരുമെന്നാണ് കരുതിയിരുന്നത്. രാവിലെ വിയോഗ വാർത്ത കേട്ടപ്പോൾ ഞെട്ടിപ്പോയി’ – കലാഭവൻ ഷാജോൺ പറഞ്ഞു.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം. ഇന്ന് സുബിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിക്കും. നാളെ വരാപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി സ്‌കിറ്റുകൾ അവതരിപ്പിച്ച് കോമഡി റോളുകളിൽ തിളങ്ങിയ താരമാണ് സുബി സുരേഷ്. കോമഡി പരമ്പരയിലൂടെയും സിനിമാലയിലൂടെയും സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്.
Story Highlights: kalabhavan shajon about subi suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here