കാലുമാറി ശസ്ത്രക്രിയ; നടക്കാവ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

കോഴിക്കോട് നാഷണൽ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയിൽ നടക്കാവ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ( police begins probe on wrong leg operation )
കക്കോടി സ്വദേശിനി സജ്നയുടെ ഇടതുകാലിന് പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. ആരോഗ്യ മന്ത്രിക്കും ഡി.എം.ഒ യ്ക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. നടക്കാവ് പൊലീസിന്റെ സഹായത്തോടെ നാഷണൽ ആശുപതിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത സജ്നയെ തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു വർഷം മുൻപ് വാതിലിൽ കുടുങ്ങിയാണ് സജ്നയുടെ വലതുകാലിന്റെ ഞെരമ്പിന് പരുക്കേറ്റത്. ശസ്ത്രക്രിയ വേണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഇടത് കാലിന്റെ പരിശോധന പൂർത്തിയാക്കി ഇന്നലെ അനസ്തേഷ്യ നൽകി. ബോധം തെളിഞ്ഞപ്പോഴാണ് കാലുമാറിയ കാര്യം സജ്ന അറിയുന്നത്. വീഴ്ച പറ്റിയെന്ന് ഡോക്ടർ സമ്മതിച്ചെന്ന് മകൾ പറയുന്നു.
എന്നാൽ ആരോപണങ്ങൾ ആശുപത്രി അധികൃതരും ശസ്ത്രക്രിയ നടത്തിയ അസ്തിരോഗ വിദഗ്ധനും തള്ളി. വലത് കാലിന് ഭാഗികമായി തകരാറുണ്ടായിരുന്നുവെന്ന് ഡോ.ബഹിർഷാൻ പറയുന്നു. ചെറിയ പ്രശ്നം ആദ്യം പരിഹരിച്ച ശേഷം രണ്ടാമത് ഇടത് കാലിലെ വലിയ പ്രശ്നം പരിഹരിക്കാമെന്ന് കരുതിയെന്നും ഡോക്ടർ വ്യക്തമാക്കി. കുടുംബത്തോട് കാര്യങ്ങൾ പറഞ്ഞിരുന്നുവെന്നും അവർക്ക് മനസിലാകാത്തതാണെന്നും ബഹിർഷാൻ പറഞ്ഞു.
Story Highlights: police begins probe on wrong leg operation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here