വനിതാ ടി-20 ലോകകപ്പ് സെമിഫൈനൽ ഇന്ന്; ഇന്ത്യ ഓസ്ട്രേലിയക്കെതിരെ

വനിതാ ടി-20 ലോകകപ്പിലെ ആദ്യ സെമി ഇന്ന്. കേപ്പ്ടൗണിലെ ന്യൂലാൻഡ്സിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ കരുത്തരായ ഓസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് മത്സരം. ലോകകപ്പിൽ 5 തവണ കിരീടം നേടുകയും എല്ലാ എഡിഷനിലും സെമിയിലെത്തുകയും ചെയ്ത ഓസ്ട്രേലിയ കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോല്പിച്ചാണ് ജേതാക്കളായത്. അതുകൊണ്ട് തന്നെ ഓസ്ട്രേലിയയെ മറികടക്കുക എന്നത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. (womens t20 india australia)
സ്മൃതി മന്ദന, റിച്ച ഘോഷ്, ഒരു പരിധി വരെ ജമീമ റോഡ്രിഗസ് എന്നിവരൊഴികെ ഷഫാലിയും ഹർമൻപ്രീത് കൗറുമടക്കമുള്ള ബാറ്റർമാർ ഫോമൗട്ടാണ്. ഇതിനൊപ്പം ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിൻ്റെ പ്രകടനങ്ങളിലും ആശങ്കയുണ്ട്. അയർലൻഡിനെതിരെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്മൃതിയുടെ ഇന്നിംഗ്സ് ആണ് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്. അതും സ്മൃതിയെ ഏഴ് തവണ അയർലൻഡ് താഴെയിട്ടു. റൺസ് വരുന്നില്ല എന്നതിനപ്പുറം ഇന്ത്യയുടെ ഡോട്ട് ബോളുകൾ തലവേദനയാണെന്ന് ക്യാപ്റ്റൻ ഹർമൻ തുറന്നുപറഞ്ഞു. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയിട്ടും അയർലൻഡ് ബാറ്റർമാർ തിരിച്ചടിച്ചതും ഇന്ത്യയുടെ ആശങ്ക വർധിപ്പിക്കുന്നതാണ്. അയർലൻഡിനെതിരെ പോലും പതറിയ ടീം ഓസ്ട്രേലിയക്കെതിരെ എങ്ങനെ പിടിച്ചുനിൽക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ബാറ്റർമാർ അഗ്രസീവ് ശൈലി സ്വീകരിക്കുകയും ബൗളർമാർ കൃത്യതയോടെ പന്തെറിയുകയും ചെയ്തെങ്കിലേ ഇന്ത്യക്ക് സാധ്യതയുള്ളൂ.
Read Also: മാക്സ്‌വലും മാർഷും തിരികെയെത്തി; ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു
മറുവശത്ത് വർഷങ്ങളായി തുടർന്നുവരുന്ന അപ്രമാദിത്വം ഓസ്ട്രേലിയയെ വളരെ അപകടകാരികളാക്കുന്നുണ്ട്. ഐസിസി റാങ്കിംഗിൽ ലോക ഒന്നാം നമ്പർ ടി-20 ബാറ്ററായ തഹിലിയ മഗ്രാത്ത് ലോകകപ്പിൽ ഇറങ്ങുന്നത് അഞ്ചാം നമ്പറിലും ആറാം നമ്പരിലുമൊക്കെയാണ്. അത്ര കരുത്തരാണ് ഓസീസ് ടീം. ബെത്ത് മൂണി, മെഗ് ലാനിംഗ്, എലിസ് പെറി, ആഷ്ലി ഗാർഡ്നർ, ഗ്രേസ് ഹാരിസ് തുടങ്ങിയ ബാറ്റർമാരും മേഗൻ ഷട്ട്, അലാന കിങ്ങ്, അന്നബെൽ സതർലൻഡ് തുടങ്ങി ബൗളർമാരും ഇവരിലെ തന്നെ ഓൾറൗണ്ടർമാരുമൊക്കെ ചേർന്ന് ഓസ്ട്രേലിയയെ വളരെ കരുത്തുറ്റ ടീമാക്കുന്നു. അതായത് തുടരെ വിക്കറ്റെടുത്തെങ്കിൽ മാത്രമേ ഓസ്ട്രേലിയയെ പിടിച്ചുനിർത്താനാവൂ എന്നർത്ഥം. ഒരു ബൗളിംഗ് യൂണിറ്റ് എന്ന നിലയിൽ നിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യക്ക് അത് വളരെ പ്രയാസമാവും.
Story Highlights: womens t20 world cup semi india australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here