സമ്മേളനാനന്തരം സിപിഐയിൽ സംഭവിക്കുന്നത്; കടുംവെട്ട് തുടർന്ന് കാനം, ഇ. ചന്ദ്രശേഖരന്റെ തിരുത്ത്
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കോട്ടയം സ്വദേശിയാണ്. അസിസ്റ്റന്റ് സെക്രട്ടറിമാരിൽ ഒരാളായ ഇ. ചന്ദ്രശേഖരൻ കാസർഗോഡ് സ്വദേശിയും. നാടുകൾ തമ്മിൽ വലിയ ദൂരമുണ്ടെങ്കിലും നിലപാടുകളുടെ കാര്യത്തിൽ കാനത്തിന്റെ കൂടെത്തന്നെയുണ്ടായിരുന്നു ഇ.ചന്ദ്രശേഖരൻ എന്നും. എന്നാൽ, കഴിഞ്ഞ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ കാനത്തോട് വിയോജിച്ചു ഇ. ചന്ദ്രശേഖരൻ. സമ്മേളനത്തോടെ വെട്ടിനിരത്തിയ കാനം വിരുദ്ധ ചേരിക്ക് എതിരെ വീണ്ടും പകപോക്കലിന് ഒരുങ്ങുന്നതിനെയാണ് ഇ ചന്ദ്രശേഖരൻ വിമർശിച്ചത്. ( CPI Political Story conflict between E. Chandrasekharan and Kanam ).
കാനത്തിന്റെ അടുപ്പക്കാർ മാത്രമുള്ള സംസ്ഥാന എക്സിക്യൂട്ടിവിൽ നിന്ന് ആ വാർത്ത പുറത്തുവന്നുവെന്നതും പ്രധാനപ്പെട്ടതാണ്. അപ്പോൾ ഒരു കാര്യം വ്യക്തമാകുന്നുണ്ട്. സിപിഐയിലെ വിഭാഗീയത അടഞ്ഞ അധ്യായമല്ല. എതിർചേരിയിൽ അവശേഷിക്കുന്നവരെ വെട്ടിനിരത്താനുള്ള കാനത്തിന്റെ ആവേശത്തെയാണ് ഇ.ചന്ദ്രശേഖരൻ വിമർശിച്ചത്. കാനം പക്ഷത്തിന്റെ നിലപാടുകൾക്ക് എതിരെ ശബ്ദമുയർത്തിയവരെ തെരഞ്ഞുപിടിച്ച് അച്ചടക്കം പഠിപ്പിക്കാൻ ഇറങ്ങുമ്പോൾ പാർട്ടിക്ക് പരുക്ക് പറ്റുമെന്ന മുന്നറിയിപ്പാണ് ഇ.ചന്ദ്രശേഖരൻ നൽകിയത്. അത് തള്ളുകയോ കൊള്ളുകയോ ചെയ്യാം. പാർട്ടിയാണ് വലുതെന്ന് കരുതുന്നുവെങ്കിൽ ഇ.ചന്ദ്രശേഖരന്റെ വാക്കുകൾ മുഖവിലയ്ക്ക് എടുക്കേണ്ടതാണ്. പക്ഷേ, കാനം അതിന് തയാറാകില്ലെന്നതാണ് കേരളത്തിലെ സിപിഐയിലെ അടുത്തകാലത്തെ അനുഭവം.
ഇ. ചന്ദ്രശേഖരന്റെ വിമർശനത്തിന് ആധാരമെന്ത്
പത്തനംതിട്ട ജില്ലാ സെക്രട്ടറി എം പി ജയന്റെ മരുമകന്റെ ഉടമസ്ഥതയിലുള്ള ഫാമിനെതിരെ പാർട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. പരാതി അന്വേഷിക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ കെ.കെ.അഷ്റഫിനെ ചുമതലപ്പെടുത്തി. തെളിവെടുപ്പിന് എത്തിയ കെ.കെ.അഷ്റഫിന് മുന്നിൽ ആവശ്യമായ രേഖകൾ എ പി ജയനും മരുമകനും കൈമാറി. രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതായി കെ.കെ.അഷ്റഫ് തന്നെ പറയുന്ന ശബ്ദരേഖ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ആ ശബ്ദരേഖയിൽ അത് മാത്രമല്ലുള്ളത്. പ്രതികാര നടപടിയുടെ ഭാഗമായിട്ടാണ് എ പി ജയന് എതിരായ പരാതിയെന്ന് ബോധ്യപ്പെട്ടതായും കെ.കെ.അഷ്റഫ് വ്യക്തമാക്കുന്നുണ്ട്.
പരാതിയിൽ കഴമ്പില്ലെന്ന് ആദ്യം നിലപാടെടുത്ത കെ.കെ.അഷ്റഫ് പിന്നീടെങ്ങനെ മലക്കം മറിഞ്ഞു എന്നതാണ് ചോദ്യം. അവിടെയാണ് കാനംവിരുദ്ധ പക്ഷ നേതാവായ എ പി ജയന് എതിരെ പ്രതികാരനടപടിക്ക് ഒരുങ്ങുകയല്ലേ എന്ന ചോദ്യം ഉയരുന്നത്. കെ.കെ.അഷ്റഫ് ഉൾപ്പെട്ട നാലംഗ കമ്മീഷനെയാണ് അന്വേഷണത്തിനായി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചത്. കൊല്ലത്ത് നിന്നുള്ള ആർ രാജേന്ദ്രൻ, മുൻ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, കേരള മഹിളാസംഘം സംസ്ഥാന ജനറൽ സെക്രട്ടറി പി.വസന്തം എന്നിവരാണ് അന്വേഷണ കമ്മീഷനിലെ മറ്റ് അംഗങ്ങൾ. നാലുപേരും കാനത്തിന്റെ വിശ്വസ്തരാണ്.
പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയന് എതിരെ മാത്രമല്ല കാനത്തിന്റെ പടയൊരുക്കം. മുൻ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന് എതിരെയും നീക്കമുണ്ട്. ജില്ലാ സമ്മേളനത്തിൽ കാനംപക്ഷത്തിന് കനത്ത തിരിച്ചടി നേരിട്ട ജില്ലയാണ് ഇടുക്കി. സംസ്ഥാന നേതൃത്വം നിർദേശിച്ച ഇ.എസ്.ബിജിമോൾ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റിരുന്നു. ഇ.എസ്. ബിജിമോളെ ജില്ലാ സെക്രട്ടറിയാക്കുന്നതിനോട് കെ.കെ.ശിവരാമനും അനുകൂല നിലപാടായിരുന്നില്ല. വൻ ഭൂരിപക്ഷത്തിനാണ് കാനംവിരുദ്ധ ചേരിയിലെ കെ.സലിംകുമാർ വോട്ടെടുപ്പിൽ വിജയിച്ചത്. സംസ്ഥാന നേതൃത്വം നിർദേശിച്ച ഇ.എസ്.ബിജിമോളെ പിന്തുണയ്ക്കാത്തതിൽ കെ.കെ.ശിവരാമനോട് സംസ്ഥാന നേതൃത്വത്തിന്
അതൃപ്തിയുണ്ട്.
നേരത്തേ, രവീന്ദ്രൻ പട്ടയ വിഷയത്തിലും സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് എതിരെ കെ.കെ.ശിവരാമൻ രംഗത്ത് എത്തിയിരുന്നു.ജയന്തി ദിനത്തിൽ പാർട്ടി മുഖപത്രമായ ജനയുഗം ശ്രീനാരായണ ഗുരുവിന് വേണ്ടത്ര പ്രാമുഖ്യം നൽകാതിരുന്നതിനെയും കെ.കെ.ശിവരാമൻ വിമർശിച്ചിരുന്നു. ഈ രണ്ട് വിഷയങ്ങളിലും അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന കെ.കെ.ശിവരാമന് എതിരെ അച്ചടക്ക നടപടി എടുത്തിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോൾ കെ.കെ.ശിവരാമന് ജില്ലാ കൗൺസിൽ ഇടപെട്ട് സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങി നൽകിയതിന് എതിരെയാണ് കാനത്തിന്റെ പുതിയ നീക്കം. നിലവിൽ എൽഡിഎഫ് ജില്ലാ കൺവീനറും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായ കെ.കെ.ശിവരാമന് വാഹനം വാങ്ങി നൽകാനുള്ള തീരുമാനം 2022 സെപ്റ്റംബറിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിന്റേതാണ്.
(ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് വാഹനം വാങ്ങി നൽകാൻ തീരുമാനിച്ചത് ). ഈതീരുമാനം സംസ്ഥാന കൗൺസിലിനെ അറിയിച്ചില്ലെന്നാണ് പരാതി. അത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് വാദം. ജില്ലാ കൗൺസിൽ യോഗത്തിന്റെ ഔദ്യോഗിക മിനുട്സിൽ രേഖപ്പെടുത്തിയ ഒരു കാര്യത്തെ കുറിച്ചാണ് കൂടുതൽ വിശദീകരണം തേടിയിരിക്കുന്നതെന്നതും പ്രതികാര നടപടിയല്ലേ എന്ന സംശയം ഉയർത്തുന്നുണ്ട്.
എ പി ജയനും കെ കെ ശിവരാമനും എതിരായ പരാതികളുടെ പശ്ചാത്തലമാണ് മുകളിൽ സൂചിപ്പിച്ചത്. ഇതിനെതിരെയാണ് ഇ.ചന്ദ്രശേഖരൻ ശബ്ദമുയർത്തിയത്. സമ്മേളനകാലത്ത് ഉയർന്ന ഭിന്നതയുടെ പേരിൽ പരാതിയും അന്വേഷണവും നടത്തുന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കുമെന്നാണ് ഇ.ചന്ദ്രശേഖരൻ തുറന്നടിച്ചത്. കാനം വിരുദ്ധ ചേരിക്ക് എതിരായ പ്രതികാര നടപടിയാണ് അന്വേഷണവും വിശദീകരണം തേടലുമെന്ന് ഇ.ചന്ദ്രശേഖരന്റെ വിമർശനത്തോടെ വ്യക്തമാകുന്നുണ്ട്.
കാനത്തിന്റെ വെട്ടിനിരത്തലുകൾ
കാനംപക്ഷത്തുള്ളവർക്ക് വേണ്ടി പാർട്ടി തീരുമാനങ്ങളും പെരുമാറ്റച്ചട്ടവും ലംഘിക്കപ്പെടാറുണ്ടെന്ന് വിരുദ്ധചേരി ചൂണ്ടിക്കാണിക്കുന്നുണ്ട്.
നിലവിൽ പാലക്കാട് ജില്ലാ സെക്രട്ടറിയായ കെ.പി.സുരേഷ് രാജിന് കിട്ടുന്ന പ്രത്യേക പരിഗണനയാണ് കാനംവിരുദ്ധ ചേരി ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ജില്ലാ സെക്രട്ടറിമാർ മത്സരിക്കേണ്ടെന്ന തീരുമാനമാണ് സംസ്ഥാന കൗൺസിൽ എടുത്തത്. മത്സരിക്കണമെങ്കിൽ ജില്ലാ സെക്രട്ടറി സ്ഥാനം രാജി വയ്ക്കണമെന്നും തീരുമാനിച്ചു. മണ്ണാർക്കാട് മണ്ഡലത്തിൽ മത്സരിക്കുന്നതിന് വേണ്ടി കെ.പി.സുരേഷ് രാജ് ജില്ലാ സെക്രട്ടറി സ്ഥാനം രാജിവച്ചു. സംസ്ഥാനത്ത് എൽഡിഎഫ് വലിയ വിജയം നേടിയപ്പോഴും പട്ടാമ്പിയിൽ തുടർജയം നേടിയപ്പോഴും മണ്ണാർക്കാട് വലിയ ഭൂരിപക്ഷത്തിൽ കെ.പി.സുരേഷ് രാജ് തോറ്റു. വീണ്ടും ഭരണം കിട്ടിയപ്പോൾ കാംകോ കോർപറേഷന്റെ ചെയർമാനാക്കി കെ.പി.സുരേഷ് രാജിനെ. പിന്നാലെ ജില്ലാ സമ്മേളനം വന്നപ്പോൾ വീണ്ടും ജില്ലാ സെക്രട്ടറിയാക്കി. നിലവിൽ കാംകോ ചെയർമാൻ സ്ഥാനവും ജില്ലാ സെക്രട്ടറി സ്ഥാനവും ഒരുമിച്ച് വഹിക്കുകയാണ് കാനത്തിന്റെ വിശ്വസ്തനായ കെ.പി.സുരേഷ് രാജെന്ന് കാനംവിരുദ്ധ ചേരിക്കാർ ചൂണ്ടിക്കാണിക്കുന്നു. ആരോപണത്തിൽ കഴമ്പുണ്ട് താനും. ഒരാൾക്ക് ഒരു പദവിയെന്ന നിർദേശം കാനംപക്ഷക്കാർക്ക് ബാധകമല്ലേയെന്ന ചോദ്യമാണ് വിരുദ്ധർ ഉയർത്തുന്നത്.
ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന് ശേഷം പുതിയ എക്സിക്യൂട്ടിവിനെ തെരഞ്ഞെടുത്തപ്പോഴും വെട്ടിനിരത്തലുകൾ നടന്നു. മുൻ മന്ത്രിയും തൃശൂരിൽ നിന്നുള്ള ജനകീയ നേതാവുമായ വി.എസ്.സുനിൽകുമാറിനെ ഒഴിവാക്കി. കാനംവിരുദ്ധ ചേരിയുടെ ഭാഗമായിരുന്നത് കൊണ്ടാണ് ഒഴിവാക്കൽ എന്ന വിമർശനമാണ് ഉയർന്നത്. തൃശൂരിൽ നിന്ന് മറ്റ് നേതാക്കൾ ഉണ്ടായിരുന്നത് കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നാണ് വാർത്താ സമ്മേളനത്തിൽ കാനം രാജേന്ദ്രൻ നൽകിയ വിശദീകരണം. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന പാർട്ടി നയം അട്ടിമറിക്കപ്പെട്ടെന്ന വിമർശനവും അന്നുയർന്നതാണ്. മൂന്ന് ജില്ലാ സെക്രട്ടറിമാരാണ് ഇത്തവണ സ്ഥാനം ഒഴിഞ്ഞത്. അതിൽ കോഴിക്കോട്, കോട്ടയം ജില്ലാ സെക്രട്ടറിമാരെ സംസ്ഥാന എക്സിക്യൂട്ടിവിലുൾപ്പെടുത്തി. ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന കെ.കെ.ശിവരാമനെ തഴഞ്ഞു. പതിനാറ് വർഷം ഇടുക്കിയിൽ ജില്ലാ സെക്രട്ടറിയായിരുന്ന നേതാവിനെ എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്താത്തതിന് കാരണവും വിഭാഗീയത തന്നെയെന്നാണ് ഉയരുന്ന വിമർശനം.
സമ്മേളനാനന്തരം സംഭവിക്കുന്നത്
കാനംവിരുദ്ധർക്ക് മേൽക്കൈ ഉണ്ടായിരുന്ന എറണാകുളം ജില്ലാ കൗൺസിൽ സംസ്ഥാന സെക്രട്ടറി നേരിട്ട് എത്തിയാണ് പിടിച്ചെടുത്തത്. ഏലൂരിൽ നടന്ന ജില്ലാ സമ്മേളനത്തിൽ വോട്ടെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്നത് തെളിഞ്ഞതാണ്. കാനം രാജേന്ദ്രന്റെ മുന്നിൽവച്ച് ഗ്രൂപ്പുയോഗം ചേർന്നത് ചൂണ്ടിക്കാട്ടിയിട്ടും തടഞ്ഞില്ലെന്ന പരാതിയും അന്നുയർന്നിരുന്നു. ജില്ലയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളെ തീരുമാനിക്കുന്നതിലും വോട്ടെടുപ്പ് നടന്നു. മുൻ ജില്ലാ സെക്രട്ടറി പി.രാജു ഉൾപ്പെടെയുള്ളവർ പുറത്തായത് ഈ വോട്ടെടുപ്പിലാണ്. സമ്മേളനത്തിന് ശേഷം കാനംവിരുദ്ധരുടെ കൈവശമുണ്ടായിരുന്ന അങ്കമാലി മണ്ഡലം കമ്മിറ്റി പിരിട്ടുവിട്ടതും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സമ്മേളനത്തിൽ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. വ്യാജ പരാതി ഉണ്ടാക്കി പാർട്ടി ഭരണഘടന അട്ടിമറിക്കുകയാണ് സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾ ചെയ്തതെന്നാണ് അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ മുൻ സെക്രട്ടറിയുടെ ആരോപണം. പാർട്ടിയുടെ ദേശീയ കൺട്രോൾ കമ്മീഷന് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ പൂതംകുറ്റി ബ്രാഞ്ച് കമ്മിറ്റിയിലും മലയാറ്റൂർ മേഖലയിലെ ബ്രാഞ്ച് കമ്മിറ്റിയിലും പലരെയും മെമ്പർഷിപ്പിൽ നിന്ന് വെട്ടിനിരത്തിയതായി ഇതിനോടകം പരാതി ഉയർന്നിട്ടുണ്ട്. വെട്ടിനിരത്തലിന് എതിരെ കൺട്രോൾ കമ്മീഷനെ സമീപിച്ചാലും നീതി കിട്ടില്ലെന്ന് കാനം പക്ഷത്തെ പ്രമുഖ നേതാവ് പറയുന്ന ശബ്ദരേഖയും ഇതിനോടകും പുറത്തുവന്നിട്ടുണ്ട്. പുഴയും കായലുമൊക്കെ നികത്തി ഇനി തങ്ങൾ കാശുണ്ടാക്കുമെന്നാണ് നേതാവിന്റെ വെളിപ്പെടുത്തൽ .
ജില്ലയിൽ ഭൂമിതരംമാറ്റലുമായി ബന്ധപ്പെട്ട് ചില നേതാക്കൾക്ക് എതിരെ ആരോപണം ഉയർന്നിരുന്നു. ജില്ലയിൽ നിന്നുള്ള യുവജന സംഘടനാ നേതാവും റവന്യുമന്ത്രിയുടെ അടുപ്പക്കാരനുമായ ഒരാൾക്ക് എതിരെയാണ് ആരോപണം ഉയരുന്നത്.സിനിമാ ബന്ധം ഉപയോഗിച്ച് അഴിമതിപ്പണം മറയ്ക്കുന്നുവെന്നും ജില്ലയിലെ കാനംവിരുദ്ധർ ആരോപിക്കുന്നുണ്ട്. യുവജന സംഘടനയുടെ സംസ്ഥാന നേതാവിന്റെ അടുപ്പക്കാരന്റെ നിലംനികത്തുമെന്നുള്ള ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതെല്ലാം ചൂണ്ടിക്കാണിച്ച് കൊണ്ടാണ് സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം കാനംവിരുദ്ധ ചേരി ഉയർത്തുന്നത്. എന്നാൽ, സംസ്ഥാന കൺട്രോൾ കമ്മിഷനിലെത്തുന്ന പരാതികളിൽ നീതി കിട്ടില്ലെന്നുള്ളതിന് തെളിവാണ് ജില്ലയിലെ കാനംപക്ഷ നേതാവിന്റെ ശബ്ദരേഖയെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്.
പാലക്കാടൻ പോര്
സമ്മേളനത്തിന് പിന്നാലെ പാലക്കാട് ജില്ലയിലും കാനംവിരുദ്ധർക്ക് എതിരെ കൂട്ട അച്ചടക്ക നടപടിയുണ്ടായി. ആലത്തൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിലെ 12 പേരെയാണ് പുറത്താക്കിയത്. പിന്നാലെ വടക്കഞ്ചേരിയിൽ കൂട്ടരാജിയുണ്ടായി. അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ എട്ടുപേരാണ് രാജിവച്ചത്. ഇവരിൽ എഐടിയുസിയുടെ ജില്ലാ നേതാവുൾപ്പെടെയുള്ളവരുണ്ട്. പകപോക്കലിന്റെ ഭാഗമായി പുറത്താക്കപ്പെട്ടവരിൽ മുതിർന്ന നേതാവ് കെ ഇ ഇസ്മയിലിന്റെ മകൻ കെ ഇ ബൈജുവുമുണ്ട്. ജൂൺ മാസത്തിൽ നടന്ന ആലത്തൂർ മണ്ഡലം സമ്മേളനത്തിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് പുറത്താക്കലെന്നാണ് പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം ഉയർത്തി പ്രതിഷേധിച്ചതിനാണ് നടപടിയെടുത്തതെന്നും കാനംവിരുദ്ധ ചേരിയും ആരോപിക്കുന്നു.
നിലപാടുകൾ ഉയർത്തി വിയോജിക്കുന്നവരെ വെട്ടിനിരത്തി മുന്നേറിയാൽ പാർട്ടിയാണ് ഇല്ലാതാവുകയെന്ന ഇ.ചന്ദ്രശേഖരന്റെ വിമർശനം
സിപിഐയിൽ എന്തെങ്കിലും മാറ്റമുണ്ടാക്കുമോയെന്ന് കണ്ടറിയാം. വെട്ടിനിരത്താൻ കഴിയുന്ന മൃഗീയ ഭൂരിപക്ഷം സംസ്ഥാന എക്സിക്യൂട്ടീവിലും കൗൺസിലിലും കാനത്തിനുണ്ട്. വെട്ടിനിരത്തലിൽ കാനം ജയിക്കുമായിരിക്കും. നല്ല നേതാക്കൾ ഇല്ലാതാകുമ്പോൾ പാർട്ടിയാണ് തോൽക്കുന്നതെന്ന ഇ.ചന്ദ്രശേഖരന്റെ വാക്കുകൾ സിപിഐയെ നേർവഴിക്ക് നയിക്കുമോ.
Story Highlights: CPI Political Story conflict between E. Chandrasekharan and Kanam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here