ഇസ്രായേലില്‍ കാണാതായ ബിജു കുര്യന്‍ നാളെ തിരിച്ചെത്തും; കൃഷിമന്ത്രി പി.പ്രസാദ്

നൂതന കൃഷിരീതികള്‍ പഠിക്കാന്‍ ഇസ്രായേലിലേക്ക് പോയ സംഘത്തിലെ കര്‍ഷകര്‍ ബിജു കുര്യന്‍ നാളെ നാട്ടിലേക്ക് മടങ്ങിയെത്തും. ബിജുവിന്റെ സഹോദരന്‍ ഇക്കാര്യം കൃഷിമന്ത്രി പി പ്രസാദിനെ വിളിച്ചറിയിക്കുകയായിരുന്നു. എന്നാല്‍ ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇസ്രായേലില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.(Biju Kurian missing in Israel will return to kerala tomorrow)
ടെല്‍ അവീവില്‍ നിന്ന് ബിജു പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സര്‍ക്കാര്‍ പ്രതിനിധി സംഘത്തിലെ ആളെന്ന നിലയില്‍ ബിജുവിനെ കാണാതായത് ഏറെ ഗൗരവമുള്ള വിഷയമാണെന്ന് മന്ത്രി പറഞ്ഞു. ‘അദ്ദേഹത്തിന്റെ കുടുംബം പോലും പരാതിയൊന്നും നല്‍കാത്തതുകാരണമാണ് അവരും കൂടി അറിഞ്ഞുകൊണ്ട് മുങ്ങിയതാണെന്ന് ആദ്യം പറഞ്ഞത്. ബിജുവിനെ നാട്ടിലെത്തിക്കുന്നതുവരെ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കൃഷിമന്ത്രി വ്യക്തമാക്കി.
‘ബിജു തിരിച്ചുവന്നാലും പ്രതികാര നടപടിയെന്ന നിലയിലൊന്നും കൈകാര്യം ചെയ്യില്ല. ഇസ്രായേലിലേക്ക് പോയ സംഘത്തിലെ കര്‍ഷകരെ മാതൃകാ കര്‍ഷകരായി(മാസ്റ്റര്‍ ഫാര്‍മേഴ്‌സ്) ആയി പ്രഖ്യാപിക്കും. അവരുമായി ഒരു കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇസ്രായേലിലെ കൃഷിരീതിയില്‍ കണ്ട യന്ത്രമാതൃകയടക്കം കേരളത്തില്‍ നടപ്പിലാക്കാന്‍ പോകുകയാണ്.
ബിജു കുര്യനും തിരികെ വന്ന് അവിടെ പഠിച്ച കാര്യങ്ങളൊക്കെ പ്രാവര്‍ത്തികമാക്കട്ടെ. നല്ല കര്‍ഷകനായി അദ്ദേഹം വീണ്ടും കേരളത്തിലുണ്ടാകട്ടെയെന്നും അതിന് എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
Read Also: നടപടിക്രമങ്ങളിൽ വീഴ്ചയില്ല, ബിജുകുര്യന് ഇസ്രായേലിലേക്ക് പോകാൻ യോഗ്യതയുണ്ട്; കൃഷി വകുപ്പ്
ആധുനിക കൃഷിരീതി പരിശീലനത്തിനായി ഈ മാസം 12നാണ് കര്‍ഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചത്. സംഘത്തിലെ 27 കര്‍ഷകരില്‍ ഒരാളായ കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ബിജുവിനെ കഴിഞ്ഞ വെള്ളിയാഴ്ച കാണാതാവുകയായിരുന്നു. 17ന് തിയതി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ സംഘത്തില്‍ നിന്നും ബിജുവിനെ കാണാതാവുകയായിരുന്നു. ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും മറ്റൊരു ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനായി പോയപ്പോഴാണ് ഇയാളെ കാണതായത്.
Story Highlights: Biju Kurian missing in Israel will return to kerala tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here